Current Date

Search
Close this search box.
Search
Close this search box.

ആശുപത്രികള്‍ക്ക് നേരെയുള്ള ബോംബാക്രമണം പ്രോത്സാഹിപ്പിക്കുന്ന ഇസ്രായേലി ഡോക്ടര്‍മാര്‍

ഇസ്രായേലില്‍ ജോലി ചെയ്യുന്ന മൂന്ന് ഫലസ്തീന്‍ ഡോക്ടര്‍മാര്‍ അല്‍ജസീറയില്‍ എഴുതിയ കുറിപ്പാണിത്. ശാരീരികവും തൊഴില്‍പരവുമായ ഇസ്രായേലി പ്രതികാരത്തെ ഭയന്ന് അവര്‍ സുആദ്, ലെയ്‌ല, സമീര്‍ എന്നീ സങ്കല്‍പനാമത്തിലാണ് ഇവിടെ എഴുതിയത്.

 

”പാശ്ചാത്യ ധാര്‍മ്മികത മുതലെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗസ്സ നിവാസികള്‍, ആശുപത്രികളെ തീവ്രവാദങ്ങളുടെ കേന്ദ്രമാക്കി മാറ്റാമെന്ന് കരുതുന്നവരാണ്. അവരുടെ നാശം അവര്‍ സ്വയം വരുത്തിവെച്ചതാണ്. തീവ്രവാദം എല്ലായിടത്തും ഏതുവിധേനയും ഇല്ലാതാക്കണം. ഒരു ആശുപത്രിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ഭീകരരുടെ ആസ്ഥാനം ആക്രമിക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്, മാത്രമല്ല ഐ.ഡി.എഫിന്റ കടമയും കൂടിയാണ്”

ഒറ്റ നോട്ടത്തില്‍, ഇത് തീവ്രവാദികളോ മതഭ്രാന്തന്മാരോ എഴുതിയ വാക്യങ്ങളാണെന്ന് ഒരാള്‍ക്ക് തോന്നിയേക്കാം, ഇത് ഒരു സൈന്യത്തിന് ആശുപത്രികളില്‍ ബോംബിടാന്‍ അനുമതിയും പ്രോത്സാഹനവും നല്‍കുന്ന പ്രസ്താവനയാണ്. ഞെട്ടിപ്പിക്കുന്ന കാര്യം എന്തെന്നാല്‍, ഈ പ്രസ്താവന ഡസന്‍ കണക്കിന് ഇസ്രായേലി ഡോക്ടര്‍മാര്‍ പരസ്യമായി ഒപ്പിട്ടതും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതും ആണ്. പ്രസ്താവനക്കെതിരെ ഉടനടിയുള്ള പ്രതിഷേധത്തിനും അപലപനത്തിനും പകരം, ഫലസ്തീനിയന്‍ ആശുപത്രികളില്‍ ‘നിയമാനുസൃതമായി’ ബോംബ് വെക്കണമോ വേണ്ടയോ എന്ന രീതിയിലാണ് ഈ പ്രസ്താവന ഇസ്രായേല്‍ മെഡിക്കല്‍ കമ്മ്യൂണിറ്റിക്കുള്ളില്‍ പൊതുചര്‍ച്ചയായത്.

ഇസ്രായേലി ഹെല്‍ത്ത് കെയര്‍ സംവിധാനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ആറ് ഫലസ്തീന്‍ ഡോക്ടര്‍മാരാണ് ഞങ്ങള്‍. ഞങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന സഹപ്രവര്‍ത്തകരില്‍ ചില ഇസ്രായേല്‍ ഡോക്ടര്‍മാരുടെ പ്രസ്താവനകള്‍ ഞങ്ങളെ വേദനിപ്പിക്കുന്നു. ഗസ്സ മുനമ്പിലെ ആശുപത്രികളില്‍ ബോംബ് സ്ഥാപിക്കാന്‍ ഇസ്രായേല്‍ സൈന്യത്തോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു എന്നാണ് ഇസ്രായേലി ഡോക്ടര്‍മാര്‍ പറഞ്ഞത്.

നിര്‍ഭാഗ്യവശാല്‍, അത് ഞങ്ങളെ ആശ്ചര്യപ്പെടുത്തിയെന്ന് പറയാനാവില്ല. ഇവിടുത്തെ ഡോക്ടര്‍മാര്‍ ഇത്തരം സമ്പ്രദായത്തില്‍ പരിശീലനം നേടുകയും പരിശീലിക്കുകയും ചെയ്തവരാണ്. അറബികളും ജൂതന്മാരുമെല്ലാം മെഡിക്കല്‍ മേഖലയില്‍ യോജിപ്പിലും ബഹുമാനത്തിലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു എന്ന തെറ്റായ പ്രതിച്ഛായയാല്‍ മറയ്ക്കപ്പെട്ട വംശീയത, സൈനികത, കാപട്യം എന്നിവയെക്കുറിച്ച് നമുക്ക് കൃത്യമായി അറിയാം.

ഗസ്സയിലെ കൂട്ടക്കൊലകള്‍ അരങ്ങേറുന്ന സമയത്ത് നമ്മുടെ ഇസ്രായേലി സഹപ്രവര്‍ത്തകര്‍ പുറത്തിറക്കിയ കത്ത്, ഇസ്രായേലി ആരോഗ്യ സംവിധാനം യഥാര്‍ത്ഥത്തില്‍ എങ്ങനെയുള്ളതാണ് എന്നതിന്റെ ഒരു ഉദാഹരണമാണ്. ചില ഡോക്ടര്‍മാര്‍ നാണമില്ലാതെയും പരസ്യമായും സൈന്യത്തിനെ പിന്തുണക്കുന്ന ഉത്തരവാദിത്വം സ്വീകരിക്കുന്ന ഒരു സംവിധാനമാണിത്.

അവര്‍ തങ്ങളുടെ സ്ഥാനവും തൊഴിലും ജീവന്‍ രക്ഷിക്കാനും ഇരുവശത്തുമുള്ള സാധാരണക്കാരിലുണ്ടാകുന്ന യുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളെ കുറിച്ചും സമാധാനപരമായ ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പ്രസംഗിക്കാനുമല്ല ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ആശുപത്രികള്‍ക്കെതിരായ ആക്രമണങ്ങളെ സാധൂകരിക്കാന്‍ സഹ ഡോക്ടര്‍മാരെയും രോഗികളെയും കൊല്ലുകയാണെന്ന് അവര്‍ക്ക് നന്നായി അറിയാമായിരുന്നു.

നിരപരാധികളായ ഫലസ്തീന്‍ സിവിലിയന്‍മാരെ കൊന്നൊടുക്കുന്നതിനും ഉപരോധം ശക്തമാക്കുന്നതിനും ഞങ്ങളുടെ ജൂത സഹപ്രവര്‍ത്തകര്‍ ആഹ്ലാദിക്കുന്നത് നിശബ്ദമായി നോക്കിനില്‍ക്കെ, ഞങ്ങള്‍ ഹമാസിനെ അപലപിക്കുകയും ദേശസ്‌നേഹികളായ ഇസ്രായേലി സൈനികരുടെ കൂടെ ചേരുകയും ചെയ്യുമെന്നാണ് അവര്‍ പ്രതീക്ഷിച്ചിരുന്നത്.

ഗസ്സ മുനമ്പിലെയും വെസ്റ്റ് ബാങ്കിലെയും മരണസംഖ്യയെയും തകര്‍ച്ചയെയും കുറിച്ചുള്ള വിനാശകരമായ വാര്‍ത്തകള്‍ കേട്ടാണ് ഞങ്ങള്‍ എല്ലാ ദിവസവും ജോലിസ്ഥലത്തേക്ക് പോകുന്നത്. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍, ‘എല്ലാം ഒ.കെ’ എന്ന മുഖംമൂടി ഞങ്ങള്‍ ധരിക്കുകയും ഞങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ദൈനംദിന ആത്മാര്‍ത്ഥതയുടെ സൂക്ഷ്മപരിശോധനയുമെല്ലാം ഞങ്ങള്‍ സഹിക്കുകയും ചെയ്യുന്നു.

കോഫിക്കായുള്ള ഇടവേളകളില്‍, ഞങ്ങളുടെ ഇസ്രായേല്‍ സഹപ്രവര്‍ത്തകര്‍ ‘ഗാസയെ അടിച്ചുപരത്തുന്നു’ എന്നൊക്കെയുള്ള വാചകങ്ങള്‍ ഒഴിവാക്കുകയും അവിടുത്തെ ജനങ്ങളെ കുടിയിറക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും അത് കേള്‍ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു.

ന്യായമായ കാരണമില്ലാതെ നമ്മുടെ ഫലസ്തീനിയന്‍ സഹപ്രവര്‍ത്തകരെ ചോദ്യം ചെയ്യുകയും ജോലിയില്‍ നിന്ന് പുറത്താക്കുകയും അപമാനിക്കുകയും ചെയ്യുന്നതും നാം കാണുന്നു. ഞങ്ങള്‍ ജോലി ചെയ്യുന്ന ആശുപത്രികളും ക്ലിനിക്കുകളും എങ്ങനെയാണ് അച്ചടക്ക വേദികളായി മാറിയതെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം.

ഒരു ‘സാധാരണ’ സ്ഥലത്ത് വെച്ച്, തെരുവില്‍ വെച്ചും യുദ്ധവും കൂട്ടക്കൊലകളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും സമാധാനപരമായ പരിഹാരത്തിനായി ഞങള്‍ വാദിക്കുകയും ചെയ്യും. ആരോഗ്യ പ്രവര്‍ത്തകര്‍, സാധാരണക്കാര്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കു നേരെയുള്ള മനുഷ്യത്വരഹിതമായ ആക്രമണങ്ങളെ അപലപിക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ തൊഴിലും സ്ഥാനവും ഉപയോഗിക്കുന്നു.

ഞങ്ങള്‍ പക്ഷം പിടിക്കുന്നതിനെക്കാള്‍ വളരെ സങ്കീര്‍ണ്ണമാണ് ഗസ്സയിലെ അവസ്ഥകള്‍ എന്ന് ഞങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കുന്നു, ഇസ്രായേലിയോ ഫലസ്തീനോ ആകട്ടെ നഷ്ടപ്പെടുന്ന ഓരോ ജീവനും ദുരന്തമാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ചരിത്രം ആരംഭിച്ചത് ഒക്ടോബര്‍ 7ന് അല്ലെന്നും നമ്മുടെ സഹപ്രവര്‍ത്തകരായ ഇസ്രായേലി ഡോക്ടര്‍മാരുടെ പൂര്‍ണ്ണമായ അംഗീകാരവും പങ്കാളിത്തവും കൊണ്ട് പതിറ്റാണ്ടുകളായി നമ്മുടെ ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നുവെന്നും നമുക്കറിയാം.

അനധികൃത ഇസ്രായേലി കുടിയേറ്റക്കാരാലും ഇസ്രായേല്‍ സൈന്യത്താലും അധിനിവേശ വെസ്റ്റ് ബാങ്കില്‍ നമ്മുടെ സഹോദരങ്ങള്‍ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കൈകാലുകള്‍ നഷ്ടപ്പെടുകയും ചെയ്യുന്നുവെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഞങ്ങള്‍ എല്ലാ ദിവസവും ജോലിക്ക് വരുന്നു. എന്നിരുന്നാലും, ഞങ്ങളുടെ സഹ ഇസ്രായേലി ഡോക്ടര്‍മാരോട് ‘നിങ്ങള്‍ അപലപിക്കുന്നുണ്ടോ?’ എന്ന് ചോദിക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്നും ഞങ്ങള്‍ക്കറിയാം.

ഫലസ്തീന്‍ മരണം സാധാരണവല്‍ക്കരിക്കപ്പെടുകയും പലപ്പോഴും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ഒരു നിര്‍ബന്ധിത അന്തരീക്ഷത്തില്‍ ജീവിക്കാന്‍ നാം നിര്‍ബന്ധിതരായിരിക്കുന്നു. എന്നാല്‍ ഇസ്രായേലികള്‍ ജൂത മരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതും പ്രതികാരം ആവശ്യമുള്ളതുമായ ഒരു ദുരന്തമായി കാണുന്നു. ഇതാണ് യാഥാര്‍ത്ഥ്യം, ഇവിടെ ഇസ്രായേലി ദേശീയ സുരക്ഷയ്ക്ക് ഉയര്‍ന്ന വിലയുണ്ട്, എന്നാല്‍ ഫലസ്തീന്‍ ദേശീയ സുരക്ഷ ഇവിടെ ഒരു ഇരുളടഞ്ഞ തമാശയാണ്.

ജീവിതത്തിലും മരണത്തിലും യഹൂദ മേധാവിത്വം വളരെ പ്രകടമാണ്. നമ്മുടെ ഇസ്രായേലി സഹപ്രവര്‍ത്തകരുടെയും പാശ്ചാത്യ ലോകത്തിന്റെയും അതിന്റെ മെഡിക്കല്‍ സ്ഥാപനങ്ങളുടെയും യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യാന്‍ എളുപ്പമാണ്, പ്രത്യേകിച്ചും ബോംബ് വര്‍ഷിക്കുന്ന ഇത്തരം ദുരന്ത സമയങ്ങളില്‍.

ഗസ്സ മുനമ്പില്‍ നടക്കുന്ന കൂട്ടക്കൊലകളില്‍ ലോകം മുഴുവനും പങ്കുചേര്‍ന്നതിനെ ഫലസ്തീനിലെ മനുഷ്യത്വരഹിതവല്‍ക്കരണത്തെ സാധാരണവല്‍ക്കരിക്കുന്നത് പ്രതിഫലിപ്പിക്കുന്നു. യുദ്ധത്തെ എതിര്‍ക്കുന്നതിന്റെയും ആരോഗ്യത്തെ വിനാശകരമായി ബാധിക്കുന്നതിന്റെയും നീണ്ടതും സമ്പന്നവുമായ ചരിത്രമാണ് മെഡിക്കല്‍ പ്രൊഫഷനുള്ളത്. മാരകമായ യുദ്ധങ്ങള്‍ക്ക് കാരണമായ വംശീയതയ്ക്കും കൊളോണിയലിസത്തിനും സാമ്രാജ്യത്വ വികാസത്തിനും എതിരെയാണ് അത് നിലകൊള്ളുന്നത്.

വിയറ്റ്‌നാം, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ യു.എസ് യുദ്ധങ്ങള്‍ക്കെതിരെ ഡോക്ടര്‍മാരുടെ വന്‍ സംഘടിത പ്രവര്‍ത്തനങ്ങള്‍ നമുക്ക് വ്യക്തമായി ഓര്‍ക്കാന്‍ കഴിയും. 9/11 ന് ശേഷം യു.എസിലെ ഡോക്ടര്‍മാര്‍ ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും അധിനിവേശത്തെ എതിര്‍ക്കാനും പ്രചാരണം നടത്താനും സംഘടിച്ചതെങ്ങനെയെന്ന് നമ്മള്‍ കണ്ടതാണ്. അതൊന്നും സുരക്ഷയിലേക്കല്ല, കൂടുതല്‍ മരണത്തിലേക്കാണ് നയിച്ചത്.

എന്നാല്‍ നമ്മുടെ ഇസ്രായേലി-ജൂത സഹപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും സാധാരണക്കാരെ സംരക്ഷിക്കാനുള്ള ആവശ്യത്തിന്റെ എതിര്‍ വശത്താണെന്ന് ഞങ്ങള്‍ക്കറിയാം, കാരണം മുഴുവന്‍ ഇസ്രായേലി ആരോഗ്യ സംവിധാനവും യുദ്ധമുന്നണിയില്‍ ചേരാനും അതിനെ പിന്തുണയ്ക്കാനും വേണ്ടി അണിനിരന്നിരിക്കുന്നു. ഇസ്രായേലി ആരോഗ്യ സംവിധാനം ഇസ്രായേലിന്റെ യുദ്ധം, അധിനിവേശം, വര്‍ണ്ണവിവേചനം എന്നിവയെ എതിര്‍ക്കുക മാത്രമല്ല, ഇസ്രായേലില്‍ താമസിക്കുന്ന ഫലസ്തീന്‍ ഡോക്ടര്‍മാരെ അവര്‍ക്കെതിരെ സംസാരിക്കുന്നതില്‍ നിന്നും സംഘടിപ്പിക്കുന്നതില്‍ നിന്നും തടയുകയും ചെയ്യുന്നുണ്ട്.

അവര്‍, നിരപരാധികളായ ഫലസ്തീന്‍ പൗരന്മാര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിന് സന്നദ്ധത കാണിക്കുന്നതില്‍ നിന്ന് ഞങ്ങളെ വിലക്കുക മാത്രമല്ല, ഞങ്ങളുടെ ജോലിയും സുരക്ഷയും അപകടപ്പെടുത്താതെ ആ ഭരണകൂട കുറ്റകൃത്യങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ ഞങ്ങളെ അനുവദിക്കുന്നുമില്ല.

ഈ കത്ത് ഞങ്ങളുടെ ഫലസ്തീന്‍ ജനതയോടും ഗസ്സ മുനമ്പിലെ സഹപ്രവര്‍ത്തകരോടും ക്ഷമാപണമായി വര്‍ത്തിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ ആഴത്തിലുള്ള ശക്തിയില്ലായ്മയും പൂര്‍ണ്ണമായ ബലഹീനതയുമാണ് ഇവിടെ തുറന്നുകാട്ടുന്നത്. ഞങ്ങളും ലോകവും നിങ്ങളെ പരാജയപ്പെടുത്തി.

ഭാവിയിലെ ശാന്തമായ നാളുകളില്‍, കൂട്ടക്കൊലകള്‍ അരങ്ങേറാന്‍ അനുവദിച്ച സാഹചര്യങ്ങളെക്കുറിച്ച് സാക്ഷ്യം വഹിക്കാനും സംസാരിക്കാനും എഴുതാനും അതിജീവിച്ചവരെ ചികിത്സിക്കുന്നതില്‍ പങ്കുചേരാനും കഴിയുമെന്ന് പ്രതീക്ഷിക്കാനേ ഞങ്ങള്‍ക്ക് ഇപ്പോള്‍ തരമുള്ളൂ.

 

 

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ അഹ്‌മദ്

 

 

Related Articles