Current Date

Search
Close this search box.
Search
Close this search box.

ഗംഗ നദിയില്‍ ബോട്ടില്‍ വെച്ച് ചിക്കന്‍ പാകം ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഗംഗ നദിയില്‍ വെച്ച് ബോട്ടില്‍ ചിക്കന്‍ പാചകം ചെയ്തതിനും ഹുക്ക വലിച്ചതിനും രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഹസ്സന്‍ അഹ്‌മദ്, മുഹമ്മദ് ആസിഫ് എന്നിവരെയാണ് യു.പി പൊലിസ് അറസ്റ്റ് ചെയ്തത്.

ഇതേ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ആഴ്ച, ഒരു നദിയില്‍ വെച്ച് ബോട്ടില്‍ ഏതാനും യുവാക്കള്‍ ഹുക്ക വലിക്കുന്നതും ചിക്കന്‍ ഗ്രില്‍ ചെയ്യുന്നതുമായ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഹിന്ദുക്കള്‍ പവിത്രമായി കരുതുന്ന ഗംഗയുടെയും യമുനയുടെയും സംഗമസ്ഥാനത്താണ് ബോട്ട് ഉണ്ടായിരുന്നതെന്ന് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളും അനുഭാവികളും ആരോപണമുന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ വീഡിയോയുടെ ഉള്ളടക്കമോ അത് പ്രസ്തുത സ്ഥലത്ത് വെച്ചാണോ ചിത്രീകരിച്ചതെന്നോ സ്വതന്ത്രമായി പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന് ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്തു.

ആഗസ്റ്റ് 31 ബുധനാഴ്ച സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ ആറ് പേര്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിനും ആരാധനാലയം അശുദ്ധമാക്കിയതിനും പ്രതികളാണെന്ന് പറഞ്ഞ് പോലീസ് കേസെടുത്തിരുന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കുമെന്നും പ്രയാഗ് രാജ് പോലീസ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. സെപ്തംബര്‍ 3 ശനിയാഴ്ച ദരഗഞ്ച് പോലീസ് ഹസന്‍ അഹമ്മദ്, മുഹമ്മദ് ആസിഫ് എന്നിവരെ ഗംഗാ മൂര്‍ത്തി ട്രൈസെക്ഷന് സമീപം അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles