Current Date

Search
Close this search box.
Search
Close this search box.

യുദ്ധക്കുറ്റം: ഉമര്‍ ബഷീറിനെ ഐ.സി.സിക്ക് കൈമാറുമെന്ന് സുഡാന്‍

കാര്‍തൂം: സുഡാനില്‍ ദീര്‍ഘകാലം ഭരണം കൈയാളിയിരുന്ന മുന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് (ഐ.സി.സി) കൈമാറുമെന്ന് സുഡാന്‍ അധികൃതര്‍ പറഞ്ഞു. യുദ്ധക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അദ്ദേഹത്തെയും രണ്ട് കൂട്ടാളികളെയും ഹേഗ് ആസ്ഥാനമായ ഐ.സി.സിക്ക് കൈമാറാനാണ് തീരുമാനം. നിലവില്‍ സുഡാനിലെ കോബര്‍ ജയിലിലാണ് ബഷീറും കൂട്ടാളികളുമുള്ളത്.

ആവശ്യമുള്ള ഉദ്യോഗസ്ഥരെ ഐസിസിക്ക് കൈമാറാന്‍ മന്ത്രിസഭ തീരുമാനിച്ചുവെന്നാണ് സുഡാന്‍ വിദേശകാര്യ മന്ത്രി മര്‍യം അല്‍ മഹ്ദിയെ ഉദ്ധരിച്ച് സുഡാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ബഷീറിനെ കൈമാറാന്‍ സൈനിക, സിവിലിയന്‍ വ്യക്തികള്‍ അടങ്ങുന്ന സുഡാനിലെ ഭരണാധികാരികളുടെ പരമാധികാര സമിതിയുടെ അന്തിമ അനുമതി ആവശ്യമാണ്.

സുഡാനിലെ കൂട്ടക്കൊലകള്‍, യുദ്ധ കുറ്റകൃത്യങ്ങള്‍, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ എന്നീ കുറ്റങ്ങള്‍ ചാര്‍ത്തി കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഐ.സി.സിയുടെ വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ് ബഷീര്‍. സുഡാനിലെ കുപ്രസിദ്ധമായ ദാര്‍ഫര്‍ സംഘര്‍ഷത്തില്‍ മൂന്ന് ലക്ഷം പേര്‍ കൊല്ലപ്പെടുകയും 2.5 ദശലക്ഷം പേരെ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. 2003ല്‍ സുഡാന്റെ പടിഞ്ഞാറന്‍ മേഖലയിലായിരുന്നു സംഘര്‍ഷത്തിന്റെ ഉത്ഭവം.

നീണ്ട 30 വര്‍ഷം സുഡാനില്‍ ഏകാധിപത്യ ഭരണം നടത്തിയ ഉമര്‍ 2019ല്‍ നടന്ന ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് രാജിവെച്ചത്. തുടര്‍ന്ന് സൈന്യവും ജനപ്രതിനിധികളും ചേര്‍ന്നുള്ള പരിവര്‍ത്തന കൗണ്‍സില്‍ ആണ് സംയുക്തമായി സുഡാനില്‍ ഭരണം നടത്തുന്നത്.

Related Articles