Current Date

Search
Close this search box.
Search
Close this search box.

ത്രിപുര കലാപം: കേന്ദ്രത്തിനും സംസ്ഥാനത്തിനും സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ത്രിപുരയില്‍ നടന്ന മുസ്ലിം വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും സുപ്രീം കോടതിയുടെ നോട്ടീസ്. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കാനാണ് കോടതി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടത്. ഡിസംബര്‍ 13നാണ് ബെഞ്ച് ഹരജി പരിഗണിക്കുക. അതിന് മുമ്പായി കലാപത്തെക്കുറിച്ച് വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂട്, എ.എസ് ഭൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് അഡ്വ. ഇഹ്തിസാം ഹാഷ്മിയുടെ ഹര്‍ജി പരിഗണിച്ച് നോട്ടീസയച്ചത്. ത്രിപുരയിലെ മുസ്ലിം വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് പ്രതികരിച്ചതിന് ഹാഷ്മിയടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കുമെതിരെ ത്രിപുര പൊലിസ് യു.എ.പി.എ ചുമത്തിയിരുന്നു.

ത്രിപുരയില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ മുസ്ലിംകള്‍ക്കെതിരെ നടത്തിയ ആക്രമണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടുകയും വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തിറക്കുകയും ചെയ്തതിനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. തുടര്‍ന്ന് ഇവര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഭീകരവിരുദ്ധ നിയമം ഉള്‍പ്പെടുത്തി 102 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കെതിരെയടക്കം പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഒക്ടോബര്‍ 26ന് ത്രിപുരയില്‍ വിശ്വഹിന്ദു പരിഷത്ത് ഒരു പ്രതിഷേധ റാലി സംഘടിപ്പിക്കുകയും റാലിക്കിടെ മുസ്ലീംകളുടെ പള്ളികള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും നേരെ അക്രമണവും തീവെപ്പും നടക്കുകയും ചെയ്തിരുന്നു. പിന്നാലെ വിവിധ ഹിന്ദുത്വ സംഘടനകള്‍ മുസ്ലിം വീടുകള്‍ക്ക് നേരെയും കൂട്ടമായ ആക്രമണവും നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാന നില ‘തികച്ചും സാധാരണമാണ്’ എന്നും പള്ളികളൊന്നും കത്തിച്ചിട്ടില്ലെന്നുമാണ് പോലീസ് ആവര്‍ത്തിച്ച് അവകാശപ്പെടുന്നത്.

അഭിഭാഷകരായ ഇഹ്തിസാം ഹാഷ്മി, അമിത് ശ്രീവാസ്തവ, അന്‍സാര്‍ ഇന്‍ഡോരി, മുകേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരമാണ് പോലീസ് കേസ് ചുമത്തിയിരിക്കുന്നത്. 102 സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്കും പോലീസ് കത്തയക്കുകയും ചെയ്തിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles