Current Date

Search
Close this search box.
Search
Close this search box.

‘ഭാവിയില്‍ ആയുധങ്ങള്‍ വേണ്ടിവരും’; കലാപാഹ്വാനവുമായി ബി.ജെ.പി നേതാവ്- വീഡിയോ

ന്യൂഡല്‍ഹി: വീണ്ടും മുസ്ലിംകള്‍ക്കെതിരെ കലാപാഹ്വാനവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്ത്. ഇത്തവണ ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ സംഗീത് സോം ആണ് ഉത്തര്‍പ്രദേശിലെ മീറത്തില്‍ വെച്ച് നടന്ന ആയുധപൂജ ചടങ്ങിനിടെ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്തത്. ‘ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യ വര്‍ദ്ധിക്കുന്ന വഴിയില്‍ തീവ്രവാദവും വര്‍ദ്ധിക്കുന്നു, വിഘടനവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍, തലവെട്ടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും വര്‍ധിക്കുന്നു. ഇതെല്ലാം അവസാനിപ്പിക്കാന്‍, അധികാരത്തോടൊപ്പം, ഭാവിയില്‍ ആയുധങ്ങളും ആവശ്യമാണ്, രജപുത്ര സമൂഹം വീണ്ടും ആയുധമെടുക്കേണ്ടിവരും’ സര്‍ധാന മണ്ഡലത്തിലെ മുന്‍ ബി.ജെ.പി എംഎല്‍എ ആയ സോം പറഞ്ഞു.

ഒരു മതത്തിന്റെ പുരോഗതി ഉറപ്പാക്കാന്‍ ത്യാഗവും തപസ്സും സമര്‍പ്പണവും ആവശ്യമാണ്. ദേശവിരുദ്ധ ശക്തികള്‍ രാജ്യത്ത് ആക്രമണം നടത്തുന്നുണ്ടെന്നും അതിനാല്‍ ആയുധങ്ങളുടെ പ്രാധാന്യം വര്‍ധിച്ചിട്ടുണ്ടെന്നും സോം പറഞ്ഞു.

https://twitter.com/i/status/1578037425598877696

കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ വര്‍ഗീയവത്കരിക്കാനും അദ്ദേഹം ശ്രമിച്ചു. ‘ഇസ്ലാമുമായി ബന്ധപ്പെട്ട പച്ചക്കൊടികള്‍ കേരളത്തിലെ മാര്‍ച്ചില്‍ കാണാമെന്നും എന്നാല്‍ ദേശീയ പതാകയില്ലെന്നും അദ്ദേഹം കള്ളപ്രചാരണം നടത്തി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലുടനീളം പച്ച പതാകകള്‍ ദൃശ്യമാകുന്ന ദിവസം വിദൂരമല്ല, അതിനാല്‍ വിവേകത്തോടെ പ്രവര്‍ത്തിക്കുക’ അദ്ദേഹം അണികളോട് പറഞ്ഞു.

സിനിമകളിലെ ‘തെറ്റായ’ ചിത്രീകരണം ഉള്‍പ്പെടെ രജപുത്രരെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സോം ആരോപിച്ചു. 2012 മുതല്‍ 2022 വരെ സര്‍ധനയില്‍ നിന്നുള്ള ബിജെപി എം.എല്‍.എയായിരുന്നു സോം. ഈ വര്‍ഷം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി അതുല്‍ പ്രധാനനോട് പരാജയപ്പെട്ടിരുന്നു. Indian American Muslim Council ഇദ്ദേഹത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

2013ലെ മുസാഫര്‍നഗര്‍ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചും സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ വീഡിയോ അപ്ലോഡ് ചെയ്തതിനും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.

Related Articles