Current Date

Search
Close this search box.
Search
Close this search box.

ഉമര്‍ ഖാലിദിന്റെ ജാമ്യം നീളുന്നു; ഡല്‍ഹി പൊലിസിന്റെ പ്രതികരണം തേടി സുപ്രീം കോടതി

ഡല്‍ഹി: ഡല്‍ഹി പൊലിസ് യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി ആക്റ്റിവിസ്റ്റ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പൊലിസിന്റെ പ്രതികരണം തേടി സുപ്രീം കോടതി. 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ സംഘര്‍ഷത്തിന് പിന്നിലെ ഗൂഢാലോചന ആരോപിച്ചാണ് ഉമറിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതി ഈ കേസില്‍ ഉമറിന് ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഖാലിദ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വ്യാഴാഴ്ച, ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ഹിമ കോഹ്ലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഡല്‍ഹി പോലീസിന്റെ പ്രതികരണം തേടുകയും സുപ്രീം കോടതിയുടെ വേനല്‍ക്കാല അവധിക്ക് ശേഷം വിഷയം പരിഗണിക്കാമെന്ന് അറിയിക്കുകയുമായിരുന്നു.
ഈ കേസില്‍ അടിയന്തര വാദം കേള്‍ക്കുന്നതിനായി അവധിക്കാല ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട ഖാലിദ് സമര്‍പ്പിച്ച ഹരജി കോടതി സ്വീകരിക്കുകയും അതിന് അനുമതി നല്‍കുകയും ചെയ്തു.

വേനലവധിക്ക് ശേഷം വിഷയം കേള്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞത്. സുപ്രീം കോടതിയുടെ വേനല്‍ക്കാല അവധി മെയ് 22ന് ആരംഭിച്ച് ജൂലൈ 2നാണ് അവസാനിക്കുക.

2020 ഫെബ്രുവരി 23 മുതല്‍ ഫെബ്രുവരി 26 വരെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടാണ് ഖാലിദിനെതിരായ കേസ്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വെച്ച് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ് അക്രമമെന്നും ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചവരാണ് അക്രമത്തിന് പിന്നിലെന്നുമാണ് ഡല്‍ഹി പോലീസിന്റെ അവകാശവാദം.

ഈ ഗൂഢാലോചന കുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ 2020 സെപ്തംബര്‍ 13-നാണ് ഖാലിദിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (യു.എ.പി.എ), ആയുധ നിയമം, വസ്തുവകകള്‍ക്ക് നാശനഷ്ടം തടയല്‍ നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഉമറിനെതിരെ പൊലിസ് കേസ് ചുമത്തിയത്.

Related Articles