Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനില്‍ ഭക്ഷ്യ പ്രതിസന്ധിയും; മൂന്നില്‍ ഒരാള്‍ പട്ടിണിയിലേക്ക്

കാബൂള്‍: അഫ്ഗാന്‍ പൂര്‍ണമായും താലിബാന്‍ പിടിച്ചെടുക്കുകയും അമേരിക്കന്‍ സേന പിന്മാറ്റം സമ്പൂര്‍ണമാവുകയും ചെയ്തതോടെ രാജ്യം കടുത്ത അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

അഫ്ഗാന്‍ ഒരു മാസത്തിനുള്ള ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. ഇത് രാജ്യത്ത് മൂന്നില്‍ ഒരാളെ പട്ടിണിയിലാക്കും. കടുത്ത മാനുഷിക പ്രതിസന്ധിയാണ് അഫ്ഗാന്‍ നേരിടുന്നതെന്ന് യു.എന്നിന്റെ അഫ്ഗാന്‍ മാനുഷിക വക്താവ് റമീസ് അലാക് ബറോവ് പറഞ്ഞു.

രാജ്യത്തെ പകുതിയിലധികം കുട്ടികളും അടുത്ത ഭക്ഷണം കണ്ടെത്താന്‍ ഇതിനകം ബുദ്ധിമുട്ടുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വില 30 മുതല്‍ 50 ശതമാനം വരെ വര്‍ധിച്ചു. പെട്രോളിന് 75 ശതമാനമാണ് വര്‍ധനവുണ്ടായത്. പണമെടുക്കാന്‍ വേണ്ടി ആളുകള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുകയാണ്. എ.ടി.എമ്മുകളില്‍ പണമില്ല. ആളുകള്‍ക്ക് പണം പിന്‍വലിക്കുന്നതിന് നിശ്ചിത തുകയായി നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തന സജ്ജമായിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. അതേസമയം, രാജ്യം ഭരിക്കാന്‍ ഒരു പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇതുവരെ താലിബാനായിട്ടില്ല. താലിബാനുള്ള അന്താരാഷ്ട്ര അംഗീകാരവും ഇപ്പോള്‍ ചോദ്യചിഹ്നമായി നിലകൊള്ളുകയാണ്. അഫ്ഗാനുള്ള വിദേശ സഹായം നിര്‍ത്തിവെച്ചിരിക്കുകയാണ്.

ബുധനാഴ്ച താലിബാന്‍ കാണ്ഡഹാറില്‍ സായുധ പരേഡ് നടത്തി. അമേരിക്കയടക്കമുള്ള സൈന്യത്തില്‍ നിന്നും പിടിച്ചെടുത്ത യുദ്ധ പടക്കോപ്പുകളുമായാണ് പരേഡ് നടത്തിയത്. അതേസമയം, കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷക്കും വിമാനത്താവളം പഴയ പടിയാക്കാനും താലിബാന്‍ സേനക്ക് പരിശീലനം നല്‍കാനായി ഒരു സംഘം സൈന്യത്തെയും വഹിച്ച് ഖത്തര്‍ എയര്‍വേസ് വിമാനം കാബൂളില്‍ ലാന്റ് ചെയ്തു.

Related Articles