Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബ്: സിറിയയുടെ മൂന്നാമത്തെ വിമാനവും തുര്‍ക്കി വെടിവെച്ചിട്ടു

ഇദ്‌ലിബ്: സംഘര്‍ഷം മാറ്റമില്ലാതെ തുടരുന്ന വടക്കുകിഴക്കന്‍ സിറിയയില്‍ റഷ്യയുടെ നേതൃത്വത്തിലുള്ള ബശ്ശാര്‍ അസദിന്റെ സഖ്യസേനയും മൂന്നാമത്തെ ജെറ്റ് വിമാനത്തെയും തുര്‍ക്കി സൈന്യം തകര്‍ത്തു. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ തന്ത്രപ്രധാന പട്ടണമായ സാരഖബില്‍ വെച്ചാണ് ആക്രമണം നടന്നത്. ഈ മേഖല പൂര്‍ണമായും സിറിയന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. സിറിയന്‍ സ്‌റ്റേറ്റ് മീഡിയ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയന്‍ ഭരണകൂടത്തിന്റെ എല്‍ 39 വിമാനം തകര്‍ത്തതായി തുര്‍ക്കിഷ് പ്രതിരോധ മന്ത്രാലയവും ട്വീറ്റ് ചെയ്തു.

മൂന്നു ദിവസം മുന്‍പാണ് തുര്‍ക്കി സൈന്യം രണ്ട് സിറിയന്‍ വിമാനം ഇവിടെ വെടിവെച്ചിട്ടിരുന്നു. അതേസമയം, സിറിയ-തുര്‍ക്കി സംഘര്‍ഷം വ്യാപിക്കുന്നതിനിടെ വടക്കുകിഴക്കന്‍ സിറിയയില്‍ സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ വ്യാഴാഴ്ച റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ചര്‍ച്ച നടത്തുന്നുണ്ട്. വിഷയത്തില്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്താനാവുമെന്ന് ഉര്‍ദുഗാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

സിറിയയില്‍ ബശ്ശാര്‍ അസദ് സര്‍ക്കാരിന്റെ സഖ്യകക്ഷിയാണ് റഷ്യ. റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷിയും തുര്‍ക്കി സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞയാഴ്ച സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 34 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാര നടപടിയുടെ ഭാഗമായി വടക്കുപടിഞ്ഞാറന്‍ ഇദ്ലിബില്‍ ഞായറാഴ്ച തുര്‍ക്കി വ്യോമാക്രമണം നടത്തിയിരുന്നു.

Related Articles