Current Date

Search
Close this search box.
Search
Close this search box.

ത്രിപുര; യു.എ.പിഎ ചുമത്തിയതിനെതിരെയുള്ള ഹരജി പരിഗണിക്കാം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ത്രിപുരയില്‍ നടന്ന മുസ്ലിം വംശഹത്യക്കെതിരെ പ്രതിഷേധിച്ച ആക്റ്റിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെയുള്ള ഹരജി പരിഗണിക്കാമെന്ന് സുപ്രിം കോടതി. വ്യാഴാഴ്ചയാണ് സുപ്രീം കോടതി ഇക്കാര്യമറിയിച്ചത്.  ത്രിപുരയില്‍ കഴിഞ്ഞ മാസം തീവ്രഹിന്ദുത്വ സംഘടനകള്‍ മുസ്ലിംകള്‍ക്കെതിരെ നടത്തിയ വംശഹത്യക്കെതിരെ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റിട്ടവര്‍ക്കു നേരെയാണ് കഴിഞ്ഞയാഴ്ച ത്രിപുര പൊലിസ് യു.എ.പി.എ ചുമത്തിയത്.

ഭീകരവിരുദ്ധ നിയമം ഉള്‍പ്പെടുത്തി 102 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കെതിരെയടക്കം പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് സമാധാനം തകര്‍ക്കുന്ന കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ അധികാരികള്‍ ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെട്ടായിരുന്നു കേസ്.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുമ്പാകെ വ്യാഴാഴ്ച അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് യു.എ.പി.എ ചുമത്തിയ നടപടി പുനപരിശോധിക്കണമെന്ന ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഹൈക്കോടതിക്ക് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. ‘നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍’ എന്നതിന്റെ വിശാലമായ നിര്‍വചനം ഉള്‍പ്പെടെ, വലിയ അളവില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കഴിഞ്ഞ മാസം ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഒക്ടോബര്‍ 26ന് ത്രിപുരയില്‍ വിശ്വഹിന്ദു പരിഷത്ത് ഒരു പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു, റാലിക്കിടെ മുസ്ലീംകളുടെ പള്ളികള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും നേരെ അക്രമണവും തീവെപ്പും നടന്നിരുന്നു. പിന്നാലെ വിവിധ ഹിന്ദുത്വ സംഘടനകള്‍ മുസ്ലിം വീടുകള്‍ക്ക് നേരെയും കൂട്ടമായ ആക്രമണവും നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാന നില ‘തികച്ചും സാധാരണമാണ്’ എന്നും പള്ളികളൊന്നും കത്തിച്ചിട്ടില്ലെന്നുമാണ് പോലീസ് ആവര്‍ത്തിച്ച് അവകാശപ്പെടുന്നത്.

അഭിഭാഷകരായ ഇഹ്തിസാം ഹാഷ്മി, അമിത് ശ്രീവാസ്തവ, അന്‍സാര്‍ ഇന്‍ഡോരി, മുകേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരമാണ് പോലീസ് കേസ് ചുമത്തിയിരിക്കുന്നത്. 102 സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ട്വിറ്റര്‍, ഫെയ്സ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്കും പോലീസ് കത്തയച്ചിട്ടുണ്ട്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles