Current Date

Search
Close this search box.
Search
Close this search box.

എം.എൽ.എഫ്, ഡിസ്‍കഴ്സോ  മുസ്‌ലിമ, ഡീകോണ്‍ക്വിസ്റ്റ; ഡിസംബറിന്റെ പ്രതീക്ഷകള്‍

2023 അവസാനിക്കുന്നത് ഡിസംബറിലെ ശ്രദ്ധേയമായ മൂന്ന് പരിപാടികളോടെയാണ്. മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍, ഡിസ്‍കഴ്സോ (ദിസ്കോർസോ) മുസ്‌ലിമ കാമ്പസ് കോണ്‍ഫറൻസ്, ഡീകോണ്‍ക്വിസ്റ്റ (ദീകോൻക്വിസ്താ) ഇൻറർനാഷനൽ അക്കാദമിക് കോണ്‍ഫറൻസ് എന്നിവയാണവ. ആദ്യ കേള്‍വിയില്‍ കണ്ണ് മിഴിക്കാവുന്നവയും കൂട്ടത്തിലുണ്ട്. മൂന്ന് പരിപാടികളും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരുടെ സംഘാടനത്തിലായിരുന്നു. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ മുസ്‌ലിം സമുദായത്തിലെ പുതു തലമുറ. ഉള്ളടക്കത്തിലും ആവിഷ്‌കാരത്തിലും വ്യത്യസ്തതകളും വൈവിധ്യങ്ങളുമുണ്ടെങ്കിലും ഒരേ ചരടില്‍ കോര്‍ക്കാവുന്നവായാണ് മൂന്നും. ഒരേ അന്തര്‍ധാരയാണെന്ന് ചുരുക്കം.

രാഷ്ട്രീയവും വൈജ്ഞാനികവും സാംസ്‌കാരികവുമായ കോളനിവല്‍ക്കരണത്തിനും അധിനിവേശത്തിനുമെതിരെ മുന്നില്‍ നിന്ന് പൊരുതാനുള്ള ശേഷി ഇസ്‌ലാം എല്ലാ കാലത്തും കാണിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്ക് പ്രഫുല്ലമായ ചരിത്രവുമുണ്ട്. ഇതിനെയെല്ലാം ഉള്‍ക്കൊള്ളുന്നതും മുന്നോട്ട് നയിക്കുന്നതുമാണ് പരിപാടികള്‍ മൂന്നും.

ബുക്പ്ലസ് എന്ന പ്രസാധകരായിരുന്നു മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സംഘാടകര്‍. മലപ്പുറം ജില്ലയിലെ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ഥികളുടെ വേദിയായ ഹാദിയയ്ക്കു കീഴിലാണ് ബുക്പ്ലസ്. കേരളത്തിലോ കോഴിക്കോടോ ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകള്‍ നടക്കാത്തതല്ല. മേല്‍പറഞ്ഞ അധിനിവേശത്തിന്റെ യുക്തികള്‍ അത്തരം മേളകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അസന്നിഹിതമാക്കപ്പെടുകയും പുറത്തുനിര്‍ത്തപ്പെടുകയും ചെയ്ത വിഷയങ്ങളെയും പ്രതിനിധാനങ്ങളെയുമാണ് എം.എല്‍.എഫ് ആഘോഷമാക്കിയത്. 

മലയാളത്തിന്റെ ഭാഷാ വൈവിധ്യങ്ങള്‍, മതാത്മകതയും മനുഷ്യരും, മലബാറിന്റെ രുചിഭേദങ്ങള്‍, മലബാറിന്റെ കടല്‍വിനിമയങ്ങള്‍, മലബാര്‍ ഫുട്ബാള്‍, മാപ്പിളപ്പാട്ട്, ഫലസ്തീന്‍ അതിജീവനം, മലബാറിന്റെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍, ഖിലാഫത്ത് പ്രസ്ഥാനത്തിന് ശേഷമുള്ള രാഷ്ട്രീയം എന്നിവ എം.എല്‍.എഫ്  വേദിയിലെത്തിച്ച വിഷയങ്ങളാണ്. ഇവയില്‍ ചിലത് ആദ്യമായി ഉന്നയിക്കപ്പെടുന്നത് തന്നെ മലബാര്‍ ഫെസ്റ്റിവെല്‍ വേദിയിലാണെങ്കില്‍ വേറെ ചിലത് മറ്റുചിലരാല്‍ ഉന്നയിക്കപ്പെട്ടത് വീണ്ടുമുന്നയിച്ച് കരുത്താര്‍ജിക്കുന്നവയാണ്. കേരളത്തിന്റെ സവര്‍ണ ആഢ്യമനോഭാവം നിര്‍ണയിക്കുന്ന കലാ, സാംസ്‌കാരിക, വൈജ്ഞാനിക, സംവാദ സംസ്‌കാരത്തിനെതിരെ മുഖാമുഖം നിന്നു എന്നതാണ് എം.എല്‍.എഫിന്റെ ചരിത്ര പ്രാധാന്യം.

സമസ്ത കേരള ജംഇയത്തുല്‍ ഉലമ എന്ന ഇ.കെ സുന്നി വിഭാഗത്തിനകത്ത് ചില കുതൂഹലങ്ങളുണ്ടാവാന്‍ ഫെസ്റ്റിവെല്‍ കാരണമായി. സോഷ്യല്‍ മീഡിയക്കകത്തും പുറത്തും അതിന്റെ പ്രതിധ്വനികളുണ്ട്. പണ്ഡിതരും ബഹുഭാഷ ജ്ഞാനികളുമായ ദാറുല്‍ഹുദയിലെ പൂര്‍വവിദ്യാര്‍ഥികള്‍ പല ഭാഷകളില്‍ വായിച്ചും ചിന്തിച്ചും സംവദിച്ചുമെത്തിയ ബോധ്യത്തില്‍ നിന്നുകൊണ്ട് ആവിഷ്‌കരിച്ച പരിപാടിയായിരുന്നു എം.എല്‍.എഫ്. സാധാരണ സ്‌കൂള്‍, കോളജ് പാഠപുസ്തകങ്ങളില്‍ ഓരോ പാഠഭാഗത്തിന്റെയും തുടക്കത്തില്‍ ‘… എന്നും കഴിഞ്ഞ അധ്യായത്തില്‍നിന്നും നാം മനസ്സിലാക്കിയല്ലോ’ എന്ന ഓര്‍മപ്പെടുത്തലുകള്‍ കാണാം. പക്ഷെ, അങ്ങനെ ഫെസ്റ്റിവല്ലിന് മുന്നേ ക്ലാസെടുത്തു പൂര്‍ത്തിയായ പാഠഭാഗം സുന്നി സംഘടനക്കകത്ത് ഉണ്ടായിരുന്നില്ല. ഈ മുന്നുപാധി പൂര്‍ത്തിയായില്ല എന്നതാണ് മലബാര്‍ ഫെസ്റ്റിവെല്‍ ആസൂത്രണത്തിലെ പിഴവ്. കുതിച്ചുചാട്ടത്തിനിടക്ക് കടന്നുപോയ ഒരു പടിയെ കുറിച്ച അന്ധാളിപ്പ്! പാഠഭാഗങ്ങള്‍ മുന്നോട് പോകുമ്പോള്‍ അവ പതിയെ നിഷ്‌ക്രമിക്കും. 

വിദ്യാര്‍ഥികളെ ഇസ്‌ലാമിക ചിട്ടയോടെ വളര്‍ത്തിയെടുക്കുന്ന കേരളത്തിലെ ഒരു സംഘടനയുടെ നേതാവിനോട് മുമ്പൊരിക്കല്‍ അതേ സംഘടനയുടെ മുന്‍കാല പ്രവര്‍ത്തകന്‍ ഒരു പരാതി ഉന്നയിച്ചു. പുതുതലമുറയെ കുറിച്ച വ്യാകുലതയും പഴയകാല സംഘടനാ പ്രവര്‍ത്തനത്തിന്റെ ഗൃഹാതുരുത്വവും ചേര്‍ന്നൊരുക്കിയതായിരുന്നു പരാതി. ”നിങ്ങളുടെ പ്രവര്‍ത്തകരില്‍ പലരുമിപ്പോള്‍ ഒരു മര്യാദയുമില്ലാത്തവരാണ്, കണ്ടില്ലേ പലരും നിന്നാണ് മൂത്രമൊഴിക്കുന്നത്”. നേതാവ് അതിനോടിങ്ങനെ പ്രതികരിച്ചു. ”അതായത്, ഇരുന്നു മൂത്രമൊഴിച്ചവരില്‍ മാത്രം നിലച്ചുപോവാതെ നിന്ന് മൂത്രമൊഴിക്കുന്നവരിലേക്കും സംഘടന എത്തുന്നു എന്നല്ലേ അതിനര്‍ഥം. നല്ല കാര്യമല്ലേ”. ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍സ് സംഘടിപ്പിച്ച ഡിസ്‍കഴ്സോ മുസ്‌ലിമ കാമ്പസ് കോണ്‍ഫറന്‍സിന്റെ സദസ്സ് കണ്ടപ്പോഴാണ് ഈ സംഭവം ഓര്‍മവന്നത്. തങ്ങളുടെ പ്രവര്‍ത്തകരെക്കൊണ്ട് ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ച് ഉയര്‍ന്നു നില്‍ക്കുന്ന വേദിയില്‍നിന്ന് ഘോരഘോരം പ്രസംഗിക്കുന്ന പരപാടിയായിരുന്നില്ല ഡിസ്‍കഴ്സോ മുസ്‌ലിമ. കേരളത്തിന്റെ കാമ്പസുകളുടെ തനിപ്പകര്‍പ്പിനെ ഡിസ്‍കഴ്സോയിലേക്ക് എത്തിച്ച് അവരില്‍ ഇസ്‌ലാമിനെ കുറിച്ച് അഭിമാനബോധമുള്ളവരാക്കാന്‍ ചിട്ടപ്പെടുത്തിയ പദ്ധതി.

കേരളത്തിലെ മുസ്‌ലിം വിദ്യാര്‍ഥികളുടെ ഇസ്‌ലാമിക ആഘോഷമായിരുന്നു ഡിസ്‍കഴ്സോ  മുസ്‌ലിമ കാമ്പസ് സമ്മേളനം. മുസ്‌ലിം പെണ്‍കുട്ടികളെ സംബന്ധിച്ച് പൊതുസമൂഹം വെച്ചു പുലര്‍ത്തുന്ന എല്ലാ ആകുലതകള്‍ക്കുമുള്ള മറുവാക്ക്. പുരുഷമേധാവിത്തവും മതനിയമങ്ങളും അപരിഷ്‌കൃതമായ സമുദായ ജീവിതവും വരിഞ്ഞ് മുറുക്കിയ മുസ്‌ലിം പെണ്ണിനെ വിമോചിപ്പിക്കാനുള്ള വലിയ പരിശ്രമത്തിലാണല്ലോ നമ്മുടെ മുഖ്യധാര. ആധുനിക, മതേതര ഇടങ്ങളിലും ഇതര സമുദായങ്ങളിലും പെണ്ണ് കൂനിക്കൂടിയിരിക്കുന്ന ഘനാന്ധകാരത്തെ അവര്‍ കണ്ടതേയില്ല. മുസ്‌ലിം പെണ്ണിന് ഇസ്‌ലാം നല്‍കിട്ടുള്ള സ്വാഭാവികവും ആര്‍ജിതവുമായ രാഷ്ട്രീയ, വൈജ്ഞാനിക ശേഷിയെ അവഗണിക്കുകയും ചെയ്തു. ഇസ്‌ലാമോഫോബിയയും ഹിന്ദുത്വവും ലിബറിലിസവും ഫെമിനിസവും ജന്‍ഡര്‍ ന്യൂട്രാലിറ്റിയും സൃഷ്ടിക്കുന്ന അന്തരീക്ഷത്തെ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സ്ത്രീ സ്വത്വത്തില്‍ നിന്നുകൊണ്ട് മറികടക്കാവുന്ന കരുത്ത് സമുദായത്തിലെ പുതുതലമുറ നേടിക്കഴിഞ്ഞിരിക്കുന്നു. ഇതിന്റെ കേരളത്തിലെ തുറന്ന പ്രഖ്യാപനമായിരുന്നു ഡിസ്‍കഴ്സോ മുസ്‌ലിമ കോണ്‍ഫറന്‍സ് എന്ന് തീര്‍ത്ത് പറയാം. 

ഏഴ് വേദികളിലായി എണ്‍പതിലധികം അതിഥികള്‍. ഭൂരിഭാഗവും സ്ത്രീകള്‍. 23 സെഷനുകള്‍. മൊത്തത്തില്‍ കാര്‍ണിവെലിന്റെ പ്രതീതി. എന്നാലോ, എവിടെയോ പോയി കൊള്ളുകയോ കൊള്ളാതിരിക്കുകയോ ചെയ്യുന്ന ഭാഷണങ്ങളോ ബുദ്ധിജീവി നടനങ്ങളോ ഇല്ല. ഓരോ സെഷനിലേക്കുമുള്ള വിഷയങ്ങളുടെ തെരഞ്ഞെടുപ്പ്, അതിലൂടെ സദസ്സിന് നല്‍കാനുദ്ദേശിക്കുന്ന സന്ദേശത്തിലെ കൃത്യത, അതിനാവശ്യമായ അതിഥികളുടെ പാളിപ്പോകാത്ത കാസ്റ്റിംങ് -ഇതെല്ലാം കൊണ്ട് വിസ്മയിപ്പിക്കുന്നുണ്ട് ഡിസ്‍കഴ്സോ. പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന മുസ്‌ലിംസ്ത്രീ മാതൃകകളെ കീഴ്‌മേല്‍ മറിച്ച്, ജീവിക്കുന്ന മുസ്‌ലിം സ്ത്രീയെ അവതരിപ്പിക്കുന്നു, ആഗോള, ദേശീയ സാഹചര്യത്തില്‍ പൊതുവിലും, കേരളത്തില്‍ വിശേഷിച്ചും മുസ്‌ലിം വിദ്യാര്‍ഥിനികള്‍ അഭിമുഖീകരിക്കുന്ന നാനാതരം പ്രതിസന്ധികളെ പ്രതിരോധിക്കാനും ഇസ്‌ലാമിക ജീവിതസാക്ഷ്യം നിര്‍വഹിക്കാനുള്ള രീതിശാസ്ത്രവും പഠിപ്പിക്കുന്നു- ഡിസ്‍കഴ്സോയുടെ ഉള്ളടക്കം ഇതായിരുന്നു. 

കോഴിക്കോട് തന്നെ നടന്ന ഡീകോണ്‍ക്വിസ്റ്റയാണ് മറ്റൊന്ന്. അന്താരാഷ്ട്ര അക്കാദമിക് കോണ്‍ഫറന്‍സ് എന്ന് സംഘാടകര്‍ തന്നെ പരിചയപ്പെടുത്തിയതിനാല്‍ ജനപ്രിയ സ്വഭാവമുള്ള പരിപാടിയായിരുന്നില്ല ഡീകോണ്‍ക്വിസ്റ്റ. പഠന ഗവേഷണങ്ങളിലും അക്കാദമിക തലങ്ങളിലും വിഹരിക്കുന്നവരെ ആകര്‍ഷിച്ചേക്കാവുന്ന ഉള്ളടക്കം. അതേസമയം, സാധാരാണക്കാരന്റെ ദൈനംദിന ജീവിതത്തിലെ നാനാതരം മാനസിക, ചിന്താ വ്യവഹാരങ്ങളെയും കാഴ്ചപ്പാടുകളെയും കര്‍മപഥത്തെയും അഗാധമായി സ്വാധീനിക്കുന്ന കാര്യങ്ങളെ കുറിച്ചാണ് കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്തത്. അതറിയണമെങ്കില്‍ വിഷയങ്ങളെ സാമാന്യമായെങ്കിലും പരിചയപ്പെടണം. മുസ്‌ലിം സ്‌പെയ്‌നില്‍ യൂറോപ്പ് നടത്തിയ വംശീയ ഉന്‍മൂലന പദ്ധതിക്ക് റീകോണ്‍ക്വിസ്റ്റ എന്നാണ് പേരിട്ടത്. അതോടെ ആരംഭിച്ച  അധിനിവേശ പദ്ധതികളെയും ഇന്നുവരെ എത്തിനില്‍ക്കുന്ന ലോകഘടനയെയും ഇസ്‌ലാമികമായി വിമര്‍ശനവിധേയമാക്കുക, പുതിയ ലോകക്രമത്തെ ഭാവന ചെയ്യുക എന്നിവയാണ് സമ്മേളനം ലക്ഷ്യമിട്ടത്.

നിലനില്‍ക്കുന്ന അധീശവ്യവസ്ഥക്ക് പകരമായി പുതിയൊരു ലോകക്രമം മൂന്ന് പരിപാടികളുടെയും ഭാവനയിലുണ്ട്.  വിശേഷിച്ചും ഒക്‌ടോബര്‍ ഏഴിലെ തൂഫാനുല്‍ അഖ്‌സയും തുടര്‍ന്ന് ആ മേഖലയിലുണ്ടായ സംഭവവികാസങ്ങളും അതിന്റെ ആഘാതപ്രത്യാഘാതങ്ങളും പുതിയ ലോകക്രമത്തെ സംബന്ധിച്ച സംവാദങ്ങളെ ത്വരിപ്പിക്കുന്നുണ്ട്. അതിനോട് ഏറെ പ്രത്യാശയോടെ കേരള മുസ്‌ലിംകളെ പങ്കുചേര്‍ക്കുന്നു എന്നതാണ് മൂന്ന് സംരഭങ്ങളെയും പ്രസക്തമാക്കുന്നത്. സമുദായത്തിലെ ഏറ്റവും പുതിയ തലമുറയാണ് നേതൃത്വം നല്‍കുന്നത് എന്നത് ദീര്‍ഘകാലത്തേക്കുള്ള ഈടുവെയ്പ്പായും കണക്കാക്കാവുന്നതാണ്.

 

Related Articles