Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ കത്തിച്ച സംഭവത്തിലുള്ള യു.എന്നിന്റെ പ്രമേയം: അനുകൂലിച്ചും എതിര്‍ത്തും വോട്ട് ചെയ്ത് രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: സ്വീഡനില്‍ തീവ്ര വലതുപക്ഷ അനുഭാവി മുസ്ലിംകളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രമേയം അവതരിപ്പിച്ച് ഐക്യരാഷ്ട്രസഭ. ബുധനാഴ്ചയാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ പ്രമേയം വോട്ടിനിട്ടത്. ആഗോളതലത്തില്‍ തന്നെ വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയ സ്വീഡന്‍ സംഭവത്തെത്തുടര്‍ന്നാണ് യു.എന്നിന്റെ വോട്ടെടുപ്പ്.

യു.എസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും എതിര്‍പ്പിനിടെ പ്രമേയം പാസാക്കി. മനുഷ്യാവകാശങ്ങളെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള അവരുടെ നിലപാടുകളുമായി ഈ പ്രമേയം വിരുദ്ധമാണെന്ന് പറഞ്ഞായിരുന്നു പ്രമേയത്തെ എതിര്‍ത്തത്.

സ്വീഡനിലെ പള്ളിക്ക് പുറത്ത് നടന്ന സംഭവത്തില്‍ പാകിസ്ഥാനും ഇസ്ലാമിക് കോ-ഓപ്പറേഷന്‍ കൗണ്‍സിലിലെ രാജ്യങ്ങളും മറ്റു സംഘടനകളും ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

‘മതവിദ്വേഷം, വിവേചനം, അക്രമത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയാണ് ഇതിന് പിന്നിലുള്ളത്.
ഇത് എന്താണെന്ന് നമ്മള്‍ വ്യക്തമായി മനസ്സിലാക്കണം’ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി യോഗത്തില്‍ പറഞ്ഞു. സര്‍ദാരിയുടെ പരാമര്‍ശത്തെ പിന്തുണച്ച് ഇറാന്‍, സൗദി അറേബ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാരും രംഗത്തെത്തി.
ആവിഷ്‌കാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് നിര്‍ത്തണമെന്നും നിശ്ശബ്ദത പാലിക്കുക എന്നാല്‍ അതിനോട് സഹകരിക്കുക എന്നാണെന്നും ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി റെത്നോ മര്‍സുദി പറഞ്ഞു.

മുസ്ലിംകള്‍ക്കും മറ്റ് മതങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ കുറ്റകരവും നിരുത്തരവാദപരവും തെറ്റാണെന്നും യു.എന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു. സ്വീഡിഷ് സര്‍ക്കാര്‍ ഖുര്‍ആന്‍ കത്തിച്ചതിനെ ‘ഇസ്ലാമോഫോബിക്’ എന്ന് അപലപിച്ചെങ്കിലും രാജ്യത്തിന് സമ്മേളിക്കാനുള്ള സംരക്ഷിത അവകാശം ഭരണഘടനാപരമായി ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

മനുഷ്യാവകാശങ്ങള്‍ ‘ആളുകളെ സംരക്ഷിക്കാനുള്ളതാണെന്നും – മതങ്ങളെയോ സിദ്ധാന്തങ്ങളെയോ വിശ്വാസങ്ങളെയോ അവരുടെ ചിഹ്നങ്ങളെയോ സംരക്ഷിക്കാനുള്ളതല്ലെന്നും ഫ്രാന്‍സ് അംബാസഡര്‍ ജെറോം ബോണഫോണ്ട് അഭിപ്രായപ്പെട്ടു. പവിത്രമായത് എന്താണെന്ന് നിര്‍വചിക്കേണ്ടത് ഐക്യരാഷ്ട്രസഭയ്ക്കോ രാജ്യങ്ങളോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ രാജ്യങ്ങളുടെ വോട്ടിങ് നില പരിശോധിക്കാം

യുണൈറ്റഡ് നേഷന്‍സ് ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലിന്റെ പ്രമേയങ്ങള്‍ നിയമപരമായി ബാധ്യതയുള്ളതല്ല. മറിച്ച് രാജ്യങ്ങളുടെ ശക്തമായ പ്രതിബദ്ധതയായിട്ടാണ് കണക്കാക്കുന്നത്. മത വിദ്വേഷത്തിന്റെ പ്രവര്‍ത്തികള്‍ തടയുന്നതിനും പ്രോസിക്യൂഷന്‍ ചെയ്യുന്നതിനും വാദിക്കുന്നതിനും തടസ്സം സൃഷ്ടിക്കണമെന്ന് പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.

പ്രമേയത്തെ അനുകൂലിച്ച രാജ്യങ്ങള്‍

അള്‍ജീരിയ; അര്‍ജന്റീന; ബംഗ്ലാദേശ്; ബൊളീവിയ; കാമറൂണ്‍; ചൈന; ക്യൂബ; എറിത്രിയ; ഗാബോണ്‍; ഗാംബിയ; ഇന്ത്യ; ഐവറി കോസ്റ്റ്; കസാക്കിസ്ഥാന്‍; കിര്‍ഗിസ്ഥാന്‍; മലാവി; മലേഷ്യ; മാലിദ്വീപ്; മൊറോക്കോ; പാകിസ്ഥാന്‍; ഖത്തര്‍; സെനഗല്‍; സൊമാലിയ; ദക്ഷിണാഫ്രിക്ക; സുഡാന്‍; ഉക്രെയ്ന്‍; യുഎഇ; ഉസ്‌ബെക്കിസ്ഥാന്‍; വിയറ്റ്‌നാം.

പ്രമേയത്തെ എതിര്‍ത്ത രാജ്യങ്ങള്‍

ബെല്‍ജിയം; കോസ്റ്റാറിക്ക; ചെക്ക് റിപ്പബ്ലിക്; ഫിന്‍ലാന്‍ഡ്; ഫ്രാന്‍സ്; ജര്‍മ്മനി; ലിത്വാനിയ; ലക്‌സംബര്‍ഗ്; മോണ്ടിനെഗ്രോ; റൊമാനിയ; യുകെ; യു.എസ്.

വിട്ടുനിന്ന രാജ്യങ്ങള്‍

ബെനിന്‍; ചിലി; ജോര്‍ജിയ; ഹോണ്ടുറാസ്; മെക്‌സിക്കോ; നേപ്പാള്‍; പരാഗ്വേ.

Related Articles