Current Date

Search
Close this search box.
Search
Close this search box.

ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ച് രണ്ട് പേരെ വസ്ത്രമഴിപ്പിച്ച് റോഡിലൂടെ നടത്തിച്ചു

ബിലാസ്പൂര്‍: ഛത്തീസ്ഗഢില്‍ ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ച് രണ്ട് പേരെ ബെല്‍റ്റ് കൊണ്ട് മര്‍ദിക്കുകയും തെരുവിലൂടെ നടത്തിക്കുകയും ചെയ്തു. പൊലിസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈം ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഛത്തീസ്ഗഢിലെ ബിലാസ്പൂര്‍ ജില്ലയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നിരുന്നാലും, ക്ലിപ്പിന്റെ ആധികാരികത പരിശോധിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ‘സ്‌ക്രോള്‍’ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ബീഫ് വില്‍പനക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരില്‍ നിന്ന് 33 കിലോ ഇറച്ചി കണ്ടെടുക്കുകയും ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്. ബുധനാഴ്ച സുമിത് നായക് എന്ന വ്യക്തിയാണ് രണ്ട് കച്ചവടക്കാര്‍ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

നര്‍സിങ് ദാസ് (50), രാംനിവാസ് മെഹര്‍ (52) എന്നിവര്‍ വെള്ള ചാക്ക് നിറച്ച ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. നായക് ഇവരോട് ചാക്കില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ ബീഫ് അടങ്ങിയിട്ടുണ്ടെന്ന മറുപടിയാണ് നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. ദാസും മെഹറും ബീഫ് വില്‍ക്കാന്‍ പദ്ധതിയിട്ടിരുന്നതായി ബിലാസ്പൂര്‍ പോലീസ് സൂപ്രണ്ട് പരുള്‍ മാത്തൂര്‍ അവകാശപ്പെട്ടതായും അവരെ അറസ്റ്റ് ചെയ്തതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

‘ഞങ്ങള്‍ അവര്‍ക്കെതിരെ പ്രസക്തമായ നിയമങ്ങള്‍ പ്രകാരം കേസെടുത്ത് ബുധനാഴ്ച ജയിലിലേക്ക് അയച്ചിട്ടുണ്ട്, ”മാത്തൂര്‍ പറഞ്ഞു.
ഇരുവരെയും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കണ്ടെടുത്ത മാംസം വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ചെങ്കിലും അതിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദാംശങ്ങളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം, ദാസിനെയും മെഹറിനെയും മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടില്ല.

 

Related Articles