Current Date

Search
Close this search box.
Search
Close this search box.

ഉത്തര്‍പ്രദേശില്‍ വീണ്ടും ആള്‍ക്കൂട്ട മര്‍ദനം; ഒരാള്‍ കൊല്ലപ്പെട്ടു മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക് -വീഡിയോ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ആള്‍ക്കൂട്ട മര്‍ദനം. മര്‍ദനത്തിനിരയായവരില്‍ ഒരാള്‍ കൊല്ലപ്പെട്ടു മറ്റൊരാള്‍ക്ക് ഗുരുതര പരുക്കേറ്റ് ചികിത്സയിലാണ്. തിങ്കളാഴ്ച പ്രയാഗ്രാജ് ജില്ലയിലെ ഖുല്‍ദാബാദിലാണ് മോഷ്ടാക്കളെന്ന് ആരോപിച്ച് ജനക്കൂട്ടം രണ്ട് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ചത്. 32 കാരനായ സഹീര്‍ ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. യൂസഫ് ഖാന്‍ (30) എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രയാഗ്രാജിലെ കരേലി പ്രദേശത്തെ താമസക്കാരായിരുന്നു ഇരുവരും.

‘തിങ്കളാഴ്ച രാവിലെ, ഖുല്‍ദാബാദിലെ ബാബ മാര്‍ക്കറ്റ് ലെയിനില്‍ രണ്ട് പേര്‍ പരിക്കേറ്റ് കിടക്കുന്നതായി പ്രദേശവാസികള്‍ ഞങ്ങളെ അറിയിച്ചു. തുടര്‍ന്ന് അവിടെയെത്തിയ ഞങ്ങള്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവരില്‍ ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിയില്‍ വെച്ച് പേരുവിവരങ്ങള്‍ ഞങ്ങളോട് പറഞ്ഞു’ പ്രയാഗ്രാജ്, അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ മീണ പറഞ്ഞു.

യൂസഫ് ഖാന്റെ കാലുകള്‍ക്കും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ‘അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്, അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി,’ പോലീസ് പറഞ്ഞു.

സഹീര്‍ ഖാന്റെ ഭാര്യ ജാഹിറ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഖുല്‍ദാബാദ് പോലീസ് സ്റ്റേഷനില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് അജ്ഞാതര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരണ കാരണം മര്‍ദനമേറ്റ മുറിവുകള്‍ മൂലമാണെന്നാണ് സഹീറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘ഞങ്ങള്‍ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട, അവരെ കണ്ടെത്താനുള്ള റെയ്ഡുകള്‍ തുടരുകയാണ്. സംഭവത്തിന്റെ വീഡിയോയില്‍, പ്രതികള്‍ ഇരകളെ വടികൊണ്ട് മര്‍ദിക്കുന്നതായി കാണാം’ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പ്രതികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് സഹീറിന്റെയും യൂസഫിന്റെയും ബന്ധുക്കള്‍ ഖുല്‍ദാബാദ് ക്രോസില്‍ പ്രതിഷേധം സംഘടിപ്പിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ സര്‍ക്കിള്‍ ഓഫീസര്‍ സത്യേന്ദ്ര തിവാരി സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നല്‍കുകയായിരുന്നു.

https://twitter.com/i/status/1580219107752173569

Related Articles