Current Date

Search
Close this search box.
Search
Close this search box.

വെണ്ണപ്പാളി പറന്നകലുമ്പോള്‍

1992 ലെ പ്രസിദ്ധമായ ഇന്ദിരാസാഹ്നി- ഭാരതസര്‍ക്കാര്‍ കേസിലൂടെയാണ് രാജ്യത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ വെണ്ണപ്പാളി അഥവാ ക്രീമിലെയര്‍ എന്ന പ്രയോഗം സജീവമാകുന്നത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒ ബി സി വിഭാഗങ്ങള്‍ക്ക് അനുവദിച്ച 27 ശതമാനം സംവരണത്തില്‍ നിന്നും പിന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ പുറത്താക്കുകയാണ് പ്രസ്തുത വിധിയിലൂടെ ഇന്ത്യയുടെ പരമോന്നത കോടതി ചെയ്തത്. സംവരണത്തിന്റെ അടിസ്ഥാന ലക്ഷ്യത്തെ തന്നെ നിരാകരിക്കുകയാണ് പിന്നാക്ക സമുദായങ്ങളിലെ വെണ്ണപ്പാളിക്ക് സംവരണ നിഷേധിക്കുന്നതിലൂടെ എന്ന വിമര്‍ശനം അന്നുമുതല്‍ നിലനില്‍ക്കുന്നുണ്ട്. സാമ്പത്തിക നില സംവരണത്തിന്റെ മാനദണ്ഢമായി തീര്‍ന്നു എന്നതാണ് ഈ വിധിയിലൂടെ സംഭവിച്ചത്.

സാമുഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ഏതൊരു സമുദായത്തെയും മുന്നോട്ട് നയിക്കുക ആ സമുദായത്തില്‍ സാമ്പത്തികമായി മെച്ചപ്പെട്ടു നില്‍ക്കുന്നവരായിരിക്കും. സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കവസ്ഥയോട് സാമ്പത്തിക കരുത്ത് കൊണ്ട് മല്ലിടാനുള്ള ശ്രമം നടത്താന്‍ അവര്‍ക്കാവുന്നു. ഉദ്യോഗസ്ഥ, വിദ്യാഭ്യാസ മേഖലയില്‍ പ്രസ്തുത സമുദായത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നത് ഈ ക്രീമിലെയര്‍ വിഭാഗത്തിന്റെ സാന്നിധ്യമാണ്. അത് ആ സമുദായത്തിന്റെ മൊബിലൈസേഷന് കാരണമാവുകയും ചെയ്യുന്നു. ഇത് ചരിത്രത്തിലുടനീളം സമൂഹങ്ങളില്‍ കാണുന്ന യാഥാര്‍ഥ്യമാണ്. ഈ മൊബിലൈസേഷന്‍ സാധ്യതയെ റദ്ദു ചെയ്തു എന്നതാണ് നോണ്‍ ക്രീമിലെയറിന് മാത്രം സംവരണം എന്ന വിധിയിലെ അനീതി. ഉന്നത വിദ്യാഭ്യാസ തൊഴില്‍ മേഖലയില്‍ ഇത് പ്രകടമായി മനസ്സിലാക്കാനാവും. ഉദാഹരണത്തിന് മെഡിക്കല്‍, എഞ്ചിനീയറിംങ്, സിവില്‍ സര്‍വീസ് തുടങ്ങിയ മേഖലകളെടുക്കുക. ഈ രംഗത്ത് ഉദ്ദേശിച്ച നിലയിലെത്താന്‍ ദീര്‍ഘനാളത്തെ പഠനവും പരിശീലനവും തയാറെടുപ്പും അനിവാര്യമാണ്. ദീര്‍ഘനാളത്തെ പഠനവും പരിശീലനവും തയാറെടുപ്പും നടത്താന്‍ സന്നദ്ധതയുള്ള എല്ലാവര്‍ക്കും അതിനാവണമെന്നില്ല. അതിനാവശ്യമായ പണം മുടക്കാന്‍ ശേഷിയുള്ള കുടുംബവും രക്ഷിതാക്കളും അവര്‍ക്കുണ്ടാവണം. അതായത് പിന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് ഇവിടെ സാധ്യതയുള്ളത്. അത്തരക്കാരെ പൂര്‍ണമായും ഒബിസി ക്രീമിലെയര്‍ എന്ന് പറഞ്ഞ് ഒഴിവാക്കും. അവശേഷിക്കുന്ന തുച്ഛം പേര്‍ക്കാണ് സംവരണം ലഭിക്കുക. ബാക്കി പിന്നാക്ക സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയും പിന്നീട് മറ്റുള്ളവര്‍ കൊണ്ടുപോവുകയും ചെയ്യുന്നു. ആരാണ് കൊണ്ടുപോകുന്നതെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. ഏത് മേഖലയിലും ഈ പ്രവണത കാണാവുന്നതാണ്. ഈ സാമൂഹിക യാഥാര്‍ഥ്യത്തിലേക്ക് നോക്കിയില്ല എന്നതാണ് ഇന്ദിരാ സാഹ്നി കേസില്‍ കോടതി ചെയ്ത അനീതി. പിന്നാക്ക വിഭാഗങ്ങളും സാമൂഹിക നീതിയില്‍ തല്‍പരരുമായവര്‍ ഈ വിധിക്കെതിരെ രംഗത്തുവരാനുള്ള കാരണവും അതാണ്.

എന്നാല്‍ മാറിയ സാഹചര്യത്തില്‍ നമ്മുടെ സമൂഹത്തിലുണ്ടായ പുതിയ ചില പ്രവണതകള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. മേല്‍പറഞ്ഞ വെണ്ണപ്പാളി ഇപ്പോള്‍ എവിടെയാണ്? തൊഴിലും വിദ്യാഭ്യാസവും തേടി അവര്‍ ഇന്ന് വിദേശത്തേക്ക് പറക്കുകയാണ്. 1960 കള്‍ക്ക് മുമ്പേ ആരംഭിച്ച ശ്രീലങ്ക, സിങ്കപ്പൂര്‍, മലേഷ്യ, ഗള്‍ഫ് നാടുകളിലേക്കുള്ള പ്രവാസത്തെ കുറിച്ചല്ല ഇപ്പറയുന്നത്. ഉപജീവനമാര്‍ഗം തേടിയും ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ വേണ്ടിയും നടത്തിയ പ്രവാസം പോലെയല്ല പുതിയ കുടിയേറ്റം. ഗള്‍ഫ് പ്രവാസി തിരിച്ചെത്തിയിരുന്നു. ജീവിതത്തിന്റെ മിച്ച കാലം അവരിവിടെ തന്നെയുണ്ടായിരുന്നു. ഇപ്പോള്‍ യുറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള സഞ്ചാരമാണ്. അവിടേക്ക് വിദ്യാഭ്യാസത്തിന് പോയവര്‍ വിദ്യാഭ്യാസം അവസാനിക്കുന്നതോടെ തിരിച്ചുവരില്ല. അവര്‍ അവിടെ തൊഴില്‍ ചെയ്യുന്നവരായിരിക്കും. അവരുടെ മക്കളും അവിടേക്ക് ചേക്കെറുന്നതോടെ നാട്ടിലേക്കുള്ള തിരിച്ചുവരവ് ഇനിയില്ല. മെച്ചപ്പെട്ട തൊഴിലും ഗുണമേന്‍മയുള്ള വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടതും ലഭ്യമാകാതിരുന്നതുമാണ് ഈ യൂറോപ്യന്‍ കുടിയേറ്റത്തിന് പ്രധാന കാരണം. ഉയര്‍ന്ന സാമൂഹിക പരിഗണന, തുടര്‍ന്നും അവിടെ തുടരാനുള്ള സാധ്യത തുടങ്ങിയവയാണ് മറ്റു കാരണങ്ങള്‍.

അധ്യാപകരും മാതാപിതാക്കളും വിദ്യാര്‍ഥികളോടും തൊഴിലന്വേഷകരോടും ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് വിദേശങ്ങളിലേക്ക് കടക്കാനാണ്. വിദേശ വിദ്യാഭ്യാസ, തൊഴിലവസരങ്ങള്‍ വിശദീകരിക്കുന്ന എക്‌സ്‌പോകളും പരിശീലനക്യാമ്പുകളും കേരളത്തില്‍ കുത്തനെ ഉയര്‍ന്നു. ട്യൂഷന്‍ സെന്ററുകളെ അനുസ്മരിപ്പിക്കുന്ന വിധം വിദേശ ഭാഷ പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഇന്ന് ചെറുനഗരങ്ങളില്‍ പോലും പരസ്പരം മല്‍സരിക്കുന്നു. ഓണ്‍ലൈനില്‍ ഭാഷാപഠനം നടത്തുന്നവര്‍ വേറെയും.

ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പഠനത്തിന് പോകുന്നവരുടെ വിവിധ വര്‍ഷങ്ങളിലെ കണക്ക് പരിശോധിച്ചാലറിയാം കുതിക്കുന്ന കുടിയേറ്റത്തിന്റെ വേഗം:
2016 – 3,71,508
2017 – 4,56,823
2018 – 5,20,342
2019 – 5,88,931
2020 – 2,61,406
2021 – 4,44,553
2022 – 1,33,135 (ആദ്യത്തെ മൂന്ന് മാസം വരെ)
(സോഴ്‌സ്:ബ്യൂറോ ഓഫ് എമിഗ്രേഷന്‍)

പാര്‍ലമെന്റില്‍ വെച്ച കണക്ക് പ്രകാരം കേരളത്തില്‍ നിന്നും വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഇപ്രകാരമാണ്.
2016 – 18,428
2017 – 22,093
2018 – 26,456
2019 – 30,948
2020 – 15,277 (കോവിഡ്)
2021 – 5,040 (ആദ്യ രണ്ട് മാസം വരെ)

ഈ കൂടുമാറ്റത്തിനെ വലിയ ആവേശത്തോടെയാണ് പൊതുവെ സമുദായങ്ങള്‍ വിലയിരുത്തുന്നത്. വലിയ സാമ്പത്തിക ചെലവുള്ളതും ഈടുവെപ്പ് ആവശ്യമുള്ളതുമാണ് യുറോപ്യന്‍/ അമേരിക്കന്‍ രാജ്യങ്ങളിലെ പഠനം. സമൂഹത്തിലെ സാമ്പത്തിക ഭദ്രതയുള്ളവര്‍ക്കേ അതിന് കഴിയൂ. ഇപ്പോള്‍ നടക്കുന്ന കുടിയേറ്റം സാമ്പത്തികമായ ഏറ്റക്കുറച്ചിലുകളെ വ്യക്തമായി പതിഫലിക്കുന്നുണ്ട്. സമൂഹത്തിന്റെ മേല്‍പാളിക്ക് പൂര്‍ണമായും ഈ കുടിയേറ്റം മേല്‍ക്കൈ നല്‍കുന്നു. അതിനാലാണ് സമുദായങ്ങളിലെ വെണ്ണപ്പാളിയാണ് വിദേശങ്ങളിലേക്ക് പറക്കുന്നത് എന്ന് പറയാനുള്ള കാരണം. ഇവരുടെ സമുദായാടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമല്ലെങ്കിലും എല്ലാ വിഭാഗത്തിലും പെട്ട ക്രീമിലെയര്‍ രാജ്യം വിടുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇത് ഏറെ ബാധിക്കുക പിന്നാക്ക സമുദായങ്ങളെയായിരിക്കും. ഉദ്യോഗസ്ഥ, വിദ്യാഭ്യാസ മേഖലയില്‍ നിന്ന് നിയമം അവരെ അകറ്റിയെങ്കില്‍, വരും കാലത്ത് നമ്മുടെ നാട്ടിലെ പിന്നാക്ക സമുദായങ്ങളില്‍ തന്നെ ക്രീമിലെയര്‍ അപ്രത്യക്ഷമാകും. ക്രീമിലെയറിന്റെ അസാന്നിധ്യം പിന്നാക്ക സമുദായങ്ങളെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കാവുന്ന മികച്ച ഉദാഹരണം ചരിത്രത്തിലുണ്ട്. രാജ്യത്തിന്റെ വിഭജനത്തിന് ശേഷം പാക്കിസ്ഥാനിലേക്ക് പലായനം ചെയ്തതില്‍ വലിയൊരു വിഭാഗം മുസ്‌ലിം സമുദായത്തിന്റെ വെണ്ണപ്പാളിയായിരുന്നു. കലാപങ്ങളെയും വര്‍ഗീയ ലഹളകളെയും കൂടി മാറ്റിവെച്ചാല്‍ ഇന്ന് കാണുന്ന ഉത്തരേന്ത്യന്‍ മുസ്‌ലിം സമുദായമാണ് നോണ്‍ ക്രീമിലെയര്‍.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles