Current Date

Search
Close this search box.
Search
Close this search box.

ജോ ബൈഡന്‍, കമല ഹാരിസ്; ഭരണത്തിന് അംഗീകാരം നല്‍കി യു.എസ് കോണ്‍ഗ്രസ്

വാഷിങ്ടണ്‍: പ്രതിഷേധത്തിന്റെയും അക്രമത്തിന്റെയും ദിനരാത്രങ്ങള്‍ക്ക് പിന്നാലെ അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസിനും യു.എസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കി. ട്രംപിന്റെ പരാജയം അംഗീകരിക്കില്ലെന്നും ജോ ബൈഡനെ പ്രസിഡന്റായി അംഗീകരിക്കില്ലെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം ആയിരക്കണക്കിന് വരുന്ന ട്രംപ് അനുകൂലികള്‍ ക്യാപിറ്റോളിന് പുറത്ത് പ്രക്ഷോഭം സംഘടിപ്പിക്കുകയും സഭയിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിര്‍ത്തിവെച്ച സഭ രണ്ടാം ദിവസം ചേര്‍ന്നപ്പോഴാണ് ബൈഡന്റെ വിജയത്തിന് അംഗീകാരം നല്‍കിയത്.

2020ലൈ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തിന് അന്തിമ അനുമതി നല്‍കുകയും ജനുവരി 20ന് ബൈഡന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുമെന്നുമുള്ള പ്രഖ്യാപനവുമായിരുന്നു. ക്യാപിറ്റോളിന് പുറത്ത് നടന്ന ജനക്കൂട്ടത്തിന്റെ ആക്രമണത്തെ റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും അപലപിച്ചു. തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നുവെന്ന ട്രംപിന്റെ അവകാശവാദം അസാധുവാണെന്നും യു.എസ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. യു.എസ് സെനറ്റിനെ ഭീഷണിപ്പെടുത്താനാകില്ലെന്നും അധാര്‍മ്മികതയ്‌ക്കോ ഭയപ്പെടുത്തലിനോ ഞങ്ങള്‍ വഴങ്ങുകയില്ല. ഞങ്ങള്‍ ഞങ്ങളുടെ പോസ്റ്റുകളില്‍ തിരിച്ചെത്തി. ഭരണഘടന പ്രകാരം ഞങ്ങള്‍ ഞങ്ങളുടെ കടമ നിര്‍വഹിക്കുമെന്നും റിപ്പബ്ലിക്കന്‍ സെനറ്റ് നേതാവ് മിച്ച് കോണല്‍ പറഞ്ഞു. കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 232നെതിരെ 306 വോട്ടുകള്‍ക്കാണ് ബൈഡന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഇലക്ടറല്‍ കോളേജിന്റെ വോട്ടുകള്‍ എണ്ണണമെന്ന് യുഎസ് ഭരണഘടന ആവശ്യപ്പെടുന്നുണ്ട്. തുടര്‍ന്ന് നടത്തിയ വോട്ടെണ്ണലില്‍ ട്രംപിന് 232ഉം ബൈഡന് 306ഉം വോട്ടുകളാണ് ലഭിച്ചത്.

Related Articles