Current Date

Search
Close this search box.
Search
Close this search box.

സംഘര്‍ഷം ഭയന്ന് മുസ്‌ലിം കുടുംബങ്ങള്‍ ബിസാര വിട്ടുപോകുന്നു

ദാദ്രി: ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ രവി സിസോദിയ മരണപ്പെട്ടതിനെ തുടര്‍ന്ന് ബിസാര ഗ്രാമത്തിലെ ആയിരക്കണക്കിനാളുകള്‍ വ്യാഴാഴ്ച്ച ധര്‍ണ ആരംഭിച്ചിരിക്കുകയാണ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്ന 17 പേരെയും മോചിപ്പിക്കണമെന്നതാണ് അവരുടെ ആവശ്യം. അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന പതിനെട്ടുകാരനായ സിസോദിയ ചികുന്‍ഗുനിയ ബാധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. സിസോദിയ മൃതദേഹത്തെ ദേശീയ പതാക പുതപ്പിച്ച് ‘രക്തസാക്ഷി’ പരിവേഷം നല്‍കുകയാണ് പ്രതിഷേധക്കാര്‍ ചെയ്തിരിക്കുന്നത്. ജയില്‍ ജീവനക്കാര്‍ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അവര്‍ ആരോപിക്കുന്നത്. സിസോദിയക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കളിപ്പോള്‍ പറയുന്നത്. എന്നാല്‍ ചികുന്‍ഗുനിയ ബാധിച്ച സിസോദിയയെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന് ഗൗതം ബുദ്ധ് നഗര്‍ ജില്ലയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 30ന് ബന്ധുക്കള്‍ നല്‍കിയ അപേക്ഷക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ വാദം.
കുപ്രസിദ്ധ വിദ്വേഷ പ്രാസംഗികയായ സ്വാധി പ്രാച്ചി ഉള്‍പ്പെടെ ആര്‍.എസ്.എസിന്റെയും ബജ്‌റംഗ്ദളിന്റെയും നിരവധി നേതാക്കള്‍ സ്ഥലത്തത്തെി പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നുണ്ട്. രവിയുടെ മരണത്തിന് പ്രതികാരം ചെയ്യണമെന്ന് പ്രാച്ചി ആഹ്വാനം ചെയ്തു. മുസഫര്‍നഗര്‍ കലാപക്കേസിലെ കുറ്റാരോപിതനായ ബി.ജെ.പി എം.എല്‍.എ സംഗീത് സോമും എത്തുമെന്നറിയിച്ചിട്ടുണ്ട്. അതിനിടെ മരണപ്പെട്ട രവിയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ നല്‍കുമെന്ന് യു.പി സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, നഷ്ടപരിഹാരമായി ഒരു കോടി രൂപയും കുടുംബാംഗത്തിനു ജോലിയും നല്‍കുമെന്ന് ഉറപ്പ് ലഭിച്ചാലേ സംസ്‌കാരം നടത്തൂ എന്നാണ് സംഘ് അനുകൂലികളുടെ നിലപാട്. പോലീസിന്റെ നിറ സാന്നിദ്ധ്യത്തില്‍ ദാദ്രിയിലെ പ്രാദേശിക നേതാക്കളിലൊരാളായ കപില്‍ ഭാട്ടി ഹിന്ദുക്കളോട് അദ്ദേഹത്തിന്റെ മരണത്തില്‍ പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ‘ദ ഹിന്ദു’ റിപോര്‍ട്ട് വ്യക്തമാക്കി.
സര്‍ക്കാറും ഗ്രാമത്തിലെ മുതിര്‍ന്ന പൗരന്‍മാരും മുസ്‌ലിംകള്‍ക്ക് സുരക്ഷ നല്‍കുന്നുണ്ടെങ്കിലും ഹിന്ദുത്വ നേതാക്കള്‍ പടര്‍ത്തിയിരിക്കുന്ന വെറുപ്പിന്റെ അന്തരീക്ഷം ഭയന്ന് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഗ്രാമം വിട്ടുപോയി കൊണ്ടിരിക്കുയാണെന്ന് പ്രദേശത്തെ പള്ളിയിലെ ഇമാമായ ദാവൂദ് പറയുന്നു.

Related Articles