Current Date

Search
Close this search box.
Search
Close this search box.

മധ്യപ്രദേശ്: നവരാത്രി ആഘോഷത്തിലേക്ക് കല്ലെറിഞ്ഞെന്നാരോപിച്ച് മുസ്ലിംകളുടെ വീടുകള്‍ പൊളിച്ചു

ഭോപ്പാല്‍: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗര്‍ബയിലേക്ക് കല്ലേറ് നടത്തിയെന്നാരോപിച്ച് മധ്യപ്രദേശില്‍ പൊലിസും അധികൃതരും ചേര്‍ന്ന് മുസ്ലിംകളുടെ വീടുകള്‍ തകര്‍ത്തു. ചൊവ്വാഴ്ച ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് വീടുകള്‍ പൊളിച്ചത്. അനധികൃതമായി നിര്‍മിച്ചതെന്നാരോപിച്ച് മൂന്ന് വീടുകളാണ് തകര്‍ത്തത്.

മധ്യപ്രദേശിലെ മന്ദ്സൗറിന്റെ അയല്‍ ഗ്രാമമായ സൂരജ്നിയില്‍ രണ്ട് സമുദായങ്ങളില്‍ നിന്നുള്ള യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് മുസ്ലീങ്ങളുടെ മൂന്ന് വീടുകള്‍ അധികൃതര്‍ തകര്‍ത്തത്. ഹിന്ദുക്കളുടെ ആഘോഷമായ നവരാത്രി ആഘോഷം മുസ്ലീം യുവാക്കള്‍ തടസ്സപ്പെടുത്തിയെന്ന് മധ്യപ്രദേശ് പോലീസ് അവകാശപ്പെട്ടപ്പോള്‍ മുസ്ലീം കുടുംബങ്ങള്‍ പോലീസിന്റെ അവകാശവാദം നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. മക്തൂബ് മീഡിയ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഗര്‍ബ പന്തലിലേക്ക് കല്ലെറിയുകയും സംഘാടകരെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് മന്ദ്സൗര്‍ ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്ന് ചൊവ്വാഴ്ച മൂന്ന് പേരുടെ വീടുകള്‍ തകര്‍ത്തതെന്നും മധ്യപ്രദേശ് പോലീസ് പറഞ്ഞു.

‘അനധികൃതമായി വീടുകള്‍ നിര്‍മ്മിച്ചതിനാല്‍ ഞങ്ങള്‍ അവ പൊളിച്ചു. എല്ലാ പ്രതികളുടേയും സ്വത്ത് രേഖകള്‍ ഞങ്ങള്‍ പരിശോധിച്ചുവരികയാണ്, അതനുസരിച്ച് നടപടിയെടുക്കും.മന്ദ്സൗര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് സന്ദീപ് ശിവ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

സംഭവത്തില്‍ സുര്‍ജാനി ഗ്രാമത്തിലെ 19 പേര്‍ക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) രജിസ്റ്റര്‍ ചെയ്യുകയും 11 പേരെ ഇതുവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കേസിലെ പ്രതികളിലൊരാളായ സല്‍മാന്‍ ഖാന്റെ വീടും തകര്‍ത്ത വീടുകളില്‍ ഉള്‍പ്പെടുന്നു.

അതേസമയം, സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പൊലിസ് കേസ് കെട്ടിച്ചമച്ചതാണെന്നാണ് പ്രധാന വിമര്‍ശനം.
മുസ്ലിമിനെ ഇകഴ്ത്തുന്നതും കള്ളക്കേസുകള്‍ ചുമത്തപ്പെട്ട് പട്ടാപ്പകല്‍ അവരുടെ വീട് പൊളിക്കുന്നതും എത്ര എളുപ്പമായിരിക്കുന്നു. ആരെങ്കിലും എന്തെങ്കിലും കുറ്റം ചുമത്തിയാല്‍ പോലും, എന്തുകൊണ്ട് സാധാരണ നിയമനടപടി സ്വീകരിക്കുന്നില്ല? ഈ സാമുദായിക ചികിത്സ തികച്ചും ഇസ്ലാമോഫോബിക് ആണ്- ആക്റ്റിവിസ്റ്റായ ആസിഫ് മുജ്തബ ട്വീറ്റ് ചെയ്തു.

Related Articles