Current Date

Search
Close this search box.
Search
Close this search box.

2030 ലോകകപ്പ്: സൗദി കരുനീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്

റിയാദ്: 2030ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ആതിഥോയത്വം വഹിക്കാന്‍ സൗദി അറേബ്യ കരുനീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ന്യൂയോര്‍ക്ക് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട ലേലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പാശ്ചാത്യന്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പിനോട് സൗദി സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള ലേല നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്.

നിലവില്‍ ഒരു യൂറോപ്യന്‍ രാജ്യം പങ്കാളിയായി ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ സാധ്യതയുള്ള ഉടമ്പടിയുമായാണ് മുന്നോട്ട് പോകുന്നതെന്നും ഇതിനിടയില്‍ സൗദിയുടെ സാധ്യത എത്രത്തോളമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2022 ലോകകപ്പ് ഗള്‍ഫ് രാഷ്ട്രമായ ഖത്തറിന് ലഭിച്ച സ്ഥിതിക്ക് 2030ലെ ആതിഥേയത്വം വീണ്ടും ഒരു അറബ് രാഷ്ട്രത്തിന് ലഭിക്കാനുള്ള ശ്രമം ആത്യന്തികമായി ബുദ്ധിമുട്ടാണ്.

ടൂര്‍ണമെന്റിനായുള്ള സൗദി അറേബ്യയുടെ നടപടികള്‍ക്ക് ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ കടുത്ത മത്സരത്തെ നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, റൊമാനിയ, ഗ്രീസ്, ബള്‍ഗേറിയ, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളും നേരത്തെ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

Related Articles