Current Date

Search
Close this search box.
Search
Close this search box.

യുക്രൈന്‍ യുദ്ധം: പശ്ചിമേഷ്യയിലെ ഭക്ഷ്യ വിലക്കയറ്റത്തിന് കാരണമാകുന്നുവെന്ന് യു.എന്‍

ന്യൂയോര്‍ക്ക്: യുക്രൈനില്‍ രണ്ട് മാസമായി തുടരുന്ന റഷ്യന്‍ അധിനിവേശം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ വിലക്കയറ്റത്തിന് കാരണാകുന്നതായി ഐക്യരാഷ്ട്രസഭ. പശ്ചിമേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും കുട്ടികളുടെ പോഷകാഹാരക്കുറവിനും ഇവിടങ്ങളിലെ ഭക്ഷ്യ വിലക്കയറ്റത്തിനും യുക്രൈന്‍ യുദ്ധം കാരണമാകുന്നുവെന്ന മുന്നറിയിപ്പാണ് യു.എന്നിന്റെ കുട്ടികളുടെ ഏജന്‍സിയായ യൂണിസെഫ് പറയുന്നത്.

ആഗോള തലത്തില്‍ ഗോതമ്പ്, ബാര്‍ലി കയറ്റുമതിയുടെ മൂന്നിലൊന്നും ഉക്രെയ്നും റഷ്യയുമാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ബ്രെഡും നൂഡില്‍സും തുടങ്ങിയ ഭക്ഷണം നല്‍കാന്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ആശ്രയിക്കുന്നത് ഇവരെയാണ്.

മറ്റ് ധാന്യങ്ങളുടെയും പാചകത്തിന് ഉപയോഗിക്കുന്ന സൂര്യകാന്തി വിത്ത് എണ്ണയുടെയും വലിയ കയറ്റുമതിക്കാര്‍ കൂടിയാണ് യുക്രൈനും റഷ്യയും. അതേസമയം, പശ്ചിമേഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും രാജ്യങ്ങള്‍ അവര്‍ ഉപയോഗിക്കുന്ന ഭക്ഷണത്തിന്റെ 90 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ മേഖലയിലെ കുട്ടികളെ സാരമായി ബാധിക്കുമെന്നാണ് യുനിസെഫ് വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയത്.

പ്രത്യേകിച്ച് ഈജിപ്ത്, ലെബനന്‍, ലിബിയ, സുഡാന്‍, സിറിയ, യെമന്‍ എന്നിവിടങ്ങളില്‍. യൂറോപ്പില്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പുതന്നെ സംഘര്‍ഷങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധികളും നേരിടുന്ന രാജ്യങ്ങളാണിവ. ഇപ്പോള്‍ യുദ്ധം കൂടി വന്നതോടെ സ്ഥിതിഗതികള്‍ രൂക്ഷമാവുകയായിരുന്നു.

 

Related Articles