Current Date

Search
Close this search box.
Search
Close this search box.

താലിബാന്‍ ഭരണത്തില്‍ സ്ത്രീകളില്ല; രാഷ്ട്രങ്ങള്‍ പ്രതികരിക്കുന്നു

കാബൂള്‍: യു.എസ് നിയന്ത്രണത്തിലുള്ള വിദേശ സൈന്യം പിന്‍വാങ്ങി മൂന്നാഴ്ചകള്‍ക്ക് ശേഷം ചൊവ്വാഴ്ച താലിബാന്‍ പുതിയ ഭരണകൂടം പ്രഖ്യാപിച്ചു. 1990ലെ താലിബാന്‍ ഭരണകാലത്തെ മുതിര്‍ന്ന മന്ത്രിയായ മുല്ല മുഹമ്മദ് ഹസന്‍ അഖുന്ദ പ്രധാനമന്ത്രിയും, 2020ലെ യു.എസ് പിന്‍വാങ്ങല്‍ കരാര്‍ ഒപ്പുവെക്കുന്നതിന് മേല്‍നോട്ടം വഹിച്ച താലിബാന്‍ സഹസ്ഥാപകന്‍ അബ്ദുല്‍ ഗനി ബറാദാര്‍ ഉപ പ്രധാനമന്ത്രിയുമാണ്. ഹഖാനി ശൃംഖയുടെ സ്ഥാപകരില്‍ ഒരാളായ സിറാജുദ്ധീന്‍ ഹഖാനി പ്രധാന സ്ഥാനമായ ആഭ്യന്തര മന്ത്രിയായി നിയമിക്കപ്പെട്ടിരിക്കുന്നു.

നിലവിലെ താലിബാന്‍ സര്‍ക്കാര്‍ അംഗങ്ങള്‍ക്ക് യു.എസിന്റെയും യു.എന്നിന്റെയും വിലക്കുകളുണ്ട്. പ്രധാനമന്ത്രി ഹസന്‍ അഖുന്ദക്ക് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ആഭ്യന്തര മന്ത്രി സിറാജുദ്ധീന്‍ ഹഖാനിയും യു.എസിന്റെ തീവ്രവാദ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. അല്‍ഖാഇദ ബന്ധം, ചാവേര്‍ ആക്രമണം തുടങ്ങിയവയിലെ പങ്കാളിത്തം മുന്‍നിര്‍ത്തി എഫ്.ബി.ഐയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തിയാണ് സിറാജുദ്ധീന്‍ ഹഖാനി.

താലിബാന്‍ അധികാരത്തിലേറിയ സാഹചര്യത്തില്‍ യു.എന്നും യു.എസും തുര്‍ക്കിയും ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ പ്രതികരണമായി രംഗത്തുവന്നിരിക്കുന്നു. താലിബാന്റെ വാക്കുകളല്ല, പ്രവര്‍ത്തനങ്ങള്‍ നോക്കിയാണ് വിലയിരുത്തുകയെന്ന പ്രസ്താവനകള്‍ രാഷ്ട്രതലവന്മാരുടെ ഭാഗത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നു.

പ്രഖ്യാപിക്കപ്പെട്ട പട്ടികയിലെ പേരുകള്‍ താലിബാന്‍ അംഗങ്ങളുടെയോ അവരുടെ സഹകാരികളുടെയോ അടുത്ത ബന്ധമുള്ളവരുടെയോ ആണ്. സ്ത്രീകള്‍ ആരും തന്നെയില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ചില വ്യക്തികളുടെ ബന്ധങ്ങളിലും നാള്‍വഴികളിലും ഞങ്ങള്‍ ആശങ്കപ്പെടുന്നു. താലിബാന്‍ താല്‍ക്കാലിക മന്ത്രിസഭ പ്രഖ്യാപിച്ചിതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്നിരുന്നാലും, ഞങ്ങള്‍ വാക്കുകള്‍ കൊണ്ടല്ല, താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് വിലയിരുത്തുക -യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.

താല്‍ക്കാലിക മന്ത്രിസഭ എത്രകാലം തുടരുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഈ പ്രവര്‍ത്തനം സൂക്ഷമമായി നിരീക്ഷിക്കുയാണ് ഞങ്ങള്‍ക്ക് ചെയ്യാനുള്ളത് -ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വലിയ പ്രായോഗിക ഇടപെടലാണ് അവര്‍ കാണിച്ചിരിക്കുന്നത്. നമുക്ക് അവസരങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഒപ്പം അവരുടെ പൊതു പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കേണ്ടതുണ്ട് -ഖത്തര്‍ ഉപവിദേശകാര്യ മന്ത്രി ലൗല അല്‍ഖാതിര്‍ പറഞ്ഞു.

അത് ഞങ്ങള്‍ ചെയ്ത കാര്യമല്ല, രാജ്യത്തെ അംഗങ്ങള്‍ ചെയ്തതാണ്. ഇന്നത്തെ പ്രഖ്യാപനത്തെ കുറിച്ച് ഞങ്ങളുടെ കാഴ്ചപ്പാട്, ചര്‍ച്ച ചെയ്യപ്പെടുന്ന ഉള്‍കൊള്ളുന്ന ഒത്തുതീര്‍പ്പ് മാത്രമാണ് അഫ്ഗാനിസ്ഥാനില്‍ ശാശ്വതമായ സമാധാനം കൊണ്ടുവരികയുള്ളൂ എന്നതാണ് -യു.എന്‍ വക്താവ് ഫര്‍ഹാന്‍ ഹഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലിംഗ സമത്വത്തിന്റെയും യഥാര്‍ഥ ജനാധിപത്യത്തന്റെയും അടിസ്ഥാന മുന്‍നിബന്ധനയെന്നത് സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തമാണ്. സ്ത്രീകളെ ഭരണ സംവിധാനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിലൂടെ, താലിബാന്‍ നേതൃത്വം എല്ലാവരെയും ഉള്‍കൊള്ളുന്ന ശക്തവും സമൃദ്ധവുമായ സമൂഹം കെട്ടിപ്പടുക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തെ കുറിച്ച് തെറ്റായ സന്ദേശമാണ് നല്‍കുന്നത് -യു.എന്‍ വനിതാ ഏജന്‍സി മേധാവി പ്രമീള പട്ടേന്‍ പറഞ്ഞു.

Related Articles