Current Date

Search
Close this search box.
Search
Close this search box.

യെമന്‍: ഹൂതി വിമതരെ മോചിപ്പിച്ച് സൗദി സഖ്യസേന

സന്‍ആ: യെമന്‍ യുദ്ധ മുന്നണിയിലുള്ള സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന സമാധാനത്തിന്റെ ഭാഗമായി ഹൂതി വിമതരെ മോചിപ്പിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. യെമനില്‍ ഏഴുവര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗദി അറേബ്യ ഹൂതി വിമത തടവുകാരെ മോചിപ്പിക്കുന്നത്.

ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനയിലേക്കും തെക്കന്‍ തുറമുഖ നഗരമായ ഏഡനിലേക്കും തടവുകാരെ മൂന്ന് ഘട്ടങ്ങളിലായി കൊണ്ടുപോകുമെന്ന് സൗദി പ്രസ് ഏജന്‍സി (എസ് പി എ) വെള്ളിയാഴ്ച പറഞ്ഞു.

ഡസന്‍ കണക്കിന് ഹൂതി തടവുകാരെ ഒരു വിമാനത്തില്‍ കൊണ്ടുപോകുന്നത് കാണിക്കുന്ന വീഡിയോയും എസ് പി എ വെള്ളിയാഴ്ച സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 100 ലധികം യെമനി മുന്‍ തടവുകാരെ സൗദി അറേബ്യയില്‍ നിന്ന് യെമനിലേക്ക് മാറ്റാന്‍ സംഘടന സൗകര്യമൊരുക്കുകയാണെന്ന്” ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെ (ഐസിആര്‍സി) വക്താവ് എഎഫ്പിയോട് പറഞ്ഞു.

എത്ര തടവുകാരെ വിട്ടയക്കുമെന്ന് കൃത്യമായി വിശദീകരിക്കാതെ, സൗദി അറേബ്യയിലെ അബഹ നഗരത്തില്‍ നിന്ന് ഏദനിലേക്ക് മൂന്ന് ഐസിആര്‍സി വിമാനങ്ങള്‍ ഉണ്ടാകുമെന്നാണ് വക്താവ് ബഷീര്‍ ഒമര്‍ പറഞ്ഞത്.

ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ ഏപ്രില്‍ 2ന് റമദാനിന്റെ ആദ്യ ദിനം ഇരു വിഭാഗവും തമ്മില്‍ യെമനില്‍ സമാധാന ഉടമ്പടിയില്‍ ഒപ്പിട്ടിരുന്നു. രണ്ട് മാസം നീണ്ടുനില്‍ക്കുന്നതും പുതുക്കാവുന്നതുമായ ഉടമ്പടി ഇതുവരെ ലംഘിച്ചിട്ടില്ല.

 

Related Articles