Current Date

Search
Close this search box.
Search
Close this search box.

കര്‍ണാടക: പാകിസ്താന്‍ റിപ്പബ്ലിക് ദിനാശംസ നേര്‍ന്നെന്ന് ആരോപിച്ച് യുവതിയെ അറസ്റ്റ് ചെയ്തു

ബംഗളൂരു: പാകിസ്താന്‍ റിപ്പബ്ലിക് ദിനത്തില്‍ മതസൗഹാര്‍ദ ആശംസകള്‍ അര്‍പ്പിച്ച യുവതിയെ കര്‍ണാടക പൊലിസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ബഗല്‍കോട് ജില്ലയിലെ മുദോള്‍ ടൗണിലെ ഖുത്മ ഷെയ്ഖിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ദി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് തിങ്കളാഴ്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘എല്ലാ ജനതയെയും ദൈവം സമാധാനവും ഐക്യവും മതസൗഹാര്‍ദവും കൊണ്ട് അനുഗ്രഹിക്കട്ടെ’ എന്നാണ് മാര്‍ച്ച് 3ന് ഖുത്മ തന്റെ വാട്‌സാപ് സ്റ്റാറ്റസില്‍ പോസ്റ്റ് ചെയ്തത്. പാകിസ്താന്‍ റിപ്ലബിക് ദിനത്തില്‍ ഉര്‍ദുവിലായിരുന്നു പോസ്റ്റ്. മാര്‍ച്ച് 24ന് അരുണ്‍ കുമാര്‍ ഭജാന്ദ്രി എന്നു പേരുള്ള ഒരാള്‍ നല്‍കിയ പരാതിയിലാണ് ഖുത്മയെ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുത്തത്. ഒരു ദിവസത്തിന് ശേഷം അവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

യുവതി സ്ത്രീ സമൂഹങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും ഭജാന്ത്രി പോലീസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 (എ) (മതം, വംശം മുതലായവയുടെ അടിസ്ഥാനത്തില്‍ സംഘങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കല്‍), 505 (2) (സമൂഹങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പ്രസ്താവനകള്‍) എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തത്.

സുരക്ഷയും ക്രമസമാധാന നിലയും നിലനിര്‍ത്തുന്നതിനാണ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. അവളുടെ പോസ്റ്റ് പാകിസ്ഥാന്റെ റിപ്പബ്ലിക് ദിനത്തെ അനുസ്മരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് വ്യാഖ്യാനിക്കാം, ഞങ്ങള്‍ കൃത്യസമയത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇത് അസ്വസ്ഥതകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുമായിരുന്നെന്നും പൊലിസ് പറഞ്ഞു. സംഭവത്തിനെതിരെ വ്യാപക വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. പൊലിസ് സാമാന്യബുദ്ധിയോടെ പ്രവര്‍ത്തിക്കണമായിരുന്നെന്ന് സമൂഹിക പ്രവര്‍ത്തകനായ ഭീമന ഗൗഡ പറഞ്ഞു.

 

Related Articles