Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പ് ആരവങ്ങള്‍ക്ക് കൊടിയേറി, ആഹ്ലാദ തിമിര്‍പ്പില്‍ ഖത്തര്‍

ദോഹ: ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് ആരവം മുഴങ്ങാന്‍ ഇനി എട്ട് നാള്‍ മാത്രം ശേഷിക്കെ ഉത്സവരാവിനെ വരവേറ്റാന്‍ തയാറായി ഖത്തര്‍. ലോകത്തിന്റെ കണ്ണു കാതും ഖത്തറെന്ന കൊച്ചുരാജ്യത്തിലേക്ക് ചുരുങ്ങുമ്പോള്‍ ഫുട്‌ബോള്‍ ഉത്സവത്തെ ഇരു കൈയും നീട്ടി സ്വീകരിക്കാന്‍ അക്ഷമരായി കാത്തിരിക്കുകയാണ് ഖത്തറും ലോകമെമ്പാടുമുള്‌ല ഫുട്‌ബോള്‍ ആരാധരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവിധ രാജ്യത്തിന്റെ ഫുട്‌ബോള്‍ ആരാധകര്‍ ഖത്തറിലേക്ക് എത്തിത്തുടങ്ങി. ഇതോടെ ലോകകപ്പിന് മുന്നോടിയായുള്ള ആവേശങ്ങള്‍ക്കും തിരയിളക്കമായി.

ലോകകപ്പിനോടനുബന്ധിച്ച് നടക്കുന്ന കലാ-കായിക-സാംസ്‌കാരിക പരിപാടികളുടെ വേദിയും ഫുട്‌ബോള്‍ ആരാധകരുടെ സംഗമ സ്ഥാനവുമായ ദോഹ കോര്‍ണിഷ് ആണ് ലോകകപ്പ് അനുബന്ധ പരിപാടികളുടെ മുഖ്യ കേന്ദ്രം. വെള്ളിയാഴ്ച വൈകീട്ട് നടന്ന വിവിധ ടീമുകളുടെ ആരാധക സംഗമത്തോടെയായിരുന്നു ഇവിടെ ആരവങ്ങള്‍ക്ക് കൊടിയേറിയത്.

കോര്‍ണിഷിലെ ഫ്‌ളാഗ് പ്ലാസയിലേക്ക് വെള്ളിയാഴ്ച ഉച്ച മുതല്‍ തന്നെ വിവിധ രാജ്യക്കാരുടെ ആരാധകര്‍ തങ്ങളുടെ ഇഷ്ട ടീമിന്റെ ജഴ്‌സിയണിഞ്ഞും പതാകയും ഷാളും തൊപ്പിയും ധരിച്ചും മുഖത്തും കൈയിലും ചായം പൂശിയും ഒഴുകിയെത്തി. പൊതു അവധി ദിവസം കൂടിയായതിനാല്‍ ചെറിയ കുട്ടികളും കുടുംബങ്ങളും ഒന്നാകെ പരിപാടി കാണാന്‍ പങ്കെടുക്കാനുമായി കോര്‍ണിഷിലെത്തിയിരുന്നു.

ബാന്‍ഡ് മേളവും ചെണ്ടവാദ്യവും തംബോലയുമെല്ലാം അടങ്ങി താളവാദ്യത്തോടെ ആരാധകര്‍ ഫ്‌ളാഗ് റാലിയും നടത്തി. എല്ലാ ടീമിലും സജീവസാന്നിധ്യമായി ഖത്തറിലെ പ്രവാസി മലയാളികളുണ്ടായിരുന്നു. ഇവരോടൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ആരാധകരും ചേര്‍ന്നു. അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ്,ജര്‍മനി, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളുടെ കൂറ്റന്‍ പതാകകളും സൂപ്പര്‍ താരങ്ങളുടെ കട്ടൗട്ടുകളും പ്ലക്കാര്‍ഡുകളുമെല്ലാം റാലിയില്‍ അണിനിരന്നു. കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന കോര്‍ണിഷിന്റെ മുക്കുമൂലയെല്ലാം ഇന്നലെ ഫുട്‌ബോള്‍ ആരാധകരെ കൊണ്ട് വീര്‍പ്പുമുട്ടി. വരും ദിവസങ്ങളിലും വിവിധ വേദികളില്‍ വ്യത്യസ്ത പരിപാടികളാണ് ലോകകപ്പിന്റെ ഭാഗമായി നടക്കാനിരിക്കുന്നത്.

Related Articles