Current Date

Search
Close this search box.
Search
Close this search box.

കാലത്തിന്റെ കാവ്യനീതി വിദൂരത്തല്ല

child.jpg

പുതിയ ഭരണ മാറ്റം ഭാരതത്തിന്റെ കീര്‍ത്തി വര്‍ധിപ്പിച്ചെന്നും യശസ്സുയര്‍ത്തിയെന്നും രാഷ്ട്രത്തിന്റെ തന്നെ സ്വയം സേവകരെന്നു അവകാശപ്പെടുന്നവര്‍ വിളിച്ചു പറയുന്നു.ഇവരുടെ പൊയ്‌വെടികളും വായ്താരികളും കൊണ്ട് സോഷ്യല്‍ മീഡിയകളും സര്‍ക്കാര്‍ മാധ്യമങ്ങളും ഉറഞ്ഞാട്ടം നടത്തുകയാണ്. ഇത്തരം ആത്മസ്തുതികള്‍ കേട്ട് ലോകത്തിന്റെ മുന്നില്‍ രാജ്യം പരിഹാസ്യ പാത്രമാകുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വഴി മനസ്സിലാക്കാന്‍ കഴിയുന്ന യാഥാര്‍ഥ്യം.

അസഹിഷ്ണുതയും അക്രമങ്ങളും പ്രോത്സാഹിപ്പിക്കുന്ന കപട സന്യാസി സാധുക്കള്‍, അവരെ ആശീര്‍വദിക്കുന്ന സര്‍ക്കാര്‍ സേവകര്‍, കൊല്ലും കൊള്ളയും കൊള്ളിവെപ്പും ദിനചര്യയാക്കിയ സ്വയം സേനകള്‍, മനുഷ്യരെ പച്ചക്കു തിന്നുന്ന സ്വയം സേവകര്‍, ദലിത് കുഞ്ഞുങ്ങളെ ചുട്ടു തിന്നുന്ന സഹകാരികള്‍ എന്നിങ്ങനെ തരം തിരിക്കാവുന്ന ഒരു സംഘത്തിന്റെ കയ്യിലെ കളിക്കോപ്പായി മഹാഭാരതം പിടയുകയാണ്.

ദേശീയ തലത്തിലായാലും സംസ്ഥാന പ്രാദേശിക തലത്തിലായാലും അധികാരം പങ്കിടുന്നവര്‍ നാട്ടു മര്യാദകള്‍ക്ക് ഒരു പണത്തൂക്കം മുന്നില്‍ നില്‍ക്കാറായിരുന്നു പതിവ്. അത്തരത്തിലുള്ള ഒരു പൊടിയിടല്‍ രീതിപോലും ഭാരതത്തിലെ പുതിയ അധികാരി വര്‍ഗങ്ങള്‍ പ്രകടിപ്പിക്കുന്നില്ല. സാമാന്യ ബുദ്ധിയും ബോധവുമുള്ള ആര്‍ക്കും സങ്കല്‍പിക്കാന്‍ പോലും പറ്റാത്ത പ്രഖ്യാപനങ്ങളും ലജ്ജാകരമായ ആഹ്വാനങ്ങളും കൊണ്ട് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ദിനേനയെന്നോണം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ സഹകാരികളുടെയും സഹചാരികളുടെയും കുറ്റവാസനകളെയും അബദ്ധങ്ങളെയും വിമര്‍ശിക്കാനായില്ലെങ്കിലും അനുമോദിക്കാതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രം പോലും പാലിക്കാനാകുന്നില്ലന്നതത്രെ ഏറെ വിസ്മയകരം.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതലുള്ള ക്രൂര വിനോദങ്ങളോരോന്നും ആസൂത്രിതമായിരുന്നുവെന്നാണ് തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വസ്തുത. ഇത്തരം ആസൂത്രിത നീക്കങ്ങള്‍ രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിനു പിടികിട്ടാതെ വരുന്നു എന്നതും കള്ളനും പൊലീസും ഒരു സംഘം തന്നെയാണെന്നതും രാജ്യത്തിന്റെ അരക്ഷിതാവസ്ഥക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

ദലിത് പിഞ്ചുങ്ങളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊച്ചു കൊച്ചു സംഭവങ്ങള്‍ ഊതി വീര്‍പ്പിക്കുകയാണെന്നു സേവാ നായകനും, നായ്ക്കള്‍ കല്ലെറിയപ്പെടുന്നതിനു സര്‍ക്കാറിനെന്തു കാര്യം എന്ന് ഉത്തരവാദിത്വപ്പെട്ട കേന്ദ്ര മന്ത്രിയും പ്രതികരിച്ചിരിക്കെ ഇതിലും വലിയ ഭവിഷ്യത്ത് ഇനി എന്താണ് രാജ്യത്ത് വരാനിരിക്കുന്നത്? അവര്‍ണ്ണരെയും ഹരിജന ഗിരിജന വിഭാഗങ്ങളെയും തങ്ങളുടെ ധാര്‍ഷ്ട്യത്തെ അംഗീകരിക്കാത്തവരെയും പച്ചക്ക് തിന്നുന്ന മിതവാദ മതേതര സംഘ പരിവാരങ്ങളും ചുട്ടു തിന്നുന്ന തീവ്രവാദ ബജറംഗ സേനാ സംഘങ്ങളും എന്ന തലത്തിലാണ് സംവാദങ്ങള്‍ പോലും പുരോഗമിക്കുന്നത്.
 
അസഹിഷ്ണുതയുടെ വക്താക്കള്‍ അധികാരത്തിലെത്തിയ ആദ്യനാളുകളില്‍ ദക്ഷിണേന്ത്യയിലെ ഒരു യുവ രാഷ്ട്രീയ സേവകന്‍ പറഞ്ഞു വെച്ച ചില നിരീക്ഷണങ്ങള്‍ വാര്‍ത്താ പ്രാധാന്യം നല്‍കപ്പെട്ടിരുന്നു. വിശ്വാസപരമായ സ്വാതന്ത്ര്യം അനുവദനീയമാണെന്നായിരുന്നു പ്രസ്തുത ‘തിരുവരുള്‍’. ഈയിടെ മറ്റൊരു വാര്‍ത്താ കുറിപ്പ് അതിലേറെ പ്രാധാന്യത്തോടെ സകല മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടത് ശ്രദ്ധയില്‍ പെട്ടു. ഇഷ്ടമുള്ളത് ഭുജിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കപ്പെടും എന്നായിരുന്നു പ്രസ്തുത ‘ഉത്തരവ്’. ഭാരതത്തില്‍ ഇന്നേവരെയില്ലാത്ത ചില ഔദാര്യങ്ങള്‍ അനുവദിക്കും മട്ടില്‍ ഇത്തരം തിട്ടൂരങ്ങള്‍ നടത്താന്‍ ചില സ്വയം സേവകന്മാര്‍ കാണിക്കുന്ന ധാര്‍ഷ്ട്യവും അതേറ്റു പിടിച്ച് വെണ്ടക്ക നിരത്താന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന വ്യഗ്രതയും തന്നെയാണ് ഫാസിസത്തിന്റെ പൂര്‍ണ്ണമായ കരി നിഴലിലൂടെയാണ് ഈ മഹാരാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നതിനെ സാക്ഷ്യപ്പെടുത്തുന്നത്. തങ്ങളുടെ അനുചരന്മാരില്‍ നിന്നു സംഭവിക്കുന്ന ഒന്നിനേയും ചോദ്യം ചെയ്യേണ്ടതില്ലെന്നതിനേക്കാള്‍ അവരുടെ സകല പ്രവര്‍ത്തനങ്ങള്‍ക്കും നിയമ സാധുതയുണ്ടെന്നുവരെ പ്രഘോഷിക്കുന്നിടത്തോളം അധികാര മത്ത് പിടികൂടിയിരിക്കുന്നു.

അയല്‍വാസിയുടെ അടുപ്പില്‍ വല്ലതും പാകം ചെയ്യുന്നുണ്ടോ? എന്ന മാനുഷിക സമീപനമല്ല മറിച്ച് എന്തു പാകം ചെയ്യുന്നു എന്ന പൈശാചിക സന്ദേഹത്തിന്റെ വിഷ ബീജമാണ് നിഷ്‌കളങ്ക മനസ്സുകളിലേക്ക് പകര്‍ന്നു നല്‍കി കൊണ്ടിരിക്കുന്നത്. ഇത്തരം കുത്സിത ശ്രമങ്ങളില്‍ ഔദ്യോഗിക മിഷനറിമാരുടെ ഒത്താശയും ലഭിക്കുന്നു എന്ന ലജ്ജാകരമായ സാഹചര്യവും വിശിഷ്യാ ഉത്തര ഭാരതത്തില്‍ നിലനില്‍ക്കുന്നുണ്ട്.

അപ്രിയരുടെ ബലിച്ചോരയില്‍ സിംഹാസനത്തിനു പോഷണം കൊടുത്തുകൊണ്ട് കാലാകാലം അധികാരം നിലനിര്‍ത്താമെന്നത് മനപ്പായസം മാത്രമായിരിക്കും. ചോരക്കൊതിക്കെതിരില്‍ അവസാന നിമിഷങ്ങളിലെ ഊര്‍ദ്ധംവലിപോലും രാഷ്ട്രീയ മോഹമാണെന്നു പറയുന്നതിലെ പരിഹാസവും വിരോധാഭാസവും ലോകവും ലോകരും തിരിച്ചറിഞ്ഞിട്ടില്ലെന്നു ധരിക്കുന്നതും മൗഢ്യമാണ്.

ജനാധിപത്യ വ്യവസ്ഥയുടെ ദൂഷ്യഫലങ്ങളിലൊന്നായ സാങ്കേതിക വിജയത്തിന്റെ ഏറ്റവും വലിയ തിക്തഫലമാണ് രാജ്യം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം സാങ്കേതിക വിജയത്തെ മറികടക്കുന്ന നിയമനിര്‍മ്മാണങ്ങളെ കുറിച്ച് ഉറക്കെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭരണ-പ്രതിപക്ഷ ഭേദമേന്യ അധികാര മുഷ്‌കിനും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനുമെതിരെ ശബ്ദിക്കാന്‍ ഇനിയും വൈകിക്കൂടാ. ആദ്യം മനുഷ്യരെ കുറിച്ചും അവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും ജീവനെ കുറിച്ചും ചിന്തിക്കാം. എന്നിട്ടു മതി കാലികളെ കുറിച്ചും മറ്റു ജീവജാലങ്ങളെ കുറിച്ചും ഉള്ള വേവലാധികള്‍.

മാനവിക മാനുഷിക മൂല്യങ്ങള്‍ കാറ്റില്‍ പറത്തപ്പെടുന്നതില്‍ ആശങ്കയുള്ള മനുഷ്യ സ്‌നേഹികളും സാംസ്‌കാരിക നായകന്മാരും ഇരവിഴുങ്ങിക്കിടക്കുകയല്ല എന്നത് തികച്ചും ശുഭ സൂചകമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മര്യാദയില്‍ കെട്ടിപ്പടുക്കപ്പെട്ട രാജ്യം അതിന്റെ പ്രതാപം വീണ്ടെടുക്കുക തന്നെ ചെയ്യും. ആരൊക്കെ വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി മര്‍ധിതരുടെ കണ്ണീര്‍ നിഷ്ഫലമാകുകയില്ല. അതെ കാലത്തിന്റെ കാവ്യനീതി വിദൂരത്തല്ല.

Related Articles