Current Date

Search
Close this search box.
Search
Close this search box.

ലിബിയ: റഷ്യ, തുര്‍ക്കി സൈന്യത്തോട് പിന്മാറാനാവശ്യപ്പെട്ട് യു.എസ്

വാഷിങ്ടണ്‍: ആഭ്യന്തര കലാപത്തില്‍പെട്ടുലഴുന്ന ലിബിയയിലെ യുദ്ധ മുന്നണിയിലുള്ള റഷ്യന്‍, ടര്‍ക്കിഷ് സൈനികരോട് പിന്മാറാനാവശ്യപ്പെട്ട് യു.എസ് രംഗത്ത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യു.എന്നിന്റെ നേതൃത്വത്തില്‍ ലിബിയയില്‍ വെടനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ലിബിയയില്‍ യുദ്ധ രംഗത്തുള്ള മുഴുവന്‍ വിദേശ ട്രൂപ്പുകളും ലിബിയ വിട്ടുപോകണമെന്നാണ് കരാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മുഴുവന്‍ സൈന്യവും ഇപ്പോഴും ലിബിയ വിട്ടുപോയിട്ടില്ല. തുടര്‍ന്നാണ് അവസാന തീയതി കഴിഞ്ഞിട്ടും പോകാത്ത ട്രൂപ്പുകള്‍ എത്രയും പെട്ടെന്ന് തിരികെപോകണമെന്ന് യു.എസ് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ശനിയാഴ്ചയാണ് അവസാന തീയതി കടന്നുപോയത്. എന്നാല്‍ ലിബിയയില്‍ കാര്യമായ ചലനമോ പ്രഖ്യാപനമോ ഒന്നും ഉണ്ടായിട്ടുമില്ല. ‘റഷ്യ, തുര്‍ക്കി, യു എ ഇ എന്നിവയടക്കമുള്ള എല്ലാ ബാഹ്യ കക്ഷികളോടും ലിബിയന്‍ പരമാധികാരത്തെ മാനിക്കാനും ലിബിയയിലെ എല്ലാ സൈനിക ഇടപെടലുകളും ഉടനടി അവസാനിപ്പിക്കാനും ഞങ്ങള്‍ ആവശ്യപ്പെടുന്നു.’- ആക്ടിങ് യു.എസ് അംബാസിഡര്‍ റിച്ചാര്‍ഡ് മില്‍സ് പറഞ്ഞു. വ്യാഴാഴ്ച യു.എന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീര്‍ഘകാലം ഏകാധിപത്യ ഭരണം നടത്തിയ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെ അട്ടിമറിച്ചതിനുശേഷം ലിബിയയില്‍ ഒരു പതിറ്റാണ്ടായി ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം രൂക്ഷമാണ്.

Related Articles