Current Date

Search
Close this search box.
Search
Close this search box.

ഡോക്യുമെന്ററി പ്രദര്‍ശനം: ജാമിഅയില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു, ജെ.എന്‍.യുവില്‍ കല്ലേറ്

ന്യൂഡല്‍ഹി: ബി.ബി.സി പുറത്തുവിട്ട 2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്കുള്ള പങ്ക് വ്യക്തമാക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനത്തിനെതിരെ വ്യാപക ആക്രമവുമായി സംഘ്പരിവാര്‍ സംഘടനകള്‍. ഇന്ത്യയിലെ വിവിധ സര്‍വകലാശാല കാമ്പസുകളിലും കോളേജുകളിലും വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ കഴിഞ്ഞ ദിവസം പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.

ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശനത്തിന് അനുമതി നല്‍കാതിരുന്നതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി ലുബൈബ് ബഷീര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍, എന്‍.എസ്.യു നേതാക്കള്‍, എസ്.എഫ്.ഐയുടെ പ്രവര്‍ത്തകര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബിബിസി ഡോക്യുമെന്ററി ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയിലെ നാല് അംഗങ്ങളെയും ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്. യൂണിവേഴ്‌സിറ്റി ചീഫ് പ്രോക്ടറുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടിയെന്നാണ് പൊലീസ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കരുതല്‍ തടങ്കലിലാണ് വിദ്യാര്‍ത്ഥികള്‍. പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലിസ് അക്രമം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് ക്യാമ്പസ് ഗേറ്റുകള്‍ പൊലിസ് അടച്ചു. വിദ്യാര്‍ത്ഥികളെ പൊലിസ് വലിച്ചിഴച്ച് പൊലിസ് ബസില്‍ കയറ്റുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഡല്‍ഹി ജെ.എന്‍.യു ക്യാമ്പസില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനിടെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നിര്‍ത്തിവച്ചതിനെ പിന്നാലെ കാമ്പസില്‍ വൈദ്യുതിയും ഇന്റര്‍നെറ്റും തടസ്സപ്പെട്ടു. ഈ സമയം തങ്ങളെ കല്ലെറിഞ്ഞ് ആക്രമിച്ചതായി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വൈദ്യുതി മനപൂര്‍വം തടസപ്പെടുത്തിയതായും ആരോപണമുണ്ട്.

ഡോക്യുമെന്ററി കാണുന്നതില്‍ നിന്ന് തങ്ങളെ തടയാന്‍ സര്‍വകലാശാലാ ഭരണകൂടം മനഃപൂര്‍വം വൈദ്യുതി വിച്ഛേദിച്ചതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു. യൂണിവേഴ്സിറ്റിയില്‍ സ്‌ക്രീനിംഗ് തടസപ്പെട്ടതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണിലും ലാപ്ടോപ്പിലും ഡോക്യുമെന്ററി വീക്ഷിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.

Related Articles