Current Date

Search
Close this search box.
Search
Close this search box.

‘ഞാന്‍ കരഞ്ഞു, നിസ്സഹായയാണ്; സ്ത്രീകള്‍ പൊതുസ്വത്താണെന്നാണ് മണിപ്പൂരിലെ മനോഭാവം’

മണിപ്പൂര്‍ കലാപത്തില്‍ പ്രതികരിച്ച് പ്രമുഖ മണിപ്പൂര്‍ ആക്റ്റിവിസ്റ്റ് ഇറോം ചാനു ശര്‍മിള. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെയാണ് അവര്‍ മണിപ്പൂര്‍ സംഘര്‍ഷത്തെക്കുറിച്ചും അവിടെ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചും പ്രതികരിച്ചത്.

ലേഖനത്തില്‍ നിന്ന്

കഴിഞ്ഞ ദിവസം പൊതുജനങ്ങളുടെ ഇടയില്‍ രണ്ട് സ്ത്രീകള്‍ അപമാനിക്കപ്പെട്ട വീഡിയോ കണ്ട് ഞാന്‍ തകര്‍ന്നു പോയി. സംഭവിച്ചതിന്റെ മനുഷ്യത്വമില്ലായ്മയെ ന്യായീകരിക്കാനോ അതില്‍ നിന്നും ഒഴിഞ്ഞുമാറാനോ കഴിയില്ല. ഈ സംഭവം ചില ഗഹനമായ പ്രശ്നങ്ങള്‍ മുന്നിലേക്ക് കൊണ്ടുവരുന്നു. മണിപ്പൂരിലെ പൊതുജീവിതത്തിലും പ്രതിഷേധങ്ങളിലും സ്ത്രീകള്‍ക്ക് ഒരു പ്രധാന പങ്കുണ്ട്. അത് ഇമാ കെയ്‌ഥെലിന്റെ (സ്ത്രീകളുടെ വിപണി) അല്ലെങ്കില്‍ മീരാ പൈബിസിന്റെയോ അല്ലെങ്കില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ നൂപി ലാലോ ആകട്ടെ. എന്നിരുന്നാലും, സംസ്ഥാനത്തെ നിലവിലെ യാഥാര്‍ത്ഥ്യം വ്യത്യസ്തമാണ്, സംസ്ഥാനത്തെ സ്ത്രീകള്‍ കടുത്ത അടിച്ചമര്‍ത്തലിന് വിധേയരായിട്ടുള്ളവരാണ്.

എനിക്ക് എന്റെ സ്വന്തം അനുഭവത്തില്‍ നിന്ന് തന്നെ അക്കാര്യങ്ങള്‍ സംസാരിക്കാന്‍ കഴിയും. 16 വര്‍ഷം നീണ്ട നിരാഹാര സമരത്തില്‍ വെള്ളം പോലും കുടിക്കാത്ത ഞാന്‍ പിന്നീട് ഒരു പ്രതീകമായി ചുരുങ്ങി. എന്റെ പോരാട്ടങ്ങള്‍ക്കിടയിലും ആളുകള്‍ എന്നെ ‘വെറും ഒരു സ്ത്രീ’ ആയി കാണുമെന്ന് എനിക്ക് തോന്നി. സ്ത്രീകള്‍ സംസ്ഥാനത്തിന്റെ (മണിപ്പൂരിന്റെ) പൊതു സ്വത്തായിട്ടാണ് എനിക്ക് തോന്നിയത്. സ്ത്രീകളോട് ആളുകള്‍ക്കുള്ള മനോഭാവം അതാണ്. എന്റെ സമരത്തെ സംബന്ധിച്ചിടത്തോളം, സായുധ സേനയുടെ പ്രത്യേക അധികാര നിയമം റദ്ദാക്കപ്പെടുമോ ഇല്ലയോ എന്നത് മാത്രമായിരുന്നു ആശങ്ക. സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ സ്ത്രീകളെയാണ് എപ്പോഴും ലക്ഷ്യമിടാറുള്ളത്. ഇത് എന്റെ സ്വന്തം അനുഭവത്തില്‍ നിന്ന് എനിക്കറിയാവുന്ന കാര്യമാണ്. ഒരു സ്ത്രീക്ക് മാത്രമേ മറ്റൊരു സ്ത്രീയുടെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കാന്‍ കഴിയൂ.

മൂന്ന് മാസം മുമ്പ് മണിപ്പൂരില്‍ അക്രമം തുടങ്ങിയത് മുതല്‍, ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന ബംഗളൂരുവില്‍ നിന്നും മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പിന്തുടരുന്നുണ്ടായിരുന്നു. സംഘര്‍ഷത്തെക്കുറിച്ച് ആദ്യം കേട്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടില്ല. മണിപ്പൂര്‍ ഒരു ബഹുമുഖ-വംശീയ, ബഹുമുഖ-സാംസ്‌കാരിക സമൂഹമാണ്. സംസ്ഥാനത്തെ വിവിധ സമുദായങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ വളരെ ആഴത്തിലുള്ളതും വളരെക്കാലമായി നിലനില്‍ക്കുന്നതുമാണ്. സംഭവത്തെക്കുറിച്ച് ഞാന്‍ മണിപ്പൂരിലെ ഒരു മെയ്തി സുഹൃത്തിനോട് സംസാരിക്കുകയും എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. പിന്നീട് ഞാന്‍ ബംഗളൂരുവിലെ ഒരു കുക്കി സുഹൃത്തിനോട് സംസാരിച്ചു. ഇരുവരും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ് പ്രകടിപ്പിച്ചത്.

മണിപ്പൂരിനോടുള്ള അവഗണന ഇപ്പോഴുണ്ടായതല്ല, ദശാബ്ദങ്ങളായി വടക്കുകിഴക്കന്‍ മേഖലകളോട് പ്രത്യേകിച്ചും മണിപ്പൂരിനോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയാണ് ഞങ്ങള്‍ ഈ നിലയിലെത്താനുള്ള ഒരു കാരണം എന്ന് എനിക്ക് തോന്നുന്നു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ സംസ്ഥാനത്തെ അവഗണിക്കുകയും മണിപ്പൂരിലോ സമുദായങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടുപോലുമില്ല.

കുക്കികള്‍ ഭൂമി കയ്യേറുന്നുവെന്നും മ്യാന്‍മറില്‍ നിന്ന് ധാരാളം അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നുമുള്ള ആരോപണം പ്രശ്നകരമാണ്.
കുടിയേറ്റക്കാര്‍ അഭയാര്‍ത്ഥികളാണ്, അവര്‍ സ്വന്തം രാജ്യത്തെ അടിച്ചമര്‍ത്തലില്‍ നിന്നും അക്രമങ്ങളില്‍ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്യുന്നതിനാലാണ് മണിപ്പൂരില്‍ എത്തിയത്. നമ്മള്‍ ഈ വിഷയത്തെ കൂടുതല്‍ സെന്‍സിറ്റീവായി കാണേണ്ടതുണ്ട് – കുടിയേറ്റക്കാരോട് മാനുഷികമായി പെരുമാറേണ്ടതുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കുടിയേറ്റ പ്രശ്നം കൂടുതല്‍ നന്നായി കൈകാര്യം ചെയ്യണമായിരുന്നു.

മണിപ്പൂരിലെ മുഴുവന്‍ പ്രശ്‌നവും യഥാര്‍ത്ഥത്തില്‍ ഭൂമിയെ ചുറ്റിപ്പറ്റിയാണെന്ന് തോന്നുന്നു. പക്ഷേ, മരിക്കുമ്പോള്‍ തങ്ങളുടേതായ ഒരു തുണ്ട് ഭൂമി പോലും കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ജനങ്ങള്‍ തിരിച്ചറിയണം. കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂരിലെ ജനങ്ങളോട് മാതാപിതാക്കളുടെ വാത്സല്യത്തോടെയാമ് ഇടപെടേണ്ടത്. അവര്‍ അവരുടെ കുടുംബത്തിന്റെ ഭാഗമാണെന്നത് പോലെ, തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ എല്ലാ സമൂഹത്തോടും കൂടിയാലോചിക്കണം. ഇവിടെയാണ് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പരാജയപ്പെട്ടത്. നേതൃത്വത്തിന്റെ അഭാവമാണ് ഇത് കാണിക്കുന്നത്. തങ്ങളുടെ തീരുമാനങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം സംസ്ഥാന സര്‍ക്കാര്‍ കുക്കി സമുദായത്തിന്റെ നേതാക്കളുമായി കൂടിയാലോചിക്കണമായിരുന്നു.

അഫ്സ്പയ്ക്കെതിരായ എന്റെ പോരാട്ടം മണിപ്പൂരിലെ എല്ലാ ജനങ്ങള്‍ക്കും വേണ്ടിയായിരുന്നു. സംസ്ഥാനത്തെ എല്ലാ സമുദായങ്ങള്‍ക്കും കുക്കികള്‍, നാഗ വിഭാഗങ്ങള്‍, മെയ്തികള്‍ എന്നിവര്‍ക്കെല്ലാം വേണ്ടിയായിരുന്നു. അത് മെയ്തികള്‍ക്ക് മാത്രമായിരുന്നില്ല. 2004ന് ശേഷം, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇംഫാല്‍ നഗരത്തില്‍ നിന്ന് അഫ്‌സ്പ നീക്കം ചെയ്തപ്പോള്‍, അന്ന് മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ് എന്നെ തടവുകാരനായി പാര്‍പ്പിച്ച ആശുപത്രിയില്‍ കാണാന്‍ വന്നിരുന്നു. എന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ അദ്ദേഹം എന്നോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മുതിര്‍ന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവരും എന്റെ സമരം ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ ആ സമയത്ത് ഞാന്‍ അവരോട് ചോദിച്ചു. താഴ്‌വരകളുടെയും ഗോത്രവര്‍ഗക്കാരുടെയും കാര്യമോ? അഫ്‌സ്പ നീക്കം ചെയ്തതിന്റെ ആനുകൂല്യം അവര്‍ക്ക് ലഭിക്കില്ല. സംസ്ഥാനത്തുടനീളം അഫ്സ്പ നീക്കം ചെയ്യുന്നത് വരെ എന്റെ സമരം തുടരുമെന്ന് ഞാന്‍ അവരോട് പറഞ്ഞു.

ഇപ്പോള്‍ ഈ വാര്‍ത്ത കാണുമ്പോള്‍ എനിക്ക് നിസ്സഹായത തോന്നുന്നു. മറ്റുള്ളവരെ അപമാനിക്കുകയും ലൈംഗികാതിക്രമം ചെയ്യുകയും ചെയ്യുന്ന അവരുടെ പ്രവൃത്തിയിലൂടെ, കുറ്റവാളികള്‍ എന്താണ് നേടാന്‍ ശ്രമിച്ചത്?

(സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്‌സ്പ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷമായി നിരാഹാര സമരം നടത്തിയ മണിപ്പൂര്‍ ആക്റ്റിവിസ്റ്റാണ് ഇറോം ചാനു ശര്‍മിള.)

അവലംബം: ഇന്ത്യന്‍ എക്‌സ്പ്രസ്
വിവ: സഹീര്‍ വാഴക്കാട്

Related Articles