Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികളെ സെമിറ്റിക് വിരുദ്ധരാക്കുന്ന ഇസ്രായേലും പടിഞ്ഞാറും 

ജൂത മേൽക്കോയ്മ രാഷ്ട്രത്തിനു വേണ്ടിയുള്ള തങ്ങളുടെ സാഹസങ്ങൾ യാഥാർത്യമാവണമെങ്കിൽ ഇനിയും പതിനായിരക്കണക്കിന് ഫലസ്തീനികളെ കൊന്നുതള്ളേണ്ടി വരുമെന്ന് ഒക്ടോബർ 7 ന് ശേഷം ഇസ്രായേലിന് ബോധ്യപ്പെട്ടിരിക്കുന്നു. 

യൂറോപ്യൻ സയണിസ്റ്റുകൾ ഫലസ്തീനിൽ കുടിയേറി താമസം തുടങ്ങി ഒന്നര നൂറ്റാണ്ടും കുടിയേറ്റ അധിനിവേശ ഭരണം സ്ഥാപിച്ചു 75 വർഷവും പിന്നിടുമ്പോഴും കീഴടങ്ങാതെ എല്ലാ പ്രതാപത്തോടെയും പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ് ഫലസ്തീനികൾ. അതുകൊണ്ട് തന്നെ ഇസ്രായേലിനും പടിഞ്ഞാറു നിന്നുള്ള അവരുടെ വംശഹത്യ കൂട്ടാളികൾക്കും മികച്ച ഇരയാണ് ഫലസ്തീനികൾ. 

വംശീയ വർത്തമാനങ്ങൾ കൊണ്ടാണ് സയണിസ്റ്റ് നേതാക്കൾ പലപ്പോഴും അവരുടെ ക്രൂരതകളെ ന്യായീകരിക്കാറുള്ളത്. ഇസ്രായേലി കുറ്റകൃത്യങ്ങളിൽ മനം മടുത്ത പടിഞ്ഞാറിന് പുറത്തുള്ള ലോകത്തിനു മുന്നിൽ ഫലസ്തീനികളെ ശാസ്ത്രീയമായി പൈശാചികവൽക്കരിക്കാൻ കഴിയാത്തതിനാൽ പൂർവികരായ സയണിസ്റ്റുകൾ ഉപയോഗിച്ചു തഴഞ്ഞ പഴയ വീഞ്ഞ് തന്നെയാണ് നിലവിലെ നേതാക്കളും അവലംബിക്കുന്നത്. ഇസ്രായേൽ കുറ്റകൃത്യങ്ങളിൽ ഒരിക്കലും മുഷിയാത്ത പടിഞ്ഞാറൻ രാജ്യങ്ങളിൽ ഇത്തരം പ്രസ്താവനകൾ ഇന്നും ഫലപ്രദമാണ്.  

ഫലസ്തീനികളെ പുറന്തള്ളാൻ ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്ന യുദ്ധം ഇരുട്ടിന്റെ ശക്തികൾക്കും വെളിച്ചത്തിന്റെ ശക്തികൾക്കുമിടയിൽ, മനുഷ്യത്വത്തിനും മൃഗീയതക്കുമിടയിൽ നടക്കുന്ന മണിക്കേയൻ യുദ്ധമാണെന്നാണ് ബെഞ്ചമിൻ നെതന്യാഹു ഈയിടെ പ്രഖ്യാപിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ മുൻകാല വംശീയ ഗിമ്മിക്കുകൾ പോലെ തീർത്തും കൃതിമമായിരുന്നു ഈ പ്രസ്താവനയും. 

വംശീയ വർത്തമാനങ്ങൾ 

നിലവിൽ വരാൻ പോവുന്ന ജൂത കുടിയേറ്റ കോളനി ‘ഏഷ്യയിലെ യൂറോപ്പിന്റെ കോട്ടയും കാടത്തത്തിനെതിരെയുള്ള നാഗരികതയുടെ ഇടത്താവളവും’ ആണെന്ന് ആദ്യമായി വിശേഷിപ്പിക്കുന്നത് 1896 ൽ സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ തിയൊഡോർ ഹെർസലാണ്. സയണിസ്റ്റ് സംഘടനയുടെ ബെലറൂസിയൻ തലവനായ ഹയിം വൈസ്മാൻ 1936 ൽ ഫലസ്തീനികളെ ‘സംഹാരത്തിന്റെയും മരുഭൂമിയുടെയും ശക്തി’ എന്നും ജൂത അധിനിവേശകരെ ‘നിർമാണത്തിന്റെയും നാഗരികതയുടെയും ശക്തി’ എന്നുമാണ് വിശേഷിപ്പിച്ചത്. പിന്നീട് ഇസ്രായേൽ പ്രസിഡന്റായ വൈസ്മാൻ ഫലസ്തീനിലോട്ടുള്ള സയണിസ്റ്റ് പടയോട്ടത്തെ കുറിച്ച് പ്രസ്താവിച്ചത് ‘നാഗരിതക്കെതിരെയുള്ള മരുഭൂമിയുടെ പുരാതന യുദ്ധമാണെങ്കിലും ഞങ്ങളെ തടയാൻ കഴിയില്ല’ എന്നായിരുന്നു. 

വംശീയവും വംശഹത്യപരവുമായ ഇത്തരം വാചാടോപങ്ങൾ ഇസ്രായേലിന്റെ മാത്രം പ്രത്യേകതയല്ല, മറിച്ചു എല്ലാ അധിനിവേശകരും ഇങ്ങനെയായിരുന്നു. കൂട്ടക്കൊല നടത്തി ന്യൂ കാലിഡോണിയ പിടിച്ചടക്കിയ ഫ്രഞ്ച് അധിനിവേശകർ തദ്ദേശീയ കനക് ജനതയുടെ ഭൂമികൾ കയ്യേറിയ ശേഷം അവർക്ക് സംവരണം നൽകുന്നുണ്ട്. 1878 ലെ ഫ്രാൻസിന്റെ വംശഹത്യ നയങ്ങളോടുള്ള കനക് ജനതയുടെ ചെറുത്ത്‌ നിൽപ്പിനെ ‘നാഗരികതക്കെതിരെയുള്ള കാടത്തം’ എന്നാണ് അവർ വിശേഷിപ്പിച്ചിരുന്നത്. 1882 ൽ ഈജിപ്ത് ആക്രമിച്ചു അധിനിവേശം നടത്തിയ ബ്രിട്ടനും സ്വയം വിശേഷിപ്പിച്ചിരുന്നത് ‘നാഗരിതക്കും കാടത്തത്തിനും ഇടയിലുള്ള സംഘർഷം’ എന്നായിരുന്നു. കോളനി ആർകെയ്‍വുകളിൽ ഇനിയും സമാന ഉദാഹരണങ്ങൾ കാണാൻ കഴിയുന്നതാണ്. 

സമകാലിക ഇസ്രായേലി നേതാക്കളിൽ പോളിഷ് വംശജനായ നെതന്യാഹു മാത്രമല്ല വംശീയത പുലമ്പുന്നത്. നിലവിലെ ഇസ്രായേൽ- ഫലസ്തീൻ യുദ്ധം തുടങ്ങി മൂന്നാം നാൾ ഇസ്രായേൽ പ്രതിരോധ മന്ത്രിയായ മറ്റൊരു പോളിഷ് വംശജൻ യോഫ് ഗാലന്റ് ഫലസ്തീനികളെ ‘മനുഷ്യ മൃഗങ്ങൾ’ എന്ന് വിളിച്ചിരുന്നു. അതേ പോലെ ലിത്വാനിയൻ വംശജനായ മുൻ പ്രധാന മന്ത്രി എഹുദ് ബറാക് ഇസ്രായേലിനെ ‘കാടിനുള്ളിലെ വില്ല’ എന്നും വിശേഷിപ്പിച്ചിരുന്നു. 

ഫലസ്തീൻ ആക്രമിക്കുന്നതിന്റെ ന്യായമായി ‘മതേതര’ സയണിസ്റ്റുകൾ ഉന്നയിക്കുന്ന മത ആഖ്യാനങ്ങളും ഇസ്രായേലിന്റെ ഒദ്യോഗിക സമീപനവും തമ്മിൽ ഒരിക്കലും വലിയ അന്തരം ഉണ്ടാവാറില്ല. ഏറ്റവും അവസാനമായി ഗസ്സ ആക്രമിക്കുന്നതിന് മുന്നോടിയായി കോളോണിയൽ സേനയെ ബെഞ്ചമിൻ നെതന്യാഹു ആവേശം കൊള്ളിച്ചത് ഇങ്ങനെ ആയിരുന്നു: “അമാലേക്കുകൾ നിങ്ങളോട് ചെയ്തത് ഓർക്കണമെന്ന് ബൈബിൾ പറയുന്നു, നമ്മളത് ഓർക്കുന്നു”. 

ജൂത ജനതയോടുള്ള ദൈവത്തിന്റെ കല്പന ഇപ്രകാരമാണ്: “ഇനി പോവുക, അമാലേക്കുകളെ ആക്രമിച്ചു അവർക്കുള്ളതെല്ലാം നശിപ്പിക്കുക, അവരെ വെറുതെ വിടരുത്;  പുരുഷന്മാരെയും സ്ത്രീകളെയും, കുട്ടികളെയും കുഞ്ഞുങ്ങളെയും, ആടുമാടുകൾ ഒട്ടകം കഴുത എല്ലാത്തിനെയും കൊന്നു കളയുക”. ഫലസ്തീനികളെ പുറന്തള്ളുക എന്ന ദൗത്യത്തിനായി ഒരുങ്ങി നിൽക്കുന്ന സൈന്യത്തോട് ഈ ദൈവകല്പന നടപ്പാക്കാനാണ് നെതന്യാഹുവിന്റെ ആഹ്വാനം. യൂറോപ്യൻ ജൂതന്മാർ പുരാണ കഥകളിലെ പ്രാചീന ഹീബ്രുകളാണ് എന്ന് വരുത്തിതീർത്ത് അവരെ ഫലസ്തീനിൽ തദ്ദേശീയവൽക്കരിക്കുക എന്ന സയണിസ്റ്റ് പദ്ധതിയുടെ ഭാഗമായാണ് നെതന്യാഹു മതത്തെ കൊണ്ടുവരുന്നത്. 

രണ്ട് സഹസ്രാബ്ധങ്ങൾക്ക് മുമ്പ് ഫലസ്തീനിൽ വസിച്ചിരുന്നത് ജൂത ജനതയാണെന്നും അവരാണ് ഫലസ്തീനിന്റെ ഏക അവകാശികൾ എന്നുമടക്കമുള്ള അത്തരം സയണിസ്റ്റ് ഐതിഹ്യങ്ങൾ ബൈബിൾ ആഖ്യാനങ്ങളോട് തികഞ്ഞ വൈരുദ്ധ്യം പുലർത്തുന്നവയാണ്. ആധുനിക ജൂതന്മാർ പ്രാചീന ഹീബ്രുകളുമായി നേരിട്ട് ബന്ധമുള്ള ഒരേയൊരു പിൻതുടർച്ചക്കാരാണെന്നത് ഒന്നാന്തരം കെട്ടുകഥയാണ്. കനാൻ ദേശം പിടിച്ചടക്കിയവരാണ് പ്രാചീന ഹീബ്രുകൾ എന്ന ബൈബിൾ വിവരണങ്ങൾക്ക് വിരുദ്ധമാണ് ഫലസ്തീൻ തദ്ദേശീയത അവകാശപ്പെടുന്ന സയണിസ്റ്റ് വാദങ്ങൾ. ഈ വ്യാജ വാദങ്ങളോട് പ്രതികരിച്ചു കൊണ്ടാണ് എഡ്‌വേഡ് സൈദ് ‘കനാനിയൻ വായന’ ക്ക്  വേണ്ടി ‌ ഊന്നിപറഞ്ഞത്. 

സെമിറ്റിക് വിരുദ്ധത എന്ന ചാപ്പ

ഫലസ്തീനിലെ സയണിസ്റ്റ് ആക്രമണങ്ങളുടെ രക്തരൂക്ഷിത ചരിത്രം മറച്ചുവെക്കാനുള്ള ഇസ്രായേലിന്റെയും അവരുടെ കൂട്ടാളികളായ പടിഞ്ഞാറൻ മാധ്യമങ്ങളുടെയും അസഹ്യമായ വാദമാണ് ‘ഹോളോകാസ്റ്റിന് ശേഷം’ ജൂതന്മാർക്കെതിരെ നടന്ന ഏറ്റവും മാരക ആക്രമണമായിരുന്നു ഒക്ടോബർ 7 ലെ ഹമാസ് ആക്രമണം എന്നത്. 

ഫലസ്തീനികളെ സെമിറ്റിക് വിരുദ്ധരെന്നും നാസികളെന്നും ചിത്രീകരിക്കാനുള്ള ഇസ്രായേലിന്റെയും സയണിസ്റ്റുകളുടെയും ശ്രമങ്ങൾ 1920 ലേക്കും 1930 ലേക്കും ചെന്നെത്തുന്നുണ്ട്. ഫലസ്തീനിനികളുടെ കൊളോണിയൽ വിരുദ്ധ സമരത്തെ സെമിറ്റിക് വിരുദ്ധതയെന്ന് വരുത്തിത്തീർത്ത് പടിഞ്ഞാറിന്റെ സഹതാപം നേടിയെടുക്കലാണ് നിന്ദ്യമായ ഈ പ്രചാരണങ്ങളുടെ ഉദ്ദേശ്യം. 

അധിനിവേശ ഇസ്രായേലിനെയും ഇസ്രായേലി ജൂതന്മാരെയുമാണ് ഫലസ്തീനികൾ ആക്രമിച്ചതെന്ന സത്യത്തെ മറച്ചു വെക്കാനാണ് ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തിൽ മരണപ്പെട്ട പട്ടാളക്കാരും സിവിലിയന്മാരും സെമിറ്റിക് വിരുദ്ധതയുടെ ഇരകളാണെന്ന് വരുത്തിതീർക്കുന്നത്. 

ജൂതരാണെന്ന കാരണത്താൽ മാത്രം സെമിറ്റിക് വിരുദ്ധരുടെ ആക്രമണത്തിന് ഇരയായ യൂറോപ്യൻ ജൂതന്മാരോട് ഇസ്രായേലി കുടിയേറ്റ ജൂതന്മാരെ സമീകരിക്കുന്നത് സ്വയം തന്നെയും സെമിറ്റിക് വിരുദ്ധതയാണ്. എന്നു മാത്രമല്ല രണ്ടാം ലോക യുദ്ധത്തിൽ കൊല്ലപ്പെട്ട ജൂതന്മാരുടെ ഓർമകളെ താറടിക്കലും കൂടെയാണ് ജൂത മേൽകോയ്മ കുടിയേറ്റ ഇസ്രായേൽ അധിനിവേശത്തിലേക്കുള്ള ആ സമീകരണം.

ഇസ്രായേലിന്റെ വംശീയ മേൽകോയ്മയോടും കുടിയേറ്റ അധിനിവേശത്തോടുമാണ് ഫലസ്തീനികൾ പോരാടിക്കൊണ്ടിരിക്കുന്നത്. അല്ലാതെ അവരുടെ ജൂതത്വത്തോടല്ല. അധിനിവേശകർ ക്രിസ്ത്യാനികളോ ഹിന്ദുക്കളോ മുസ്‌ലിംകളോ ആയിരുന്നെങ്കിൽ ഫലസ്തീനികൾ ഇത് പോലെ പ്രതിരോധിക്കില്ല എന്ന ആരോപണം തികഞ്ഞ വിഢിത്തമാണ്. 

ഫ്രം ദ റിവർ ടു ദ സി 

ജനപ്രിയ ഫലസ്തീൻ അനുകൂല മുദ്രാവാക്യമായ ‘ഫ്രം ദ റിവർ ടു ദ സി’ യോട് സാമ്രാജ്യത്വവാദിയും വംശീയവാദിയുമായ പടിഞ്ഞാറിനുള്ള ഭീതി ഫലസ്തീൻ പ്രതിരോധത്തെ സെമിറ്റിക് വിരുദ്ധതയായി ആരോപിക്കുന്ന നടപടികൾ തെര്യപ്പെടുത്തുന്നുണ്ട്. മുദ്രാവാക്യം സെമിറ്റിക് വിരുദ്ധമാണെന്ന് ക്യാമ്പയിൻ നടത്തുന്നതിലൂടെ ഗസ്സയിൽ നടക്കുന്ന കൂട്ടക്കൊലകളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സയണിസ്റ്റുകൾ ശ്രമിക്കുന്നത്. 

ജൂത മേൽക്കോയ്മ അധിനിവേശത്തിൽ നിന്നും വംശീയ അധികാരത്തിൽ നിന്നും ചരിത്ര ഫലസ്തീനും, ജോർദാൻ പുഴക്കും മെഡിറ്ററേനിയൻ കടലിനുമിടയിലുള്ള ഇസ്രായേലി വംശീയ സ്ഥാപനങ്ങളും നിയമങ്ങളും അസാധുവാക്കപ്പെട്ട് എല്ലാ ഫലസ്തീനികളും സ്വതന്ത്രരാവുമെന്നാണ് ‘ഫ്രം ദ റിവർ ടു ദ സി’ എന്ന മുദ്രാവാക്യത്തിന്റെ അർഥം. 

ഇസ്രായേലിന് അകത്ത് പ്രവർത്തിച്ചിരുന്ന അപാർത്തിഡ് വ്യവസ്ഥ തങ്ങളുടെ പൗരന്മാരായ ഫലസ്തീനികൾക്കെതിരെ താരതമ്യേനെ മയമുള്ള മർദ്ദന മുറകളായിരുന്നു നടാപ്പാക്കിയിരുന്നത്. എന്നാൽ കുടിയേറ്റക്കാരും (settlers) ഇസ്രായേൽ സൈന്യവും വംശഹത്യകൾ നടത്തിക്കൊണ്ടിരിക്കുന്ന വെസ്റ്റ് ബാങ്കിലേതിന് സമാനമായ രീതിയിൽ ഇവിടെയും കഴിഞ്ഞ മാസം മുതൽ കഠിന മർദ്ദനങ്ങൾക്ക് പൗരന്മാർ ഇരയാക്കപ്പെടുന്നതൊന്നും മുദ്രാവാക്യത്തെ എതിർക്കുന്നവർ ഗൗനിക്കുന്നില്ല എന്നാണ് മനസ്സിലാക്കാൻ പറ്റുന്നത്. 

മുദ്രാവാക്യ വിരോധികൾ, രണ്ട് രാഷ്ട്രമെന്ന പരിഹാരം മുന്നോട്ട് വെക്കുന്നവർ സവിശേഷമായും, വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അധിനിവേശത്തെ എതിർക്കുന്നുവെന്ന് ആവർത്തിച്ചു പറയുമ്പോഴും ജൂത മേൽക്കോയ്മ രാഷ്ട്രത്തെ പിഴുതെറിയുന്നതിനെ ശക്തിയായി എതിർക്കുന്നുവെന്ന നിലപാടാണ് കൈകൊള്ളുന്നത്. 

ഈ സയണിസ്റ്റ് വാദങ്ങളുടെ ചുരുക്കം ഇങ്ങനെയാണ്: അഥവാ, ജൂതരല്ലാത്തവരുടെ മേൽ ജൂത മേൽക്കോയ്മ സ്ഥാപിച്ചു അവരുടെ ഭൂമി കയ്യേറുമ്പോൾ മാത്രമാണ് ഇന്ന് ജൂത അസ്തിത്വത്തിന് നിലനിൽക്കാനാവുക. അത് കൊണ്ട് തന്നെ അവയോടുള്ള എല്ലാ എതിർപ്പുകളും സെമിറ്റിക് വിരുദ്ധതയാണ്. എന്നാൽ കുടിയേറ്റ അധിനിവേശവും ജൂത മേൽക്കോയ്മ പ്രത്യയശാസ്ത്രവുമാണ് ജൂതത്വം എന്ന് വരുത്തിതീർക്കുന്ന സയണിസ്റ്റ്- ഇസ്രായേലി പദ്ധതിയാണ് യഥാർത്ഥ സെമിറ്റിക് വിരുദ്ധത. ഈ പദ്ധതി ജൂതരുടെയോ ജൂത മതത്തിന്റെയോ അല്ല മറിച്ചു സയണിസ്റ്റ് പദ്ധതി മാത്രമാണ്. 

ഇസ്രായേലിനെ പ്രതിരോധിക്കുന്ന പടിഞ്ഞാറൻ സർക്കാറുകളുടെയും മാധ്യമങ്ങളുടെയും അഭിപ്രായ ഐക്യം ചിലരെയെങ്കിലും അത്ഭുതപ്പെടുത്തുന്നുണ്ട്. എന്നാൽ മുമ്പ് യൂറോപ്യൻ കോളനിയലിസ കാലം മുതൽ അധിനിവേശകർക്ക് അനുകൂലമായും അധിനിവിഷ്ഠ തദ്ദേശ ജനതകൾക്കെതിരിലും പടിഞ്ഞാറിൽ ഉണ്ടായിരുന്ന അതേ അഭിപ്രായ ഐക്യം തന്നെയാണ് ഇതും.  

അൾജീരിയയിലെ ഫ്രഞ്ച് അധിനിവേശത്തെ കുറിച്ചു ‘പ്രിയങ്കരനായ’ ഫ്രഞ്ച് ജനാധിപത്യവാദി അലെക്സിസ് ഡി ടോക്യവെല്ലി പറയുന്നത് നോക്കുക: “നമ്മൾ വിളവുകൾക്ക് തീയിടുന്നതും, പത്തായങ്ങൾ കാലിയാക്കുന്നതും, നിരായുധരായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ബന്ധികളാക്കുന്നതും തെറ്റാണെന്നു പറയുന്നവരിൽ ഞാൻ വിയോജിപ്പോടെ ബഹുമാനിക്കുന്നവരുമുണ്ട്. എന്നാൽ എന്റെ കാഴ്ചപ്പാടിൽ ഇവ ‘ഖേദമുള്ള അത്യാവശ്യ സംഗതികളാണ്’. എന്നല്ല അറബികളോട് യുദ്ധം ചെയ്യുമ്പോൾ പലർക്കും ചെയ്യേണ്ടി വരുന്ന കാര്യങ്ങളുമാണ്. ലിബറൽ മൂല്യത്തിന്റെ (സ്വാതന്ത്ര്യം) ബിംബമായ ജോൺ സ്റ്റുവർട്ട് മിൽ വ്യക്തമാക്കിയത് “ബാർബേറിയന്മാരോട് ഇടപാട് നടത്തുമ്പോൾ സ്വേച്ഛാധിപത്യം നിയമസാധുതയുള്ള രീതിയാണ്” എന്നാണ്. 

നമീബിയയിലെ ഹെറെറൊ ജനതക്കെതിരെ ജർമനി വംശഹത്യ നടത്തിയപ്പോൾ പാർലമെന്റിൽ കൺസർവേറ്റീവ്സുകളെയും ലിബറലുകളെയും പോലെ അഗസ്റ്റ് ബീബൽ നയിച്ച സോഷ്യലിസ്റ്റുകളും വംശീയവാദികളായിരുന്നു. കൺസർവേറ്റീവ്സുകളും ലിബറലുകളും ഹെറെറൊ ജനതയെ പൈശാചികവൽക്കരിച്ചു അമാനവിക ‘മൃഗങ്ങളാണെന്നു’ വിളിച്ചപ്പോൾ ബീബൽ ആ ജനതയുടെ കഷ്ടപ്പാടുകളോട് സഹതാപം കാണിക്കുന്നുണ്ട്. എന്നാൽ അവർ ഒട്ടും നാഗരികമല്ല എന്ന് അംഗീകരിച്ചു കൊണ്ട് ബീബൽ പ്രസ്താവിച്ചത് “അവർ സംസ്കാരമില്ലാത്ത കാടൻ ജനതയാണെന്ന് ഞാൻ ആവർത്തിച്ചു പറയുന്നു” എന്നായിരുന്നു.  

1871 ലെ പാരിസ് കമ്യൂൺ വിപ്ലവം നടത്തിയതിന്റെ പേരിൽ ന്യൂ കാലിഡോണിയയിലേക്ക് നാട് കടത്തപ്പെട്ട ഫ്രഞ്ച് കമ്യൂണാർഡുകൾ പോലും തദ്ദേശീയ കനക് ജനതയുടെ വംശഹത്യയിൽ സജീവമായി പങ്കുകൊണ്ടിട്ടുണ്ട്.

പടിഞ്ഞാറൻ അലംഭാവം 

ഗസ്സ കോൺസൻട്രേഷൻ ക്യാമ്പിനു മൂന്നു മൈൽ ദൂരത്തിൽ മാത്രം മ്യൂസിക് ഫെസ്റ്റിവൽ നടത്താൻ ചില ഇസ്രായേലി ജൂതന്മാർക്ക് എങ്ങനെ സാധിക്കുന്നു എന്നതാണ് ഒക്ടോബർ 7 ന് ശേഷം സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്നത്. യുവ ഇസ്രായേലികളുടെ ജനപ്രിയ നേരമ്പോക്കുകളാണ് താഴ്‌വരകളിലും പുറമ്പോക്കുകളിലും ‘പ്രകൃതി പാർട്ടികളും’ മ്യൂസിക് ഫെസ്റ്റിവലുകളും നടത്തുന്നത് എന്നാണ് മറ്റു ചിലർ വിശദീകരണം നൽകുന്നത്.  

ഇപ്രകാരം പാർട്ടികൾ സംഘടിപ്പിക്കുന്നത് ഇസ്രായേലികളുടെ മാത്രം പ്രത്യേകതയല്ല. അധിനിവേശ ദക്ഷിണാഫ്രിക്കയുടെ കോളനി ആയിരുന്ന നമീബിയയിലെ ഒരു അറ്റോർണി ജനറൽ വെള്ളക്കാരെ കുറിച്ചു 1983 ൽ പ്രസ്താവിക്കുന്നുണ്ട്. കറുത്ത വർഗക്കാരുടെ പ്രതിരോധം സജീവമായി നടക്കുമ്പോഴും “ഓപറേഷനൽ ഏരിയക്ക് ഉള്ളിൽ എന്താണ് നടക്കുന്നതെന്ന് സാധാരണ വെള്ളക്കാർക് ഒരു ധാരണയും ഉണ്ടാവില്ല” എന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. “ദക്ഷിണ ഭാഗത്തെ വെള്ളക്കാർ പാർട്ടികൾ സംഘടിപ്പിച്ചു കൊണ്ടിരിക്കും” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

തങ്ങളുടെ വീടുകളിൽ നിന്നും അഞ്ചു മൈൽ മാത്രം അകലെ നഗരപ്രാന്തങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങളോട് കണ്ണടക്കലായിരുന്നു വെള്ളക്കാരുടെ പതിവ് എന്നതിനാൽ തൊട്ടടുത്ത് നടക്കുന്ന ‘സംഹാരങ്ങളെ ’ വെള്ളക്കാർ അവഗണിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല  എന്നാണ് നമീബിയൻ സമരങ്ങളുടെ ചരിത്രകാരന്മാർ വിശദീകരിക്കുന്നത്. 

ഫലസ്തീൻ വിരുദ്ധതക്ക് പടിഞ്ഞാറിലുള്ള നിന്ദ്യമായ അംഗീകാരവുമായി ബന്ധപ്പെട്ട ശ്രദ്ധേയ കാര്യമാണ് സയണിസ്റ്റ് വാദങ്ങളെ പൊളിച്ചെഴുതുന്ന പടിഞ്ഞാറൻ അക്കാദമിക ലോകം. ഇസ്രായേൽ അനുകൂല പ്രചരണങ്ങളുടെ പ്രധാന അവലംബമായിരുന്നു മുമ്പ് പടിഞ്ഞാറൻ അക്കാഡമിയ. എന്നാൽ കഴിഞ്ഞ നാല്പത് വർഷമായി, ഫലസ്തീൻ ഭൂമിയുടെ മേലുള്ള അവകാശ വാദം മുതൽ എല്ലാവർക്കും ജനാധിപത്യം എന്നതുൾപ്പെടെ എല്ലാ സയണിസ്റ്റ് വാദങ്ങളെയും പടിഞ്ഞാറൻ അക്കാഡമിയ പൊളിച്ചു കളഞ്ഞിട്ടുണ്ട്. എന്നാൽ പടിഞ്ഞാറൻ സർക്കാരുകളെയും മുഖ്യധാര മാധ്യമങ്ങളെയും സ്വാധീനിക്കാൻ ഇവക്ക് ഒട്ടും സാധിച്ചിട്ടില്ല. 

1970 മുതൽ തന്നെ വിശ്വാസ്യത നഷ്ട്ടപെട്ട ഓറിയന്റലിസ്റ്റുകളെയാണ് സർക്കാറുകളും മാധ്യമങ്ങളും വീണ്ടും വീണ്ടും ഉപദേശികളായും വിദഗ്ധരായും നിയമിക്കുന്നത്. 9/11 ന് ശേഷം ബെർണാർഡ് ലൂയിസിനെ നിയമിച്ചതും അത്തരമൊരു നടപടിയാണ്. പടിഞ്ഞാറിലെ രാഷ്ട്രീയ ശക്തികൾക്ക് വെള്ള വംശീയതയോടുള്ള അചഞ്ചല പ്രതിബദ്ധതയെയാണ് ഇത് വരച്ചു കാണിക്കുന്നത്. സാമ്രാജ്യത്വവുമായി മുന്നോട്ടു പോവാൻ സയണിസവും അറബ് വിരുദ്ധതയും മുസ്‌ലിം വിരുദ്ധ വംശീയതയും മാത്രമാണ് സഹായമാവുക എന്ന വായനയാണിത്. 

സാമ്രാജ്യത്വത്തെയും വെള്ള മേൽക്കോയ്മയെയും പരിപോഷിപ്പിക്കുന്ന പാശ്ചാത്യ അകാദമിക അറിവുകളെ മാത്രം സ്വീകരിച്ചു കൊണ്ട് സാമ്രാജ്യത്വ പദ്ധതികൾ മുന്നോട്ട് കൊണ്ടു പോവുമെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. സാമ്രാജ്യത്വ ലക്ഷ്യങ്ങൾക്ക് വിലങ്ങു തടിയാവുന്ന എല്ലാ അറിവിനെയും അപ്രസക്തമെന്ന് തള്ളിക്കളയുകയോ സെൻസർ ചെയ്യുകയോ ആണ്. 

അമേരിക്കയും പാശ്ചാത്യ യൂറോപ്പും നയിക്കുന്ന വെള്ള മേൽക്കോയ്മ ശക്തികളും അവരുടെ ഇരയായ വെള്ളക്കാരല്ലാത്ത ജനതയും എന്നിങ്ങനെയാണ് ലോകം വിഭജിക്കപ്പെട്ടിരിക്കുന്നത്. ഏഷ്യയിലെ അവസാന കോളനിയെ സംരക്ഷിക്കാനുള്ള വെള്ള വംശീയവാദികളുടെ ലക്ഷ്യത്തിന് വേണ്ടി ദീർഘകാലമായി നടന്നു വരുന്ന യൂറോപ്യൻ അധിനിവേശ പീഡനങ്ങളുടെ ബാക്കിയാണ് ഇപ്പോൾ ഗസ്സയിൽ നടന്നു കൊണ്ടിരിക്കുന്ന വംശഹത്യ യുദ്ധ കുറ്റകൃത്യങ്ങൾ. 

എന്നാൽ, പുഴ മുതൽ കടൽ വരെയുള്ള പ്രദേശങ്ങളിൽ നിന്നും ഇസ്രായേലിന്റെ അപാർത്തിഡ് വ്യവസ്ഥയും ജൂത മേൽക്കോയ്മ ഭരണകൂടവും എടുത്തെറിയപ്പെടുന്നത് വരെയും ഫലസ്തീനി ജനത പ്രതിരോധം അവസാനിപ്പിക്കില്ല എന്ന സത്യത്തെ അംഗീകരിക്കാൻ വെള്ള മേൽക്കോയ്മ വാദികൾ തയാറാവുന്നില്ല.

 

വിവ: ഇർശാദ് പേരാമ്പ്ര

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

Related Articles