Current Date

Search
Close this search box.
Search
Close this search box.

ഒരാഴ്ചക്കിടെ മൂന്ന് കൊലപാതകങ്ങള്‍; സംഘര്‍ഷ സാധ്യത, നിരോധനാജ്ഞ

ബംഗളൂരു: കഴിഞ്ഞ ഒരാഴ്ചയായി കനത്ത സംഘര്‍ഷ സാധ്യതയാണ് ദക്ഷിണ കര്‍ണാടകയില്‍ നിലനില്‍ക്കുന്നത്. ഒരാഴ്ചക്കിടെ മൂന്ന് കൊലപാതകങ്ങളാണ് മേഖലയില്‍ അരങ്ങേറിയത്. എല്ലാം രാഷ്ട്രീയ-സാമുദായിക ബന്ധമുള്ളതുമായതിനാല്‍ പ്രദേശത്ത് നിരോധനാജ്ഞയും അതീവ സുരക്ഷയും ഏര്‍പ്പെടുത്തിയിരിക്കുകയാണ് പൊലിസ്.

ഹിജാബ് വിവാദങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് നിലനില്‍ക്കുന്ന മറ്റൊരു സംഘര്‍ഷമായി മാറിയിരിക്കുകയാണ് ഇത്. പനമ്പൂര്‍, ബജ്‌പെ, മുല്‍കി, സൂറത്ത്കല്‍ എന്നീ സ്ഥലങ്ങളിലാണ് വെള്ളിയാഴ്ച നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ 21ന് ബെല്ലാരയില്‍ വെച്ച് മലയാളിയും കാസര്‍കോട് സ്വദേശിയുമായ മസ്ഊദിനെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കടയില്‍ വെച്ച് അടിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതാണ് സംഘര്‍ഷങ്ങളുടെ തുടക്കം. പിന്നീട് യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. പിന്നീട് സൂറത്കല്ലില്‍ വെച്ച് വ്യാഴാഴ്ച രാത്രിയാണ് മറ്റൊരു യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. മംഗല്‍പ്പട്ടെ കാട്ടിപ്പള സ്വദേശി ഫാസില്‍ ആണ് കൊല്ലപ്പെട്ടത്. ടെക്‌സ്റ്റൈല്‍ ഷോപ്പിന് മുന്‍പില്‍ വെച്ചായിരുന്നു കൊലപാതകം. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൂന്ന് കൊലപാതകങ്ങളും പരസ്പരം ബന്ധിതമാണെന്ന ആരോപണമുണ്ട്. അതിനാല്‍ തന്നെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലിസ് മേഖലയില്‍ നിരോധനാജ്ഞയും കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത പൊലിസ് വലയത്തിലാണ് ദക്ഷിണ കര്‍ണാടക.

Related Articles