Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: പ്രസിഡന്റിനെതിരായ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നു

തൂനിസ്: തുനീഷ്യയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നു. തുനീഷ്യയില്‍ അട്ടിമറി ഭരണത്തിലൂടെ അധികാരത്തിലേറിയ പ്രസിഡന്റ് ഖഈസ് സഈദിന്റെ മന്ത്രിസഭ രാജിവെക്കണമെന്നാവശ്യപ്പെട്ട പതിനായിരങ്ങളാണ് ഇപ്പോഴും തെരുവില്‍ തുടരുന്നത്. സമരം ആരംഭിച്ചിട്ടിട്ട് രണ്ടാഴ്ച പിന്നിട്ടു. അതേസമയം, സഈദിനെ പിന്തുണച്ചും നൂറുകണക്കിന് പേര്‍ റാലി നടത്തി. ഇതോടെ ഇരു വിഭാഗവും തമ്മില്‍ തെരുവില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷാവസ്ഥ മുന്നില്‍കണ്ട് മേഖലയില്‍ കനത്ത പൊലിസിനെ വിന്യസിച്ചിരിക്കുകയാണ്.

ഞായറാഴ്ച തലസ്ഥാനമായ തൂനിസിലെ ഹബീഹ് ബൗര്‍ഖീബ തെരുവില്‍ നടന്ന പ്രസിഡന്റിനെതിരായ പ്രതിഷേധത്തില്‍ ആയിരകണക്കിന് പേര്‍ പങ്കാളികളായി. കഴിഞ്ഞയാഴ്ച സഈദിന് പിന്തുണയുമായി എട്ടായിരത്തോളം പേര്‍ പങ്കെടുത്ത റാലി നടത്തിയിരുന്നു. റോയിട്ടേഴ്‌സും സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സിയുമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അയ്യായിരം പേരാണ് പങ്കെടുത്തത് എന്നാണ് ആഭ്യന്തര മന്ത്രാലയം പറഞ്ഞത്. 1.8 ദശലക്ഷം പേര്‍ എന്നെ പിന്തുണച്ച് രംഗത്തെത്തിയെന്ന് പിന്നീട് ഖഈസ് സഈദ് അവകാശപ്പെട്ട് രംഗത്തെത്തി.

വിവിധ നഗരങ്ങളില്‍ ചെക്ക്പോസ്റ്റുകളും സുരക്ഷാ പരിശോധനയും ഉണ്ടായിരുന്നിട്ടും ഞായറാഴ്ച 5,000 ത്തിലധികം പേര്‍ പ്രതിഷേധ റാലിയില്‍ അണിനിരന്നു. റാലിയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ അന്നഹ്ദ പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും റി്‌പ്പോര്‍ട്ടുണ്ട്.

ഖഈസ് സഈദ് രാജിവെക്കുക, അട്ടിമറിക്ക് എതിരായി ജനങ്ങള്‍ ശബ്ദം ഉയര്‍ത്തുക, വിപ്ലവം മരിച്ചിട്ടില്ല, അട്ടിമറിയുടെ വീഴ്ചയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ബാനറുകളും പിടിച്ചാണ് ജനങ്ങള്‍ അണിനിരന്നത്.

കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രിയെ പുറത്താക്കുകയും പാര്‍ലമെന്റ് താല്‍ക്കാലികമായി റദ്ദാക്കിയും എക്സിക്യൂട്ടീവ് അധികാരം ഏറ്റെടുത്തതിന് രണ്ട് മാസത്തിന് ശേഷം കഴിഞ്ഞ മാസമാണ് 2014ലെ ഭരണഘടന തള്ളിക്കളഞ്ഞ് സഈദ് സ്വയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം തനിക്ക് ഭരിക്കാനുള്ള അനുമതി നല്‍കിയത്.

Related Articles