Current Date

Search
Close this search box.
Search
Close this search box.

മാര്‍ച്ച് മുതല്‍ എന്‍.സി.ഇ.ആര്‍.ടി സിലബസ് പഠിപ്പിക്കാനൊരുങ്ങി യു.പിയിലെ മദ്രസകള്‍

ലഖ്‌നൗ: ഈ വരുന്ന മാര്‍ച്ച് മുതല്‍ എന്‍.സി.ഇ.ആര്‍.ടി സിലബസ് പഠിപ്പിക്കാനൊരുങ്ങി ഉത്തര്‍ പ്രദേശിലെ മദ്രസകള്‍. നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി)യുടെ സിലബസ് മാര്‍ച്ചില്‍ ആരംഭിക്കുന്ന അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ അവതരിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് ബോര്‍ഡ് ഓഫ് മദ്രസകള്‍ തീരുമാനിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

‘മത വിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും നല്‍കുമെന്ന്’ മദ്രസ എജ്യുക്കേഷന്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ഇഫ്തിഖര്‍ അഹമ്മദ് ജാവേദ് പറഞ്ഞു. ‘ഇനി മദ്രസയിലെ കുട്ടികള്‍ക്ക് കമ്പ്യൂട്ടറും കണക്കും സയന്‍സും പഠിക്കാന്‍ കഴിയും’.

കഴിഞ്ഞ നവംബറില്‍ ഉത്തരാഖണ്ഡിലെ വഖഫ് ബോര്‍ഡും സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന 103 മദ്രസകളില്‍ എന്‍സിഇആര്‍ടി സിലബസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഈ വര്‍ഷത്തെ അക്കാദമിക് സെഷന്‍ മുതലാണ് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് തീരുമാനം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. മദ്രസകള്‍ എല്ലാ മതങ്ങളിലെയും കുട്ടികള്‍ക്കായി തുറന്നുകൊടുക്കും, ഇസ്ലാമിക് സ്‌കൂളുകളില്‍ വിദ്യാഭ്യാസം നവീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യൂണിഫോം ഡ്രസ് കോഡ് കൊണ്ടുവരും. ‘മദ്രസകളിലെ വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കാണ് ഞങ്ങളുടെ മുന്‍ഗണന,” ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസ് പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ മദ്രസകള്‍ക്ക് സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍) അല്ലെങ്കില്‍ ഉത്തരാഖണ്ഡ് സ്റ്റേറ്റ് ബോര്‍ഡ് അഫിലിയേഷനുകള്‍ നേടാനും ഞങ്ങള്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫണ്ടിന്റെ ഉറവിടം, അധ്യാപകരുടെ എണ്ണം, പാഠ്യപദ്ധതി തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സെപ്റ്റംബറില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അംഗീകാരമില്ലാത്ത മദ്രസകളില്‍ സര്‍വേ ആരംഭിച്ചിരുന്നു.

Related Articles