Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ടണലിലേക്ക് വെള്ളമടിക്കുന്നത് കുടിവെള്ള വിതരണത്തെ എങ്ങിനെ ബാധിക്കും ?

ഗസ്സയിലെ തുരങ്കങ്ങളിലേക്ക് തങ്ങളുടെ സൈന്യം കടല്‍ വെള്ളം പമ്പ് ചെയ്യുമെന്ന് ഇസ്രായേല്‍ ഈ ആഴ്ച അറിയിച്ചിരുന്നു. ഇത് അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതും ഉപരോധ ഫലസ്തീന്‍ മുനമ്പില്‍ ഗുരുതരമായതും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നതാണെന്നാണ് പരിസ്ഥിതി വാദികള്‍ പറയുന്നത്. പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള യു.എസ്, ഇസ്രായേലി, ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പമ്പിംഗ് നടക്കുന്നുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗാസയ്ക്കെതിരായ യുദ്ധത്തില്‍ ഹമാസിന്റെ തുരങ്കങ്ങള്‍ക്കെതിരെ ”വലിയ അളവിലുള്ള വെള്ളം അവയിലേക്ക് കടത്തിവിടുന്നത് ഉള്‍പ്പെടെ”.
തങ്ങളുടെ ”പുതിയ കഴിവുകള്‍” ഉപയോഗിക്കുന്നുണ്ടെന്നും ‘ഹമാസിന്റെ ഭൂഗര്‍ഭ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളുടെ ഭീഷണിയെ ചെറുക്കുന്നതിനുള്ള ഒരു പ്രധാന ഉപകരണമാണിത്,’ ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ഇസ്രായേല്‍ വളരെക്കാലമായി ലക്ഷ്യമിടുന്നുണ്ട്. ഒക്ടോബര്‍ 7 ന് ഹമാസ് സായുധ സംഘം ഇസ്രായേലില്‍ നിന്ന് കൊണ്ടുപോയ ആയുധങ്ങളും തടവുകാരും തുരങ്കങ്ങളില്‍ ഉണ്ടെന്നും അവര്‍ വാദിക്കുന്നു.

എന്നാല്‍ തുരങ്കങ്ങളിലേക്ക് കടല്‍വെള്ളം പമ്പ് ചെയ്യാനുള്ള പദ്ധതി ഈ പറഞ്ഞ, തടവുകാരെ രക്ഷിക്കാനുള്ള ഇസ്രായേലിന്റെ ഉദ്ദേശ്യങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു, കൂടാതെ മുനമ്പിലെ ജലവിതരണം ഉള്‍പ്പെടെ ഗസ്സയുടെ ശാശ്വതമായ നാശത്തിനും ഇതു കാരണമാകും.

വെള്ളപ്പൊക്കം എങ്ങനെയാണ് നടക്കുന്നത് ?

അഞ്ചോ ഏഴോ വലിയ വാട്ടര്‍ പമ്പുകള്‍ ഉപയോഗിച്ച് കടല്‍വെള്ളം ഗസ്സയിലെ തുരങ്കങ്ങളിലേക്ക് അടിച്ചുകയറ്റാന്‍ ഇസ്രായേല്‍ സൈന്യം പദ്ധതിയിടുന്നതായി ഡിസംബര്‍ ആദ്യം മുതലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ടായിരുന്നു. വടക്കന്‍ ഗസ്സ മുനമ്പിലെ ഫലസ്തീനികളെ പാര്‍പ്പിച്ച ബീച്ച് സെറ്റില്‍മെന്റായ ഷാതി അഭയാര്‍ത്ഥി ക്യാമ്പിന് വടക്ക് ഇസ്രായേല്‍ സൈന്യം പമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ‘ദി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മോട്ടോറുകള്‍ക്ക് ആയിരക്കണക്കിന് ക്യുബിക് മീറ്റര്‍ കടല്‍ വെള്ളം പമ്പ് ചെയ്യാന്‍ ശേഷിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ പകുതിയോടെ, വീണ്ടും പമ്പിംഗ് ആരംഭിച്ചതായി പേര് വെളിപ്പെടുത്താത്ത യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് WSJ റിപ്പോര്‍ട്ട് ചെയ്തു.

ഈ രീതി എത്രത്തോളം ഫലപ്രദമാണെന്ന് ഇസ്രായേല്‍ സൈന്യം വിലയിരുത്തിയപ്പോള്‍ ആദ്യത്തെ പമ്പിങ് പരിമിതമായിരുന്നെന്നാണ് യുഎസ് ആസ്ഥാനമായ മറ്റൊരു മാധ്യമ പ്രസിദ്ധീകരണമായ എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.

തങ്ങളുടെ തുരങ്കങ്ങള്‍ ഏകദേശം 300-500 കിലോമീറ്റര്‍ (186,310 മൈല്‍) നീളമുണ്ടെന്ന് അവകാശപ്പെടുന്ന ഹമാസ്, ഗസ്സയിലെ ഇസ്രായേല്‍ ഉപരോധം മറികടക്കാനാണ് ഭൂഗര്‍ഭ പാത ഉപയോഗിക്കുന്നത്. ഭക്ഷണവും അവശ്യ സാധനങ്ങളും മരുന്നുകളും ആയുധങ്ങളും കടത്താന്‍ ഫലസ്തീനികള്‍ തുരങ്കങ്ങളുടെ ശൃംഖലയാണ് ഉപയോഗിക്കുന്നത്. അത്തരം ഒരു ശൃംഖല പൂര്‍ണ്ണമായും വെളളം നിറയ്ക്കാനും തകര്‍ക്കാനും ആഴ്ചകളോളം പമ്പിങ് വേണ്ടിവരുമെന്നും ആയിരക്കണക്കിന് ക്യുബിക് മീറ്റര്‍ വെള്ളം ആവശ്യം വരുമെന്നുമാണ് റിപ്പോര്‍ട്ട്.

2007 മുതല്‍ ഫലസ്തീന്‍ പ്രദേശം ഇസ്രായേലിന്റെ വ്യോമ, കര, കടല്‍ ഉപരോധത്തിന് കീഴിലാണ്, 10 കിലോമീറ്റര്‍ (6 മൈല്‍) വീതിയും 41 കിലോമീറ്റര്‍ (25 മൈല്‍) നീളവുമുള്ള ഇടുങ്ങിയ മുനമ്പില്‍ നിന്ന് അകത്തേ്ക്കും പുറത്തേക്കും എന്താണ് പോകേണ്ടതെന്ന് ഇസ്രായേലിന്റെ തീരുമാനമനുസരിച്ചാണ് നടക്കുക.

തുരങ്കങ്ങളില്‍ വെള്ളമടിക്കുന്നത് ഗസ്സയിലെ ജലവിതരണത്തെ ബാധിക്കുമോ ?

തുരങ്കങ്ങളില്‍ വെള്ളം കയറുന്നത് മുനമ്പിലെ 2.3 ദശലക്ഷത്തിലധികം ആളുകള്‍ ആശ്രയിക്കുന്ന ഗസ്സയിലെ ഭൂഗര്‍ഭജലം ശേഖരിക്കുന്ന ജലസംഭരണിയെ തകര്‍ക്കുമെന്ന് പരിസ്ഥിതി വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഗസ്സയിലെ നൂറുകണക്കിന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കങ്ങളിലേക്ക് കടല്‍ജലം പമ്പ് ചെയ്യുന്നത് ജലസ്രോതസ്സുകളിലേക്ക് ഉപ്പുവെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന് ജനീവ ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ മാര്‍ക്ക് സെയ്ടൗണ്‍ അല്‍ ജസീറയോട് പറഞ്ഞു. സാധാരണയായി കുടിവെള്ളത്തിനും പാചകത്തിനും ജലസേചനത്തിനും ഉപയോഗിക്കുന്ന വെള്ളത്തെ ഇത് നശിപ്പിക്കും- ഗസ്സയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ജലവകുപ്പ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന സെയ്തൂണ്‍ പറഞ്ഞു.

എന്തെല്ലാം ജല അപകടങ്ങളാണ് ഫലസ്തീനികള്‍ ഇപ്പോള്‍ നേരിടുന്നത് ?

ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ജല അടിസ്ഥാന സൗകര്യങ്ങള്‍ വളരെക്കാലമായി ദുര്‍ബലമാണ്. സൈനിക ആക്രമണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 9 ന് ഭക്ഷണവും വെള്ളവും നിരോധിക്കുന്നത് ഉള്‍പ്പെടെ ഗസ്സയില്‍ ‘സമ്പൂര്‍ണ ഉപരോധം’ നടത്താന്‍ ഇസ്രായേലിന്റെ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഉത്തരവിട്ടു. പതിറ്റാണ്ടുകളായി, അധിനിവേശ പ്രദേശങ്ങളിലേക്കുള്ള ജലവിതരണം ഇസ്രായേല്‍ നിയന്ത്രിക്കുകയാണ്.

അധിനിവേശ വെസ്റ്റ്ബാങ്കിലെ ഫലസ്തീനികള്‍ക്ക് ഇസ്രായേല്‍ അധികാരികളില്‍ നിന്ന് ലൈസന്‍സ് കിട്ടാതെ പുതിയ കിണറുകളോ ജലസംവിധാനങ്ങളോ നിര്‍മ്മിക്കാന്‍ അനുവാദമില്ല. ഇത് ലഭിക്കുക എന്നത് പലപ്പോഴും പ്രയാസകരമാണ്. വെസ്റ്റ് ബാങ്കില്‍ മഴവെള്ള ശേഖരണം പോലും ഇസ്രായേല്‍ നിരീക്ഷിക്കുന്നുണ്ട്. മാത്രമല്ല, ഇസ്രായേലി പട്ടാളക്കാരും കുടിയേറ്റക്കാരും ഫലസ്തീനികള്‍ക്കുള്ള വെള്ളം വിതരണം ചെയ്യുന്ന അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കുന്നു.

കിഴക്ക് ഇസ്രായേല്‍ മതിലും പടിഞ്ഞാറ് കടലിനാലും ചുറ്റപ്പെട്ട ഗസ്സ മുനമ്പില്‍ കുടിവെള്ളത്തിനും പാചകത്തിനും ശുചീകരണത്തിനും ഉപയോഗയോഗ്യമായ വെള്ളം ലഭിക്കുക എന്നത് എല്ലായ്പ്പോഴും കൂടുതല്‍ സങ്കീര്‍ണ്ണമാണ്. മൂന്ന് കടല്‍ജല ശുദ്ധീകരണ പ്ലാന്റുകള്‍, ഇസ്രായേലില്‍ നിന്ന് നേരിട്ട് പ്രവര്‍ത്തിക്കുന്ന മൂന്ന് പൈപ്പുകള്‍, ശുദ്ധീകരിക്കാത്ത വെള്ളം വലിച്ചെടുക്കുന്ന നിരവധി കിണറുകളും കുഴല്‍ക്കിണറുകളും, ഈജിപ്തില്‍ നിന്ന് ഇറക്കുമതി ചെയ്ത വാട്ടര്‍ പമ്പുകള്‍ എന്നിവയുടെ സംയോജനത്തെയാണ് അവിടെ താമസിക്കുന്നവര്‍ വെള്ളത്തിനായി ആശ്രയിക്കുന്നത്. വലിയ ജനസാന്ദ്രതയുള്ള ഗസ്സക്ക് യുദ്ധത്തിനു മുമ്പ് തന്നെ ഈ വിഭവങ്ങള്‍ പര്യാപ്തമായിരുന്നില്ല.

ജല മലിനീകരണമാണ് കുടിവെള്ള പ്രശ്നങ്ങളുടെ പ്രധാന കാരണം. ഭൂഗര്‍ഭജലം അഴുക്കുചാലുകളില്‍ കലരാതിരിക്കാന്‍ ഗസ്സയിലെ അധികാരികള്‍ സാധാരണയായി നാലോളം മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, 2017 ലെ ആംനസ്റ്റി ഇന്റര്‍നാഷണറിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം ജലസംഭരണികള്‍ അമിതമായി ചൂഷണം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കുകയും മുനമ്പിലെ ജലവിതരണത്തിന്റെ 95 ശതമാനവും മലിനജലമാണെന്ന് പറയുകയും ചെയ്തിരുന്നു.

എന്നിരുന്നാലും ഒക്ടോബര്‍ 7 മുതല്‍, മലിനജലം നിയന്ത്രിക്കാനാകാതെ തെരുവിലേക്ക് ഒഴുകുന്ന അവസ്ഥയാണ്. കൂടാതെ ജലക്ഷാമവും രൂക്ഷമായി. ഇസ്രായേല്‍ ഷെല്ലാക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച ഡീസലൈനേഷന്‍ പ്ലാന്റുകളില്‍ രണ്ടെണ്ണം അടച്ചുപൂട്ടി. ഇസ്രായേലും തങ്ങളുടെ വിതരണ പൈപ്പുകളില്‍ നിന്ന് വെള്ളം വെട്ടിക്കുറച്ചു, പമ്പ് ചെയ്യാനുള്ള ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും അഭാവം കാരണം പല കുഴല്‍ക്കിണറുകളും പ്രവര്‍ത്തിക്കുന്നില്ല. മലിനീകരിക്കപ്പെട്ടതും ചൂട് കൂടിയതുമായ ലോകത്തിലെ ഏറ്റവും കാലാവസ്ഥാ ദുര്‍ബല പ്രദേശങ്ങളിലൊന്നായ ഗസ്സ കൂടുതല്‍ വിഷവസ്തുക്കളെ തുറന്നുകാട്ടിയിട്ടുണ്ടെന്ന് എന്‍.ജി.ഒ പ്രവര്‍ത്തകനായ അമലി ടവര്‍ പറയുന്നു.

ഗസ്സയുടെ ജലസുരക്ഷയുടെ അടുത്തഘട്ടം എന്താണ് ?

റഷ്യ-യുക്രെയ്ന്‍ യുദ്ധം ഉള്‍പ്പെടെയുള്ള പല സംഘട്ടനങ്ങളിലും വെള്ളത്തെ ഒരു യുദ്ധോപകരണമായി ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഗസ്സയിലെ കേസ് ഒരു അപവാദമാണെന്നും, യു.എന്‍ വംശഹത്യ കണ്‍വെന്‍ഷന്‍ ഉള്‍പ്പെടെ ഒന്നിലധികം അന്താരാഷ്ട്ര നിയമങ്ങള്‍ ഇസ്രായേല്‍ ലംഘിക്കുന്നുവെന്നും സെയ്തൂണ്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ്, ഇസ്രായേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ സുപ്രധാനമായ വംശഹത്യ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി പുറപ്പെടുവിച്ചത്. വംശഹത്യ തടയാന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ കോടതി ഇസ്രായേലിനോട് ഉത്തരവിട്ടു. എന്നാല്‍ ഇതുകൊണ്ടൊന്നും ഇസ്രായേല്‍ സൈന്യം ത്ങ്ങളുടെ യുദ്ധ തന്ത്രങ്ങളില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. അതേസമയം, ഗസ്സയിലെ രണ്ട് ദശലക്ഷത്തോളം ഫലസ്തീനികള്‍ ഉപ്പുവെള്ളവും ശുദ്ധീകരിക്കാത്തതുമായ വെള്ളം കുടിക്കാന്‍ നിര്‍ബന്ധിതരാകുന്നു. വെള്ളത്തിന്റെയും സാനിറ്ററി പാഡുകളുടെയും ദൗര്‍ലഭ്യം മൂലം സ്ത്രീകള്‍ ആര്‍ത്തവം വൈകാന്‍ ഗുളികകള്‍ കഴിക്കുകയാണ്.

കൂടാതെ ഇവിടെ ജലജന്യ രോഗങ്ങളും കുതിച്ചുയരുകയാണ്. ഒക്ടോബര്‍ മധ്യത്തിനും ഡിസംബറിനുമിടയില്‍ ഛര്‍ദ്ദി ബാധിച്ച ഗസ്സയിലെ ഫലസ്തീനികളുടെ എണ്ണം 25 മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. 100,000-ത്തിലധികം ഇത്തരം കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ഗസ്സയിലെ കുട്ടികളില്‍ പകുതിയോളം പേര്‍ക്കും ഒരുപക്ഷേ മരണത്തിന് വരെ കാരണമാകുന്ന കടുത്ത നിര്‍ജ്ജലീകരണത്തിനും രോഗപകര്‍ച്ചക്കും കൂടുതല്‍ സാധ്യതയുണ്ട്.

 

 

Related Articles