Current Date

Search
Close this search box.
Search
Close this search box.

സാഹോദര്യത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്ത് സ്‌നേഹ സംവാദം

മനാമ: സാഹോദര്യവും, സ്‌നേഹവും, ഐക്യവും നിലനിര്‍ത്താന്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സ്‌നേഹ സംവാദം ആഹ്വാനം ചെയ്തു. ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ കാപിറ്റല്‍ ചാരിറ്റിയുടെ സഹകരണത്തോടെ ‘പ്രവാചക ചര്യ സന്തുലിതമാണ് ‘ എന്ന ശീര്‍ഷകത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന കാമ്പയിനോടനുബന്ധിച്ച് നടത്തിയ സ്‌നേഹ സംവാദം പ്രവാസ മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ സംഗമ വേദിയായി. മാനവ സമൂഹത്തെ മുഴുവന്‍ ഒന്നായി കാണാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങള്‍ പകര്‍ന്ന് നല്‍കിയ പ്രവാചകന്‍ ഇസ്‌ലാമിക സമൂഹത്തോട് കല്‍പിച്ചതും സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തി മുന്നോട്ട് പോവാനാണെന്ന് സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം മുഹമ്മദ് മൂസ അല്‍ബലൂശി വ്യക്തമാക്കി. ദൈവിക പാശത്തെ മുറുകെപ്പിടിച്ച് ഭിന്നിപ്പിനെ ഒഴിവാക്കുവാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്ത കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശ വാഹകരായ ഇസ്‌ലാമിക സമൂഹം ഭിന്നിക്കുകയും പോരടിക്കുകയും ചെയ്യേണ്ടവരല്ലെന്നും മറിച്ച് ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന സംഘട്ടനങ്ങളും യുദ്ധങ്ങളും രക്തച്ചൊരിച്ചിലുകളും ഇല്ലാതാക്കുന്നതിന് മാനവിക പക്ഷത്ത് നിലകൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌നേഹസംവാദത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എം.സി.അബ്ദുല്‍ കരീം (ഐ.സി.എഫ്), സൈഫുല്ല ഖാസിം ഖാസിം (ഇന്ത്യന്‍ സലഫി സെന്റര്‍), ജൗഹര്‍ ഫാറൂഖി (ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), അബ്ദുല്‍ ഗഫൂര്‍ പാടൂര്‍ (അല്‍ അന്‍സാര്‍ സെന്റര്‍), സഈദ് റമദാന്‍ നദ് വി (ഫ്രന്റ്‌സ്) എന്നിവര്‍ സംസാരിച്ചു.
സമകാലിക ഇന്ത്യന്‍ സാഹചര്യം കാലുഷ്യത്തിന്റേതാക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുകയും യു.എ.പി.എ പോലുള്ള നിയമങ്ങള്‍ ചില വിഭാഗങ്ങളെ മാത്രം വേട്ടയാടാന്‍ ഉപയോഗിച്ച് കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ സാഹചര്യങ്ങളെ വിലയിരുത്തി ജാഗ്രതയോടെ നിലകൊള്ളേണ്ട ബാധ്യത മുസ്‌ലിം സമൂഹത്തിന് പൊതുവായും സംഘടനകള്‍ക്കും നേതാക്കള്‍ക്കും പ്രത്യേകമായും ഉണ്ടെന്ന് പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. റിഫ ദിശ സെന്ററില്‍ നടന്ന സംഗമത്തില്‍ ജമാല്‍ നദ്‌വി ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതം പറഞ്ഞു. ടി. കെ ഫാജിസിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിയില്‍ യൂനുസ് സലീം വിഷയാവതരണം നടത്തി.
എ.എം ഷാനവാസ് നിയന്ത്രിച്ച പരിപാടിയില്‍ പ്രോഗ്രാം കണ്‍വീനര്‍ മുനീര്‍ പയ്യോളി നന്ദി പറഞ്ഞു. സി.എം മുഹമ്മദലി, ഇ.കെ സലീം, എ.അഹ്മദ് റഫീഖ്, കെ. അബ്ദുല്‍ അസീസ്, വി.കെ അനീസ് , ഷൗക്കത്തലി, അന്‍വര്‍ സാജിദ്, എം. ബദ്‌റുദ്ദീന്‍, അബ്ദുല്‍ ഹഖ്, മുസ്തഫ, സിറാജ് പെരിങ്ങോട്ടുകര, പി.എം അഷ്‌റഫ്, അബ്ദുല്‍ മജീദ് തണല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles