Current Date

Search
Close this search box.
Search
Close this search box.

ഐലന്‍ കുര്‍ദിയെ ഓര്‍ക്കാത്തവര്‍ ഉണ്ടാവില്ല

ഐലന്‍ കുര്‍ദിയെ ഓര്‍ക്കാത്തവര്‍ ഉണ്ടാവില്ല. സിറിയയിലെ യുദ്ധഭൂമിയില്‍നിന്ന് മാതാപിതാക്കള്‍ക്കൊപ്പം പലായനം ചെയ്യവെയാണ് മൂന്നു വയസ്സുകാരന്‍ ഐലന്‍ ബോദ്രമിനടുത്ത് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിച്ചത്. അഞ്ചു വര്‍ഷം മുമ്പായിരുന്നു അത്.

കുര്‍ദിയുടെ ഓര്‍മകള്‍ മായുന്നതിനു മുമ്പിതാ മറ്റൊരു ദിരന്തം. സിറിയയിലെ ഇബ്‌ലിദില്‍ യുദ്ധം രൂക്ഷമായതോടെ അവിടെനിന്ന് മാതാപിതാക്കളോടൊപ്പം പലായനം ചെയ്ത സിറിയന്‍ ബാലനാണ് ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിനു സമീപം കടലില്‍ മുങ്ങിമരിച്ചത്. തുര്‍ക്കിയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം ശക്തമായതോടെയാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അതിരുകള്‍ അങ്കാറ തുറന്നിട്ടത്.

1,300 ലേറെ അഭയാര്‍ഥികളാണ് കഴിഞ്ഞ രണ്ടു ദിവസമായി തുര്‍ക്കിയോട് ചേര്‍ന്നുള്ള ഗ്രീസിലെ അഞ്ച് ഈജിയന്‍ ദ്വീപുകളില്‍ എത്തിയത്. ഇവരെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ഗ്രീസ്. എന്നാല്‍, 37 ലക്ഷത്തോളം അഭയാര്‍ഥികളെ സ്വീകരിച്ചിട്ടുള്ള തുര്‍ക്കി, പുതിയ സാഹചര്യത്തില്‍ സിറിയയില്‍നിന്ന് പലായനം ചെയ്‌തെത്തുന്ന ഒരു ലക്ഷത്തോളം പേരെ ഉള്‍ക്കൊളളാനാവില്ലെന്ന് യൂറോപ്യന്‍ യൂനിയനെ അറിയിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളാവട്ടെ, അഭയാര്‍ഥികളെ സ്വീകരിക്കാനാവില്ലെന്ന നിലപാടിലുമാണ്. എട്ടു വര്‍ഷത്തിലേറെയായി തുടരുന്ന സിറിയയിലെ യുദ്ധം അവസാനിക്കാത്തിടത്തോളം ഇത്തരം ദുരന്തങ്ങള്‍ ലോകം കേട്ടുകൊണ്ടേയിരിക്കും.

– പി.കെ നിയാസ്‌

Related Articles