Current Date

Search
Close this search box.
Search
Close this search box.

വിവാഹം പരിശുദ്ധമാണ്, അതിനെ പരിഹാസ്യമാക്കരുത്: സമസ്ത

ചേളാരി: മുസ്ലിം വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ആഭാസങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കുമെതിരെ മഹല്ലു ജമാഅത്തുകളും ഖതീബുമാരും ജാഗ്രത പുലര്‍ത്തണമെന്നും രക്ഷിതാക്കളിലും യുവാക്കളിലും പ്രായോഗികമായ വിധത്തില്‍ ബോധവല്‍ക്കരണം ശക്തിപ്പെടുത്തണമെന്നും സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി ആഹ്വാനം ചെയ്തു. വിവാഹം പരിശുദ്ധമാണ്. അതിനെ പരിഹാസ്യമാക്കരുത്. സമ്പത്തിന്റെയും ആരോഗ്യത്തിന്റെയും അഹങ്കാരത്തില്‍ മതിമറന്ന് ആറാടുന്നത് വിശ്വാസി സമൂഹത്തിന് യോജിച്ചതല്ല.

മഹാന്മാരുടെ നേര്‍ച്ച, ഉറൂസുകളുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും നടന്ന് വന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ, സമസ്തയും എസ്.എം.എഫും കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ച ശക്തവും വ്യക്തവുമായ ഇടപെടലുകള്‍ നിമിത്തം വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാനും അത് വഴി നേര്‍ച്ചകളെ സമൂഹത്തിന്റെ ആത്മീയ പുരോഗതിക്കും ധാര്‍മ്മിക മുന്നേറ്റത്തിനും ഉപയോഗപ്പെടുത്താനും സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചില ബാഹ്യശക്തികളുടെ പിന്തുണയോടെ ചിലയിടങ്ങളില്‍ അത്തരം അനാചാരങ്ങള്‍ പൂര്‍വാധികം ശക്തിപ്പെട്ട് വരുന്നതായി കാണപ്പെടുന്നു. ഇത്തരം തിന്മകള്‍ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാനും തീരുമാനിച്ചു.

വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുത്താന്‍ കൂട്ടുനില്‍ക്കുന്ന നിലപാടുകള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും യോഗം ആവശ്യപ്പെട്ടു. വഖ്ഫ് സ്വത്തുക്കള്‍ പരിപാവനമാണ്. വഖ്ഫ് ചെയ്തവരുടെ ഉദ്ദേശത്തിനനുസരിച്ച് മാത്രമാണ് അവ ഉപയോഗപ്പെടുത്തേണ്ടത്. അതിന് വിരുദ്ധമായി വിനിയോഗിക്കപ്പെടാന്‍ സര്‍ക്കാര്‍ വഴിയൊരുക്കുന്നത് ക്ഷന്തവ്യമല്ല.

യോഗത്തില്‍ എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി സ്വാഗതം പറയുകയും വര്‍ക്കിംഗ് സെക്രട്ടറി അബ്ദു സ്വമദ് പൂക്കോട്ടൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും സെക്രട്ടറി ബദറുദ്ദീന്‍ അഞ്ചല്‍ നന്ദിയും പറഞ്ഞു.

Related Articles