Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യ ആറുമാസം പിന്നിടുമ്പോള്‍ കണക്കുകള്‍ പരിശോധിക്കാം

2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ ഗസ്സയില്‍ നരനായാട്ട് ആരംഭിച്ചിട്ട് ഇന്നേക്ക് ആറ് മാസം പൂര്‍ത്തിയായിരിക്കുകയാണ്. ഇതിനകം പതിനായിരക്കണക്കിന് ഫലസ്തീനികള്‍ക്കാണ് ജീവന്‍ നഷ്ടമായതും വീട് നഷ്ടമായും പരുക്ക് പറ്റിയതും അഭയാര്‍ത്ഥികളായതും. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയവും ഫലസ്തീന്‍ സര്‍ക്കാരും യു.എന്നും പുറത്തുവിട്ട കണക്കുകള്‍ നോക്കാം.

ഒക്ടോബര്‍ ഏഴുമുതല്‍ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികള്‍: 33,175
കുട്ടികള്‍ മാത്രം- 14,500
പരിക്കേറ്റ ഫലസ്തീനികള്‍- 75,886
വംശഹത്യയുടെ എണ്ണം- 2,922
ഇസ്രായേലില്‍ കൊല്ലപ്പെട്ടവര്‍- 1139
ഭക്ഷ്യക്ഷാമം മൂലം ദുരന്തത്തെ അഭിമുഖീകരിക്കുന്നവര്‍- 11 ലക്ഷം
വീട് നഷ്ടപ്പെട്ട് പലായനം ചെയ്തവര്‍- 20 ലക്ഷം
പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ട വീടുകളുടെ എണ്ണം- 70,000
കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍- 140
കൊല്ലപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍- 484
പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ട മസ്ജിദുകള്‍- 229
പ്രവര്‍ത്തനം നിര്‍ത്തിയ ആശുപത്രികള്‍- 32
തകര്‍ക്കപ്പെട്ട സ്‌കൂളുകള്‍- 90 ശതമാനം

ഹമാസിനെ ഇല്ലാതാക്കുക എന്ന് ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ കാടടച്ചുള്ള ആക്രമണത്തില്‍ ഹമാസ് പ്രവര്‍ത്തകരൊഴികെ ബാക്കി എല്ലാവരും കൊല്ലപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. കൊല്ലപ്പെട്ടതും പരുക്കേറ്റതുമെല്ലാം സ്ത്രീകളും കുട്ടികളുമടക്കമുള്ള സാധാരണക്കാര്‍. 21-ാം നൂറ്റാണ്ടിലെ ഏറ്റവും വിനാശകരവും മാരകവുമായ സൈനിക കാമ്പെയ്നുകളില്‍ ഒന്നാക്കി ഗസ്സ വംശഹത്യ മാറി.
അതേസമയം, വെടിനിര്‍ത്തലിനെക്കുറിച്ച് ഇതുവരെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. കെയ്റോവില്‍ വെച്ച് നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വെടിനിര്‍ത്തല്‍ കരാറില്‍ ഇസ്രായേല്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിരസിക്കുന്നത് തുടരുകയാണെന്നാണ് ഹമാസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതേസമയം, മാസങ്ങള്‍ക്ക് ശേഷം തെക്കന്‍ ഗസ്സയില്‍ നിന്നും ഇസ്രായേലി സൈനികര്‍ പിന്‍വാങ്ങിയതിനാല്‍ ഫലസ്തീനികള്‍ ഖാന്‍ യൂനിസിലെ തകര്‍ന്ന വീടുകളിലേക്ക് മടങ്ങിതുടങ്ങി. ഗസ്സയില്‍ നിന്ന് പിന്‍വാങ്ങിയ ഇസ്രായേല്‍ സൈന്യം തെക്കന്‍ നഗരമായ റഫയില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കാനാണ് അങ്ങനെ ചെയ്തതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.

ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രായേല്‍ സൈന്യം പുതിയ ഡ്രോണ്‍ സ്‌ക്വാഡിനെ വിന്യസിച്ചു. 300ലധികം സഹായ ട്രക്കുകള്‍ ഗസ്സയിലേക്ക് പ്രവേശിക്കുമെന്ന് ഇസ്രായേല്‍ പറഞ്ഞു. ആറ് മാസം മുമ്പ് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സഹായ അളവാണിത്. യുഎന്‍ അംഗരാജ്യമാകാനുള്ള ഫലസ്തീനിന്റെ അഭ്യര്‍ത്ഥന പരിഗണിക്കാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പിന്നീട് യോഗം ചേരുമെന്ന് അറിയിച്ചു.

ജര്‍മ്മനിയിലെ ബെര്‍ലിനില്‍ ഫലസ്തീന്‍ അനുകൂല പ്രകടനം നടന്നു. ഏകദേശം 600 ജര്‍മ്മന്‍ സിവില്‍ സര്‍വീസുകാര്‍ ‘ഇസ്രായേല്‍ ഗവണ്‍മെന്റിനുള്ള ആയുധ വിതരണം ഉടനടി പ്രാബല്യത്തില്‍ നിര്‍ത്തണം’ എന്നാവശ്യപ്പെട്ട് ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനും മുതിര്‍ന്ന മന്ത്രിമാര്‍ക്കും കത്തെഴുതി.

Related Articles