Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം കുടുംബത്തെ ട്രക്കിടിച്ചു കൊലപ്പെടുത്തിയ കാനഡയിലെ വെളുത്ത ദേശീയത

ഒട്ടാവോ: കാനഡയില്‍ നാല് പേരടങ്ങുന്ന ഒരു മുസ്ലീം കുടുംബത്തെ കൊലപ്പെടുത്തിയ കനേഡിയന്‍ പൗരന്‍ വെളുത്ത ദേശീയതയെന്ന് റിപ്പോര്‍ട്ട്. 2021 ജൂണില്‍ ലണ്ടനിലെ ഒന്റാറിയോയില്‍ നടന്ന കൊലപാതകത്തിലെ പ്രതിയായ നഥാനിയല്‍ വെല്‍റ്റ്മാന്‍ എന്ന 22 കാരന്‍ വെളുത്ത വംശീയതയില്‍ വിശ്വസിക്കുകയും ഭീകരപ്രവര്‍ത്തനം നടത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞത്.
സല്‍മാന്‍ അഫ്സല്‍ എന്നയാളുടെ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ വെല്‍റ്റ്മാന്‍ കോടതിയില്‍ കുറ്റം സമ്മതിച്ചിട്ടില്ല. കനേഡിയന്‍ കോടതിയില്‍ വെള്ളക്കാരുടെ മേല്‍ക്കോയ്മയുമായി ബന്ധപ്പെട്ട തീവ്രവാദ കേസ് ആദ്യമായി കേള്‍ക്കുന്നതിനും ഈ കേസ് സാക്ഷ്യം വഹിച്ചു.

ഒരു ദിവസം സായാഹ്ന സവാരിക്കായി ഇറങ്ങിയ അഫ്‌സലും അഞ്ചംഗം കുടുംബവും ലണ്ടന്‍ തെരുവിലൂടെ നടക്കുമ്പോള്‍ തന്റെ പിക്കപ്പ് ട്രക്ക് പ്രതി ഇവര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുടുംബാംഗങ്ങള്‍ മുകളിലേക്ക് തെറിച്ച് റോഡില്‍ വീഴുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. ഇരകളുടെ വസ്ത്രങ്ങളുടെ ഭാഗം പിന്നീട് ട്രക്കിന്റെ ഫ്രണ്ട് ഗ്രില്ലിലും ബമ്പറിലും പതിഞ്ഞ നിലയില്‍ കണ്ടെത്തിയതായും പ്രോസിക്യൂട്ടര്‍ സാറാ ഷെയ്ഖിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പിന്നാലെ തൊട്ടടുത്ത ഷോപ്പിങ് മാളില്‍ വെച്ചാണ് പ്രതിയെ പൊലിസ് പിടികൂടിയത്. ‘താനാണ് കൊല നടത്തിയതെന്നും മുസ്ലീം കുടിയേറ്റത്തിനെതിരെ ‘ശക്തമായ ഒരു സന്ദേശം അറിയിക്കാന്‍’ താന്‍ ആഗ്രഹിക്കുന്നുവെന്നും’ പ്രതി പൊലിസിനോട് പറഞ്ഞിരുന്നു.

പോലീസ് ശേഖരിച്ച തെളിവുകളില്‍ വെള്ളക്കാരുടെ ദേശീയതയെ കുറിച്ചും കൂട്ടകുടിയേറ്റത്തിന് എതിരെയുള്ള എഴുത്തുകളും നിരവധി കത്തികളും എയര്‍ ഗണ്ണും ഇയാളുടെ ട്രക്കില്‍ നിന്ന് പൊലിസ് പിടിച്ചെടുത്തു.

കാനഡയില്‍ മുസ്ലീം സമുദായങ്ങള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ 2021ല്‍ മാത്രം 71 ശതമാനം വര്‍ധിച്ചതായി സര്‍ക്കാര്‍ ഏജന്‍സിയായ സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊലപാതകങ്ങള്‍ വിദ്വേഷത്താല്‍ പ്രേരിതമായ ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു.

അഫ്സലിന്റെ കുടുംബത്തിലെ നാല് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സല്‍മാന്‍ അഫ്‌സല്‍ (46), അദ്ദേഹത്തിന്റെ ഭാര്യ മദിഹ സല്‍മാന്‍ (44) മാതാവ് തല്‍ഹത് അഫ്സല്‍(74) മകള്‍ യുമ്ന(15) എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ ഇളയ മകനും മറ്റു ഒന്‍പത് പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

Related Articles