Current Date

Search
Close this search box.
Search
Close this search box.

ഏക സിവില്‍കോഡ് സാംസ്‌കാരിക ഫാഷിസത്തിന്റെ രാഷ്ട്രീയ നീക്കം: ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: ഏകസിവില്‍കോഡ് നിയമം നിര്‍മിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സാംസ്‌കാരിക ഫാഷിസം അടിച്ചേല്‍പിക്കാനുള്ള രാഷ്ട്രീയ ശ്രമമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. നിരവധി മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ഉള്‍ക്കൊള്ളുന്ന രാജ്യത്ത് വിവിധ ജന വിഭാഗങ്ങള്‍ വ്യത്യസ്ത സിവില്‍കോഡുകളാണ് പിന്തുടരുന്നത്.

വിവിധ മതങ്ങളുടെ വ്യക്തിനിയമങ്ങള്‍ വ്യത്യസ്ത ഗോത്ര നിയമങ്ങള്‍ ഒക്കെ വ്യത്യസ്തമാണ്. ഇതെല്ലാം ഏകോപിപ്പിച്ച് ഒന്നാക്കുക എന്നത് ഭരണഘടന നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനും രാജ്യത്തെ വൈവിധ്യങ്ങള്‍ക്കും എതിരാണ്. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏക സിവില്‍കോഡ് നടപ്പാക്കുക എന്നതിനര്‍ഥം ആര്‍.എസ്.എസ് വിഭാവന ചെയ്യുന്ന സവര്‍ണ ഹിന്ദുത്വയുടെ കോഡ് നടപ്പാക്കുക എന്നാണ്. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, യു.പി അടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നു.

ഭരണഘടന വ്യക്തികള്‍ക്ക് വകവെച്ചു നല്‍കുന്ന മൗലികാവകാശങ്ങളില്‍ പെട്ടതാണ് മതം ആചരിക്കാനും അനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനുമുളള പൗരന്‍മാരുടെ സ്വാതന്ത്ര്യത്തെ റദ്ദ് ചെയ്യുകയാണ് ഏക സിവില്‍ കോഡ് നിയമം. രാജ്യത്ത് അതാത് കാലങ്ങളില്‍ രൂപപ്പെട്ടുവരുന്ന വ്യക്തിനിയമങ്ങളും യൂണിഫോം കോഡുകളും മതങ്ങള്‍ക്കും വ്യക്തികള്‍ക്കും വകവെച്ചു നല്‍കുന്ന മൗലികാവകാശങ്ങളെ തള്ളി കളയുന്നതാകരുത്.

മറിച്ച് വ്യക്തികളുടെ മൗലികാവകാശത്തിന് വിധേയമായി വ്യക്തിനിയമവും യൂണിഫോം കോഡുമെല്ലാം നിര്‍ണയിക്കണം. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെയും ബഹുസ്വരതയെയും തകര്‍ത്ത് ഏക സിവില്‍ കോഡ് നിയമം അടിച്ചേല്‍പിക്കാനുള്ള സംഘ്പരിവാര്‍ രാഷ്ട്രീയ നീക്കത്തിനെതിരെ ജനാധിപത്യ സമൂഹവും മതേതര സമൂഹവും രംഗത്തു വരണമെന്നും അമീര്‍ ആവശ്യപ്പെട്ടു.

Related Articles