Current Date

Search
Close this search box.
Search
Close this search box.

ബലികര്‍മം: കോവിഡ് ടെസ്റ്റിന്റെ പ്രായോഗികത പരിശോധിക്കണമെന്ന് വിസ്ഡം

കോഴിക്കോട്: ബലികര്‍മവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങളിലെ കോവിഡ് ടെസ്റ്റിന്റെ പ്രായോഗികത പരിശോധിക്കണമെന്ന് വിസ്ഡം മുജാഹിദ് വിഭാഗം ആവശ്യപ്പെട്ടു. സംഘടനയുടെ ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ് ആണ് ഇതു സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്.

ബലിപെരുന്നാള്‍ അടുത്ത് വരുന്ന സാഹചര്യത്തില്‍ ബഹു: മുഖ്യമന്ത്രി മുസ്ലിം സംഘടനാ നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. കുതിച്ചുയരുന്ന കോവിഡിന്റെ ഭീഷണിയെ ഗൗരവമായി പരിഗണിച്ചു കൊണ്ടായിരിക്കണം ഇപ്രാവശ്യത്തെ ബലിപെരുന്നാള്‍ ആഘോഷിക്കേണ്ടതെന്ന കാര്യത്തില്‍ സംഘടനാ നേതാക്കള്‍ ഒരൊറ്റ നിലപാടെടുത്തു.ഈദ് ഗാഹുകള്‍ ഒഴിവാക്കാനും പള്ളികള്‍ തുറക്കാത്തവര്‍ അതേനില തുടരാനും ധാരണയായി.പെരുന്നാള്‍ നമസ്‌കാരവും ജുമുഅയും പള്ളിയില്‍ നിര്‍വ്വഹിക്കുന്നവര്‍ എണ്ണം വര്‍ധിക്കാതെ കടുത്ത ജാഗ്രത കൈകൊള്ളാനും തീരുമാനിച്ചു.

ബലികര്‍മ്മം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ജനക്കൂട്ടമില്ലാതെ നിര്‍വ്വഹിക്കാം. അറവില്‍ നേരിട്ട് ഇടപെടുന്ന ജോലിക്കാര്‍ മുഖേന രോഗവ്യാപനം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ആമുഖ സംസാരത്തില്‍ ഉണര്‍ത്തിയിരുന്നു.
എന്നാല്‍ അവര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന ചര്‍ച്ച യോഗത്തില്‍ സജീവമായി നടന്നതായി ഓര്‍ക്കുന്നില്ല.അതിന്റെ പ്രായോഗികത പരിശോധിക്കപ്പെടണം.

ടെസ്റ്റ് നടത്തുന്നതിലുള്ള ഗുണപരമായ വശത്തെ മുഖവിലക്കെടുക്കുമ്പോള്‍ തന്നെ അതിന്റെ പ്രായോഗികത ബലികര്‍മ്മത്തെ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്യുന്നത്. കോവിഡ് വ്യാപനത്തെ തടയാന്‍
പൊതുജനങ്ങള്‍ ഇടപെടുന്ന എല്ലാ മേഖലയിലും ടെസ്റ്റ് നടപ്പാക്കുക അപ്രായോഗികമാണ്.
ബലികര്‍മ്മത്തിലും അത് ബാധകമാണ് . പരിശോധനാ കേന്ദ്രങ്ങളുടെ ലഭ്യതയും അതിന് വരുന്ന ചെലവും സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന സര്‍ക്കാര്‍ സംവിധാനമൊരുക്കിയാലെ ഇത് നടപ്പാക്കാനാവൂ. ബലികര്‍മ്മത്തിന് മാത്രമായി കോവിഡ് ടെസ്റ്റ് നിര്‍ബന്ധിക്കുന്നത് ശരിയല്ല.

പരിശോധന നടത്താനുള്ള കേന്ദ്രങ്ങളുടെ കുറവും, ചിലയിടങ്ങളില്‍ ഈടാക്കുന്ന വന്‍ ഫീസും, സമയദൈര്‍ഘ്യവും എല്ലാം പരിഗണിച്ചു കൊണ്ടുള്ള ഒരു പ്രായോഗിക സമീപനമായിരിക്കണം ഈ വിഷയത്തില്‍ സര്‍ക്കാര്‍ കൈകൊള്ളേണ്ടത്.

വീഡിയോ കോണ്‍ഫറന്‍സില്‍ ഇന്റര്‍നെറ്റിന്റെ സാങ്കേതിക തകരാറും സമയത്തിന്റെ അപര്യാപ്തതയും കാരണം കോവിഡ് ടെസ്റ്റ് സംബന്ധിച്ച വിശദ ചര്‍ച്ച നടന്നിട്ടില്ല. അതിനാല്‍ സമുദായ നേതാക്കളുടെ സമ്പൂര്‍ണ്ണ പിന്തുണ കോവിഡ് ടെസ്റ്റിന്റെ കാര്യത്തില്‍ ഉണ്ടെന്ന് വരുന്നത് ശരിയല്ല.

Related Articles