Current Date

Search
Close this search box.
Search
Close this search box.

മുസ്ലിമാണെങ്കില്‍ വാടകക്ക് വീടില്ല; കൊച്ചിയില്‍ നിന്ന് വീണ്ടും ദുരനുഭവം

കൊച്ചി: മുസ്ലിംകള്‍ക്ക് കൊച്ചിയില്‍ വാടകക്ക് വീട് ലഭിക്കാന്‍ പ്രയാസമാണെന്ന് തെളിയിക്കുന്ന മറ്റൊരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ പി.വി ഷാജികുമാര്‍. കളമശ്ശേരിയില്‍ വാടകക്ക് താമസിക്കാന്‍ വീട് നോക്കാന്‍ ഇറങ്ങിയപ്പോള്‍ മുസ്ലിം ആണെങ്കില്‍ വീട് ലഭിക്കില്ലെന്നാണ് ബ്രോക്കര്‍ തന്നോട് പറഞ്ഞതെന്ന് ഷാജികുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. നേരത്തെയും സമാനമായ അനുഭവം പങ്കുവെച്ച് നിരവധി പേര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഉത്തരേന്ത്യന്‍ മോഡല്‍ ഇവിടെ കേരളത്തിലും എത്തി എന്നത് ഭീതിപ്പെടുത്തുന്ന അനുഭവമാണെന്നാണ് പലരും പ്രതികരിച്ചത്. സംഘ്പരിവാറും മുസ്ലിം വിരോധികളും നടത്തുന്ന വിദ്വേഷ പ്രചാരണത്തിന്റെയും ഇസ്ലാമോഫോബിയയുടെ നേര്‍ഫലമാണിതെന്നും പലരും സോഷ്യല്‍ മീഡിയയില്‍ പ്രതികരണമായി കുറിച്ചു.

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്ന വ്യക്തിയാണ് തന്റെ വീട് മുസ്ലിംകള്‍ക്ക് വാടകക്ക് നല്‍കില്ലെന്ന് ബ്രോക്കറോട് അറിയിച്ചത്. ഇത് ബ്രോക്കര്‍ ഷാജി എന്ന പേര് കേട്ട് സംശയം തോന്നിയ കഥാകൃത്തും തിരക്കഥാകൃത്തുമായ പി.വി ഷാജികുമാറിനോട് പറയുകയായിരുന്നു.

ഷാജികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാന്‍ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ് കോളനിയില്‍ പോയി. ബ്രോക്കര്‍ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഒറ്റനില വീട്. വീടിന് മുന്നില്‍ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തില്‍ പടമായിട്ടുണ്ട്. മുറികള്‍ നോക്കുമ്പോള്‍ ബ്രോക്കര്‍ ചോദിക്കുന്നു.

‘പേരേന്താ..?”

”ഷാജി” അയാളുടെ മുഖം ചുളിയുന്നു.

‘മുസ്ലീമാണോ..?”

ഞാന്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കുന്നു.

‘ഒന്നും വിചാരിക്കരുത്, മുസ്ലീങ്ങള്‍ക്ക് വീട് കൊടുക്കില്ലെന്നാണ് ഓണര്‍ പറഞ്ഞിരിക്കുന്നത്’

‘ഓ… ഓണര്‍ എന്ത് ചെയ്യുന്നു..”

”ഇന്‍ഫോപാര്‍ക്കില്‍.. കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആണ്’

‘ബെസ്റ്റ്..” ഞാന്‍ സ്വയം പറഞ്ഞു.

ഇപ്പോഴും അയാള്‍ എന്റെ മതമറിയാന്‍ കാത്തുനില്‍ക്കുകയാണ്. മുമ്പും രണ്ട് വട്ടം വീട് നോക്കാന്‍ പോയപ്പോള്‍ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസില്‍ നിന്ന് കളഞ്ഞതാണ്.

എനിക്ക് വീട് വേണ്ട ചേട്ടാ…” ഞാന്‍ ഇറങ്ങുന്നു.

ഷാജിയെന്നത് സര്‍വ്വമതസമ്മതമുള്ള പേരാണല്ലോ..

ചുമരിലെ പാവം യേശു എന്നോട് പറയുന്നു.

‘ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു’

 

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles