Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സംഘടനകള്‍ പൊതു ഇടപെടലുകള്‍ സോഷ്യല്‍ ഓഡിറ്റ് നടത്തണം

muslim-90k.jpg

ഇക്കഴിഞ്ഞ മൂന്നോ, നാലോ മാസങ്ങളായി കേരളത്തിലേ മുസ്‌ലിം സംഘടനകള്‍ പൊതു മണ്ഡലത്തില്‍ നടത്തിയ/ നടത്തുന്ന ഇടപെടലുകള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണം. സംവാദങ്ങള്‍, സമ്മേളനങ്ങള്‍, സെമിനാറുകള്‍, പത്ര പ്രസിദ്ധീകരണങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവയെല്ലാം അടങ്ങുന്നതാണ് ഞാന്‍ ഉദ്ദേശിച്ച പൊതു മണ്ഡലത്തിലേ ഇടപെടലുകള്‍. കേരളത്തില്‍ ഐ.എസ് വിവാദം ഉയര്‍ന്ന് വന്ന കാലത്തെയാണ് ഞാന്‍ ഇവിടേ മൂന്നോ നാലോ മാസം എന്ന് പറഞ്ഞത്.

ഒരു സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ആഭ്യന്തരവും ബാഹ്യവുമായതുണ്ടാവും. ആഭ്യന്തര കാര്യം ആഭ്യന്തരമായും ബാഹ്യമായത് ബാഹ്യമായിട്ടുമാണ് പരിഹരിക്കേണ്ടത്. സംഘ് പരിവാര്‍ ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിയാണ് ബാഹ്യമായി നാം നേരിടുന്ന പ്രശ്‌നം എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. മുസ്‌ലിം കേരളത്തിന്റെ സിരാ കേന്ദ്രമായ കോഴിക്കോട് തന്നെ വര്‍ണ പകിട്ടുകളോട് കൂടി അവരുടേ ദേശീയ കൗണ്‍സില്‍ ചേരുന്നുവെന്നതില്‍ അവരുടേ ടാര്‍ഗറ്റ് വ്യക്തമാണ്. താരതമ്മ്യനേ മെച്ചപെട്ട സാമൂഹികാവസ്ഥ മുസ്‌ലിംകള്‍ക്കുള്ള കേരളം ഫാസിസം ടാര്‍ഗറ്റ് ചെയ്യുന്നുവെന്നത് ഗുരുതരമായ ഭീഷണിയാണെന്നതില്‍ സംശയമൊന്നുമില്ല. ഫാസിസ്റ്റ് ഭീഷണിയെ ചെറുക്കേണ്ടത് മുസ്‌ലിംകള്‍ ഒറ്റക്കല്ലെന്ന കാര്യത്തിലും തര്‍ക്കമില്ല. മതേതര സമൂഹവുമായി ചേര്‍ന്ന് നിന്ന് തന്നെയാണ് അത് ചെയ്യേണ്ടത്. കേരളത്തിലേ മതേതര സമൂഹത്തിന്റെ ഫാസിസ്റ്റ് വിരുദ്ധത എത്രത്തോളം ആത്മാര്‍ത്ഥമാണെന്ന കാര്യം സംശയം തന്നെയാണ്. എന്നിരുന്നാലും താല്‍ക്കാലികമായ അവരുടേ കൂടെനിന്ന് കൊണ്ട് തന്നേ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ മതേതര സമൂഹത്തില്‍ നിന്ന് ഫാസിസത്തിനെതിരായ സ്വാഭാവിക സംഖ്യ കക്ഷികളേ കണ്ടെത്തുകയാണ് മുസ്‌ലിംകള്‍ ചെയ്യേണ്ടത്. ഫാസിസത്തിനെതിരായ സ്വാഭാവിക സംഖ്യ കക്ഷികള്‍ നമ്മേ പോലേ തന്ന് മതേതര പൊതു മണ്ഡലം അപരമാക്കിയ പാര്‍ശ്വവല്‍ക്യത വിഭാഗമാണ് എന്നതില്‍ സംശയമൊന്നുമില്ല. അവരുമായി ഐക്യപെട്ട് കൊണ്ടുള്ള വിപുലമായ പ്രവര്‍ത്തനം കാലം തേടുന്നുണ്ട്. ഏതെങ്കിലും മുസ്‌ലിം സംഘടനകളില്‍ ഇത്തരം ആലോചനകളുണ്ടോ?

രണ്ടാമത്തേത് മുസ്‌ലിംകള്‍ ഒറ്റക്ക് നടത്തേണ്ടതാണ്. ഫാസിസം ദളിതുകള്‍ അടക്കമുള്ള ഇതര പാര്‍ശ്വവല്‍ക്യത വിഭാഗത്തേയും ടാര്‍ഗറ്റ് ചെയ്യുന്നുണ്ടെങ്കിലും ഇപ്പോള്‍ അവരുടെ പ്രധാന ടാര്‍ഗറ്റ് മുസ്‌ലിംകള്‍ തന്നെയാണ്. അതിനാല്‍ മുസ്‌ലിംകളുടെ ആത്മ വിശ്വാസം ഉയര്‍ത്തുക എന്നത് മുസ്‌ലിംകള്‍ ഒറ്റക്ക് ചെയ്യേണ്ടതാണ്. അത് മുസ്‌ലിം സംഘടനകള്‍ ചെയ്യുന്നില്ലെന്ന് മാത്രമല്ല ചെയ്യുന്നത് മുഴുവന്‍ അവരുടെ ആത്മവീര്യം കെടുത്തിക്കളയുന്നവയാണ്. ചില മീഡിയാ ഇടപെടലുകള്‍ മാത്രമാണ് ഇതിന് ഏക അപവാദമായിട്ടുള്ളത്. ഇവിടെയാണ് മുസ്‌ലിം സംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തനം ശക്തമായ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കേണ്ടത്. അതായത് തങ്ങളുടെ ഇടപെടലുകള്‍ കൊണ്ട് സമുദായത്തിന്റെ ആത്മവിശ്വാസം വര്‍ധിക്കുകയാണോ ഉണ്ടായത്? അതോ അവരുടെ ആത്മവീര്യം കെടുത്തുകയാണോ ഉണ്ടായത്? ഒരു സംഘടനാ പക്ഷപാതവും ഇല്ലാതെ പറയട്ടെ ഇക്കാര്യത്തില്‍ വലിയ വീഴ്ച്ചകള്‍ സംഘടനകള്‍ക്കുണ്ടായിട്ടുണ്ട്.
ഞാന്‍ തുടക്കത്തില്‍ പറഞ്ഞല്ലോ ആഭ്യന്തരമായ പ്രശ്‌നം ആഭ്യന്തരമായിട്ടാണ് പരിഹരിക്കേണ്ടതെന്ന്. ഐ.സ് ഭീഷണി അത്തരത്തിലൊന്നായിരുന്നു. ഇന്ത്യയിലെ മുസ്‌ലിം അപരവല്‍ക്കരണുമായോ ഫാസിസ്റ്റ് ഭീഷണിയുമായോ ഒരു തരത്തിലും ബന്ധമില്ലാത്തതാണ് ഐ.സ് എന്ന പ്രതിഭാസം. അല്‍ഖാഇദയെ പോലെ സാമ്രാജ്യത്വവുമായി പോലും അതിന് ബന്ധമില്ല. എന്തായാലും അല്‍ഖാഇദയുടെ ടാര്‍ഗറ്റ് സാമ്രാജ്യത്വമായിരുന്നല്ലോ. ഐസിന്റേത് ടാര്‍ഗറ്റ് മുസ്‌ലിംകള്‍ തന്നെയാണ്. അതിനാല്‍ തന്നേ അതിന് ഇന്ത്യന്‍ മുസ്‌ലിംകളിലോ കേരള മുസ്‌ലിംകളിലോ ഒരു സ്വാധീനവും ഉണ്ടാക്കാനാവില്ലെന്നത് വ്യകതമാണ്. വിശ്വാസ തീവ്രത കൊണ്ട് മനോരോഗികളാകുകയോ മുസ്‌ലിം സംഘടനകളുടേ അപചയത്തില്‍ അസ്വസ്ഥത പൂണ്ട് കഴിയുകയോ ചെയ്യുന്ന ചിലര്‍ അതിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ടാവാം. കേരളത്തില്‍ നിന്ന് പോയി എന്ന് സ്ഥിരീകരിക്കപെട്ടവര്‍ കേവലം 21 പേര്‍ മാത്രമാണ്. അവയില്‍ തന്നെ എല്ലാവരും പോയത് ഐ.സിലേക്കാണ് എന്നതിന് യാതൊരു ഉറപ്പുമില്ല. എത്ര ചെറുതായാലും വിശ്വാസ പ്രകാരം ജീവിക്കാന്‍ ഇപ്പോഴും വലിയ പ്രശ്‌നമില്ലാത്ത നമ്മുടെ നാട്ടില്‍ നിന്നുള്ള ഈ പലായനം സമുദായം അഭി മുഖീകരിക്കേണ്ട പ്രശ്‌നം തന്നെയാണ്, ആഭ്യന്തര തലത്തില്‍. അതിന് സമുദായത്തിന് വേദികളുണ്ട്, മഹല്ലുകളും പള്ളികളും. എല്ലാ ആഴ്ച്ചയും ഒരു തവണയെങ്കിലും നിര്‍ബന്ധമായും വിശ്വാസികളേ അഭിമുഖീകരിക്കാന്‍ സമുദായ നേതാക്കളായ ഇമാമുമാര്‍ക്കും ഖത്വീബുമാര്‍ക്കും അവസരം കിട്ടുന്നുണ്ട്. കേരളത്തിലേ അധിക പള്ളികളും സംഘടനാ പള്ളികളായതിനാല്‍ ഈ ബോധവല്‍ക്കരണത്തിന് ഒറ്റ സര്‍ക്കുലര്‍ മതി. മദ്യം വ്യഭിചാരം തുടങ്ങിയ അധാര്‍മിക്കതിരെയുള്ള ബോധവല്‍ക്ക രണത്തേക്കാള്‍ എളുപ്പമാണ് മത തീവ്രതക്കെതിരെയുള്ള ബോധവല്‍ക്കരണം. കാരണം അധാര്‍മികതയുടെ ഇരകളും ആ പ്രവണതയുള്ളവരും അധികവും പള്ളിയില്‍ വരുന്നവരല്ല. എന്നാല്‍ മത തീവ്രവാദത്തിന്റെ് ഇരകളും ആ പ്രവണതയുള്ളവരും പള്ളിയില്‍ വരാതിരിക്കില്ലല്ലോ. അതിനാല്‍ ഈ വിഷയം തെരുവിലേക്ക് എടുക്കേണ്ട യാതൊരാവശ്യവുമില്ല. പൊതു സമൂഹത്തിന്റെ തെറ്റിദ്ധാരണ നീക്കാന്‍ ഏറിയാല്‍ ഒന്നോ രണ്ടോ പ്രസ്ഥാവന വേണ്ടി വരും അത്ര തന്നെ. ബാക്കിയെല്ലാം ആഭ്യന്ത രമായി മതി. ആത്മാഭിമാനവും ആത്മവിശ്വാസവുമുള്ള ഏതൊരു സമുദായവും അത്രയേ ചെയ്യൂ.

പക്ഷേ അതോണോ ഇവിടെ നടന്നത്? നാട് നീളെ ഭീകര വാദത്തിനും ആത്മീയ തീവ്രതക്കുമെതിരെ സെമിനാറുകള്‍, സമ്മേളനങ്ങള്‍ തിവ്രവാദ വിരുദ്ധ പ്രതിജ്ഞകള്‍. അതിന്റെ മാറ്റൊലികള്‍ പോജുകളിലും സോഷ്യല്‍ മീഡിയയിലും. എന്നിട്ടതില്‍ നടക്കുന്നതോ തങ്ങളുടെ സംഘടന മാത്രം സമാധാനത്തിന്റെ വെള്ളരി പ്രാവുകളും മറ്റെല്ലാവരും തീവ്രവാദികളുമാണെന്ന മുദ്രകുത്തലും. കേരളം മുഴുവന്‍ ഐസ് തീവ്ര വാദികളെ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന പ്രതീതിയാണ് ഇത് പൊതു മണ്ഡലത്തില്‍ സ്യഷ്ടിച്ചത്. കേരളം മുസ്‌ലിം തീവ്രവാദത്തിന്റെ പറുദീസയാണെന്ന സംഘ പരിവാര്‍ പ്രോപഗണ്ട മുസ്‌ലിം സംഘടനകള്‍ ഭംഗിയായി സാധൂകരിച്ച് കൊടുക്കുകയായിരുന്നു ഇതിലൂടെ. ഒപ്പം സമുദായത്തിന്റെ ആത്മവീര്യം പാതാളത്തിലേക്ക് പോകുകയും ചെയ്തു.

Related Articles