Current Date

Search
Close this search box.
Search
Close this search box.

‘ഖറദാവിയുടെ വിയോഗത്തിന് ശേഷമുള്ള ആദ്യ റമദാന്‍, പ്രാര്‍ഥനകളില്‍ ശൈഖിനെ ഓര്‍ക്കുക’

ദോഹ: അന്തരിച്ച പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ. യൂസുഫുല്‍ ഖറദാവിയെ പ്രാര്‍ഥനകളില്‍ വിശ്വാസികള്‍ ഓര്‍ക്കണമെന്ന് ലോക പണ്ഡിത വേദി സെക്രട്ടറി ജനറല്‍ ഡോ. അലി അല്‍ഖറദാഗി. ഈ അനുഗ്രഹീത ദിനങ്ങളില്‍ നിങ്ങളുടെ ആത്മാര്‍ഥമായ പ്രാര്‍ഥനകളില്‍ ശൈഖ് യൂസുഫുല്‍ ഖറദാവിയെ ഓര്‍ക്കുക. അദ്ദേഹം ഖബറില്‍ കഴിയുന്ന ആദ്യ റമദാനാണിത്. സ്വര്‍ഗത്തോപ്പില്‍ ഉള്‍പ്പെടുത്തട്ടെയെന്ന് പ്രാര്‍ഥിക്കുന്നു -ഡോ. അലി അല്‍ഖറദാഗി ട്വിറ്ററില്‍ കുറിച്ചു. ഖറദാവി അന്ത്യവിശ്രമം കൊള്ളുന്ന ഖബറിന്റെ ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.

 

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ഖത്തറില്‍ വിശ്രമജീവിതം നയിച്ചിരുന്ന ശൈഖ് ഖറദാവി 2022 സെപ്റ്റംബര്‍ 26നാണ് അന്തരിച്ചത്. ആഗോള മുസ്‌ലിം പണ്ഡിത വേദിയുടെ മുന്‍ അധ്യക്ഷനായ അദ്ദേഹം മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആത്മീയ നേതാവ് കൂടിയായിരുന്നു. 1926 സെപ്റ്റംബര്‍ 9ന് ഈജിപ്തിലെ സിഫ്ത് തുറാബ് ഗ്രാമത്തിലായിരുന്നു ഖറദാവിയുടെ ജനനം. മക്ക ആസ്ഥാനമായുള്ള മുസ്ലിം വേള്‍ഡ് ലീഗ്, കുവൈത്തിലെ ഇസ്ലാമിക് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങിയ നിരവധി ആഗോള സംഘടനകളില്‍ അംഗമായിരുന്നു.

2008ല്‍, അന്താരാഷ്ട്ര മാസികകളായ ‘ഫോറിന്‍ പോളിസി’യും ‘പ്രോസ്പക്റ്റും’ നടത്തിയ സര്‍വേയില്‍, ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ ചിന്തകരുടെ പട്ടികയില്‍ 20 വ്യക്തികളില്‍ മൂന്നാം സ്ഥാനം ഡോ. യൂസുഫുല്‍ ഖറദാവിക്കായിരുന്നു. 170ലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര സെമിനാറുകളിലും സമ്മേളനങ്ങളിലും ടെലിവിഷന്‍ പരിപാടികളിലും സംബന്ധിച്ചിട്ടുണ്ട്. 1973-ല്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. ആനുകാലിക വിഷയങ്ങളില്‍ നിരവധി ഫത്വകള്‍ അദ്ദേഹം നല്‍കിയിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles