Current Date

Search
Close this search box.
Search
Close this search box.

‘ഞങ്ങള്‍ക്ക് ഭക്ഷണം വേണം’ അഭയാര്‍ത്ഥി ക്യാംപില്‍ നിന്നും ഫലസ്തീനികള്‍

ഗസ്സ സിറ്റി: ‘ഞങ്ങള്‍ക്ക് ഭക്ഷണം ആവശ്യമുണ്ട്, വസ്ത്രങ്ങള്‍ വേണം, കിടക്ക വേണം, പാല്‍ വേണം’ ഗസ്സ സിറ്റിയിലെ സ്‌കൂള്‍ ക്ലാസ് മുറിയില്‍ നിന്നും നിരാശയോടെയാണ് അല്‍ അബ്‌രീദ് പറയുന്നത്. രണ്ടാഴ്ച മുമ്പാണ് അബ്‌രീദ് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ഹസന്‍ എന്ന പേരുള്ള തന്റെ കൈകുഞ്ഞിനെയും കൊണ്ട് വീടു വിട്ടിറങ്ങേണ്ടി വന്നിരിക്കുകയാണ് അബ്‌രീദിന്.

യു.എന്നിന്റെ കീഴിലുള്ള സ്‌കൂളിലെ അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന ഇവരെ ഫോണില്‍ ബന്ധപ്പെട്ട അല്‍ജസീറ മാധ്യമ പ്രവര്‍ത്തക ലീന അല്‍ സആഫിനോടാണ് ദൈന്യതയോടെ അവര്‍ തന്റെ ആവശ്യം പങ്കുവെച്ചത്. നവജാത ശിശുവിന് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ലഭിക്കാതെ ക്ലാസ് മുറിയുടെ തറയില്‍ ഭീതിയോടെ കഴിയുകയാണ് അല്‍ അബ്‌രീദും കുടുംബവും.

തറയില്‍ വിരിച്ച ഒരു കവറിന്റെ മുകളില്‍ ഉറങ്ങുന്നതിനാല്‍ എന്റെ പുറം വേദനിക്കുന്നു, എന്റെ മകനു വേണ്ടി ഡയപ്പര്‍ ഞാന്‍ മറ്റുള്ളവരോട് ചോദിക്കുകയാണ്. ഞാന്‍ മുലയൂട്ടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവന്‍ എല്ലായിപ്പോഴും വിശന്നിട്ട് കരയുകയാണ്-30കാരിയായ അബ്‌രീദ് പറയുന്നു.

ഇത് ഇവരുടെ മാത്രം കഥയല്ല. ഗസ്സയില്‍ ഇസ്രായേല്‍ ബോംബിങ് കനപ്പിച്ചതു മൂലം വീടുവിട്ടിറങ്ങേണ്ടി വന്ന നിരവധി കുടുംബങ്ങളുടെ ദൈന്യതയാര്‍ന്ന ജീവിതാവസ്ഥയാണ്. നവജാത ശിശുക്കളും പിഞ്ചു കുഞ്ഞുങ്ങളും വൃദ്ധരായ മാതാപിതാക്കളുമടക്കം ഇന്ന് ഗസ്സ നഗരത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ നേര്‍ചിത്രമാണിത്.

നൂറുകണക്കിന് കുടുംബങ്ങളാണ് ഇത്തരത്തില്‍ കൈകുഞ്ഞുങ്ങളുമായി അഭയാര്‍ത്ഥി ക്യാംപിലേക്ക് മാറിയത്. യു.എന്നിന് കീഴിലെ ഫലസ്തീന്‍ സഹായ ഏജന്‍സിയാണ് ഇവിടെ അഭയാര്‍ത്ഥി ക്യാംപ് ഒരുക്കിയത്. എന്നാല്‍ ഇവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ലഭ്യമല്ല. യു.എന്നിന്റെ കണക്കുപ്രകാരം 58,000 ഫലസ്തീനികളാണ് വീട് നഷ്ടപ്പെട്ട് തെരുവിലിറങ്ങിയത്.

Related Articles