Current Date

Search
Close this search box.
Search
Close this search box.

യു.എസിന് ആണവകരാറിലേക്ക് മടങ്ങാനുള്ള സമയത്തിന് പരിധിയുണ്ട്: ഇറാന്‍

തെഹ്‌റാന്‍: അമേരിക്കക്ക് ആണവ കരാറിലേക്ക് മടങ്ങിവരാനുള്ള സമയം പരിധിയില്ലാത്തതല്ല എന്ന മുന്നറിയിപ്പുമായി ഇറാന്‍. ട്രംപ് ഭരണകൂടത്തിന്റെ പരാജയപ്പെട്ട നയങ്ങള്‍ പിന്തുടരരുതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ഇറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ടാണ് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് മുഹമ്മദ് ഷരീഫ് ബൈഡന് ഭരണകൂടത്തിന് മുന്നിറിയിപ്പ് നല്‍കിയത്.

തിങ്കളാഴ്ച സി.എന്‍.എന്‍ ടെലിവിഷന്‍ നല്‍കിയ അഭിമുഖത്തിലാണ് ഷരീഫ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എസ് ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുകയാണെങ്കില്‍ ഇറാന്‍ ഉടമ്പടിക്ക് അനുസൃതമായി ഉടനടി ആണവ കരാറിലേക്ക് മടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ആണവ കരാറില്‍ അമേരിക്ക ഇല്ല, അവര്‍ സ്വയം പിന്മാറാന്‍ തീരുമാനിച്ചതിനാല്‍ തന്നെ അവര്‍ ആണവ കരാറില്‍ ഉള്‍പ്പെടില്ല- ശരീഫ് പറഞ്ഞു.

ഇറാനിയന്‍ സമ്പദ്‌വ്യവസ്ഥ, എണ്ണ, ബാങ്കിംഗ്, ഗതാഗതം എന്നിവയുള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ നടപ്പിലാക്കിയ ഉപരോധം നീക്കാന്‍ ബൈഡന്‍ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും ശരീഫ് ആവശ്യപ്പെട്ടു. ബൈഡന്‍ ആണവ കരാറിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് നേരത്തെയും ഇറാന്‍ ആവര്‍ത്തിച്ചിരുന്നു.

Related Articles