Current Date

Search
Close this search box.
Search
Close this search box.

സപ്ത വര്‍ണ്ണങ്ങള്‍ ചാലിച്ച കൗമാര സമ്മേളനങ്ങള്‍ക്ക് പ്രൗഢ ഗംഭീര സമാപനം

പൊന്നാനി: ‘ജീവിതം വര്‍ണ്ണാഭമാക്കാം’ എന്ന പ്രമേയത്തില്‍ കഴിഞ്ഞ രണ്ട് മാസമായി നടന്നുവന്ന കേരള കൗമാര സമ്മേളനങ്ങള്‍ക്ക് പ്രൗഢ ഗംഭീര സമാപനം. കേരളത്തിലെ മുഴുവന്‍ ജില്ലകളിലെയും കൗമാരപ്രായക്കാര്‍ക്കായി ‘ടീന്‍ ഇന്ത്യ’ സംഘടിപ്പിച്ച ജില്ല സമ്മേളനങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം പൊന്നാനി എം.ഇ.എസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തോടെ സമാപനമായത്. വര്‍ഗീയതക്കും, വിദ്വേഷത്തിനുമെതിരെ സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും മുദ്രാവാക്യമുയര്‍ത്തി കൗമാരക്കാരുടെ ആര്‍ത്തിരമ്പുന്ന വര്‍ണ്ണക്കടലായി മാറുകയായിരുന്നു ഓരോ സമ്മേളനങ്ങളും.

നിങ്ങള്‍ ദൈവത്തിന്റെ വര്‍ണ്ണം അണിയണം. അത് കാരുണ്യത്തിന്റെയും, സ്‌നേഹത്തിന്റെയും, സഹാനുഭൂതിയുടെതുമാണെന്നും സമ്മേളനം കുട്ടികളോട് ആഹ്വാനം ചെയ്തു. നീതിയുടെ പുതിയ ലോകം തീര്‍ക്കുന്ന ജേതാക്കളായി മാറണം. നിങ്ങളുടെ രാജ്യത്തെ നിങ്ങള്‍ സ്‌നേഹിക്കണം രാജ്യത്തിന്റെ കാവല്‍ഭടന്മാരാണ് നിങ്ങളെന്നും സമ്മേളനം കുട്ടികളോട് ആഹ്വാനം ചെയ്തു. നിര്‍ദ്ദേശത്തെ നിറഞ്ഞ കൈയ്യടിയോടെയാണ് കുട്ടികള്‍ എതിരേറ്റത്.

പൊന്നാനി ഹാര്‍ബറിന് സമീപത്തു നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ 15000ന് മുകളില്‍ കുട്ടികളാണ് അണിനിരന്നത്. സപ്ത വര്‍ണ്ണങ്ങളില്‍ ചാലിച്ചെടുത്ത മഴവില്‍ ചാരുതയുടെ ദൃശ്യവിസ്മയമാണ് റാലിയിലുടനീളം ഒരുക്കിയിരുന്നത്. ധാര്‍മികതയുടെ ഗുണപാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന വ്യത്യസ്തമായ ലൈറ്റ് ആന്റ് സൗണ്ട് ഷോയും നാടകം, സംഗീത ശില്‍പം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി.

മഴവില്‍ ചിത്രരചന മത്സരത്തിലെ സംസ്ഥാന തല വിജയികള്‍ക്കുള്ള സമ്മാനദാനവും വേദിയില്‍ വെച്ച് നടത്തി. സമ്മേളനം ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈനി ഉദ്ഘാടനം ചെയ്തു. ലോകത്തിന് നേതൃത്വം നല്‍കാന്‍ കഴിവുള്ള ശാസ്ത്രജ്ഞരും ചിന്തകരുമായി ടീന്‍ ഇന്ത്യ കുട്ടികള്‍ വളരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഉയര്‍ന്ന മാര്‍ക്കും റാങ്കും മാത്രമാകരുത് ലക്ഷ്യം. നൊബേല്‍ സമ്മാനം ലക്ഷ്യം വെച്ച് മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ടീന്‍ ഇന്ത്യ സംസ്ഥാന കോര്‍ഡിനേറ്റര്‍ അബ്ബാസ് കൂട്ടില്‍, സംസ്ഥാന ക്യാപ്റ്റന്‍ കെ.സി നബ്ഹാന്‍, മിശാല്‍ ഹംസ, സലീം മമ്പാട്, തഹ്‌സീന്‍ മമ്പാട്, ജന്നത്ത് എന്നിവര്‍ സംസാരിച്ചു.

 

 

 

Related Articles