Current Date

Search
Close this search box.
Search
Close this search box.

വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രായേലും ഹമാസും; ഉടന്‍ പ്രാബല്യത്തില്‍

ഗസ്സ സിറ്റി: 46 ദിവസത്തെ ഗസ്സ വംശഹത്യക്ക് ശേഷം താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രായേലും ഹമാസും തമ്മില്‍ ധാരണയായി. നാല് ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചകളില്‍ വിവിധ ഘട്ടങ്ങളിലായി ഖത്തറിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തലിനായുള്ള മാരത്തോണ്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. അതാണ് ഇപ്പോള്‍ വിജയം കണ്ടത്.

ഹമാസ് ബന്ദികളാക്കിയ 50 ഇസ്രായേലികളെ വിട്ടയക്കാനും പകരം ഇസ്രായേല്‍ ജയിലിലുള്ള 150 ഫലസ്തീന്‍ തടവുകാരെ വിട്ടയക്കാനുമാണ് ധാരണയായത്. അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ റെഡ് ക്രോസ് വഴിയാകും ബന്ദികളെ കൈമാറുക. ഇന്നോ നാളെയെ തന്നെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും. ഇതിന് പിന്നാലെ തന്നെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നുമാണ് റിപ്പോര്‍ട്ട്.

അതേസമയം, കരാറിന്റെ അര്‍ത്ഥം യുദ്ധം അവസാനിക്കുമെന്നല്ല, യുദ്ധം നിര്‍ത്തിയതിന് ശേഷവും ഇസ്രായേല്‍ സൈന്യം സമ്മര്‍ദ്ദം ചെലുത്തി മുന്നോട്ട് പോകുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ഹമാസ് തടവിലാക്കിയവരെ മോചിപ്പിക്കാനുള്ള കരാറിനെ പ്രത്യേകം സ്വാഗതം ചെയ്തുകൊണ്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവന പുറത്തിറക്കി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്കും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിക്കും ഈ കരാറിലെത്താനുള്ള അവരുടെ നിര്‍ണായക നേതൃത്വത്തിനും പങ്കാളിത്തത്തിനും ബൈഡന്‍ നന്ദി പറഞ്ഞു. പ്രധാനമന്ത്രി നെതന്യാഹുവും അദ്ദേഹത്തിന്റെ സര്‍ക്കാരും ഒരു നീണ്ട ഇടവേളയെ പിന്തുണയ്ക്കുന്നതില്‍ നടത്തിയ പ്രതിബദ്ധതയെ താന്‍ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ കരാര്‍ പൂര്‍ണ്ണമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും ഈ നേതാക്കളുമായും സംസാരിക്കാനും അടുത്ത ബന്ധം പുലര്‍ത്താനും ഞാന്‍ ആഗ്രഹിക്കുന്നു, ഈ കരാറിന്റെ എല്ലാ വശങ്ങളും പൂര്‍ണ്ണമായും നടപ്പിലാക്കേണ്ടത് പ്രധാനമാണ്, ഇന്നത്തെ കരാറിലൂടെ കൂടുതല്‍ അമേരിക്കന്‍ ബന്ദികളെ വീട്ടിലേക്ക് കൊണ്ടുവരണം, അവരെയെല്ലാം മോചിപ്പിക്കുന്നതുവരെ എന്റെ പരിശ്രമം ഞാന്‍ നിര്‍ത്തില്ല’ യുഎസ് പ്രസിഡന്റ് പറഞ്ഞു.

അതേസമയം, ഇന്തോനേഷ്യന്‍ ആശുപത്രിയും ഒഴിയണമെന്ന് ബുധനാഴ്ച ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. ആശുപത്രി പരിസരത്തും ഗസ്സയുടെ തെക്ക് ഭാഗത്തുള്ള ഖാന്‍ യൂനിസിലും ഉള്‍പ്പെടെ ഗസ്സയിലുടനീളം ഇസ്രായേല്‍ ബോംബാക്രമണം കഴിഞ്ഞ രാത്രിയും തുടര്‍ന്നു.

Related Articles