Current Date

Search
Close this search box.
Search
Close this search box.

പരീക്ഷക്കിടെ ഹിജാബ് അഴിക്കാന്‍ ആവശ്യം; ബിഹാറില്‍ പ്രതിഷേധം

മുസഫര്‍പൂര്‍: പരീക്ഷ എഴുതണമെങ്കില്‍ ഹിജാബ് അഴിച്ചുവെക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്ന് ബിഹാറില്‍ പ്രതിഷേധം. ഞായറാഴ്ച ബിഹാറിലെ മുസഫര്‍പൂര്‍ മഹന്ദ് ദര്‍ശന്‍ ദാസ് മഹിള കോളേജിലാണ് സംഭവം.

സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ 10, 12 ക്ലാസുകളിലേക്കുള്ള ബോര്‍ഡ് പരീക്ഷകള്‍ എഴുതുന്നതിന് മുന്‍പായി സെന്റ് അപ് ടെസ്റ്റ് പാസാകേണ്ടതുണ്ട്. ഈ പരീക്ഷ എഴുതാനെത്തിയ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളോടാണ് ഹിജാബ് അഴിച്ചുവെക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഒരു പുരുഷ അധ്യാപകന്‍ തന്നോട് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് വിദ്യാര്‍ത്ഥികളിലൊരാള്‍ ആരോപിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഞങ്ങള്‍ ക്ലാസ് റൂമില്‍ ഇരുന്നു പരീക്ഷ എഴുതുകയായിരുന്നു, ഞങ്ങള്‍ ഒരു ബ്ലൂടൂത്ത് ഉപകരണം ധരിച്ചുട്ടുണ്ടാകും എന്ന് പറഞ്ഞ് ടീച്ചര്‍ ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ടു. ഹിജാബ് അഴിക്കാന്‍ വിസ്സമ്മതിച്ചപ്പോള്‍ ടീച്ചര്‍ ഞങ്ങളോട് ക്ലാസില്‍ നിന്ന് ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടു’. വിദ്യാര്‍ത്ഥിനി ആരോപിച്ചു.

അതേസമയം നിരവധി വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രത്തിലേക്ക് മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകുന്നുണ്ടെന്നും അത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോളേജ് പ്രിന്‍സിപ്പല്‍ കനു പ്രിയ പറഞ്ഞു. പരീക്ഷാ ഹാളിന് പുറത്ത് ഹാന്‍ഡ്സെറ്റുകള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടവരില്‍ ചോദ്യം ചെയ്യപ്പെടുന്ന പെണ്‍കുട്ടിയും ഉള്‍പ്പെടുമെന്നും അവര്‍ പറഞ്ഞു.

ബ്ലൂടൂത്ത് ഉപകരണങ്ങള്‍ പരിശോധിക്കാന്‍ ഇന്‍വിജിലേറ്റര്‍ക്ക് ചെവി വെളിപ്പെടുത്താന്‍ മാത്രമാണ് വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

എന്നാല്‍ ഒരു അധ്യാപിക തന്നെ ‘ദേശദ്രോഹി’ എന്ന് വിളിക്കുകയും പാകിസ്ഥാനിലേക്ക് പോകൂ എന്ന് പറയുകയും ചെയ്തതായി വിദ്യാര്‍ത്ഥികളിലൊരാള്‍ ആരോപിച്ചു. ഈ സമയം പരീക്ഷാ കേന്ദ്രത്തില്‍ ഉണ്ടായിരുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു, എന്നാല്‍ പ്രിന്‍സിപ്പലിന്റെ അവകാശവാദം ശരിയല്ലെന്ന് അവിടെയുള്ള മറ്റ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

 

Related Articles