Current Date

Search
Close this search box.
Search
Close this search box.

2021ല്‍ സൗദിയില്‍ വധശിക്ഷ വര്‍ധിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷ്ണല്‍

റിയാദ്: രാജ്യത്ത് 2021ന്റെ ആദ്യ പകുതിയില്‍ വധശിക്ഷ വര്‍ധിച്ചതായി യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംനസ്റ്റി ഇന്റര്‍നാഷ്ണല്‍. 2020ല്‍ ജി20ക്ക് അധ്യക്ഷത വഹിച്ചിരുന്ന കാലയളവില്‍ രാജ്യത്ത് വധശിക്ഷ കുറവായിരുന്നു. 2021 ജനുവരി-ജൂലൈ കാലയളവില്‍ സൗദി അറേബ്യ 40 പേരെ വധശിക്ഷക്ക് വിധേയമാക്കിയതായി മനുഷ്യാവകാശ സംഘടന ചൊവ്വാഴ്ച അറിയിച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതലാണ്.

2019ല്‍ രാജ്യം 185 വധശിക്ഷ നടപ്പിലാക്കിയെങ്കിലും, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2020ല്‍ 85 ശതമാനം വധശിക്ഷ കുറഞ്ഞുവെന്നാണ് സൗദി പിന്തുണയുള്ള മനുഷ്യാവകാശ കമ്മീഷന്‍ ജനുവരിയില്‍ വ്യക്തമാക്കിയത്. 2020ല്‍ 27 വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് സൗദി പിന്തുണയുള്ള കമ്മീഷന്‍ പറയുന്നു.

ജി20 രാഷ്ട്രങ്ങളുടെ അധ്യക്ഷത സൗദി ഇറ്റലിക്ക് കൈമാറിയ ശേഷം ഉടന്‍ തന്നെ വധശിക്ഷ വീണ്ടും ആരംഭിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷ്ണല്‍ വ്യക്തമാക്കി. 2020 ഡിസംബറില്‍ മാത്രം സൗദി 9 വധശിക്ഷയാണ് നടപ്പിലാക്കിയത്. കഴിഞ്ഞ നവംബറില്‍ ജി20ക്ക് സൗദി ആതിഥേയത്വം വഹിച്ചിരുന്ന സമയത്ത് അടിച്ചമര്‍ത്തുന്നതിലെ ഹ്രസ്വ വിരാമം പരിഷ്‌കരണെമെന്ന ധാരണയുടെ പി.ആര്‍ മാത്രമാണ് -ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക ഡെപ്യൂട്ടി ഡയറക്ടര്‍ ലയ്യിന്‍ മഅ്‌ലൂഫ് പറഞ്ഞു.

ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാനുള്ള ആവശ്യത്തോട് സര്‍ക്കാറിന്റെ മാധ്യമ ഓഫീസുകള്‍ അടിയന്തരമായി പ്രതികരിച്ചിട്ടില്ല.

Related Articles