Current Date

Search
Close this search box.
Search
Close this search box.

മൂന്നര വര്‍ഷത്തിനു ശേഷം മഞ്ഞുരുക്കം; മധ്യസ്ഥനായി കുവൈത്ത്, ആഹ്ലാദതിമിര്‍പ്പില്‍ ഖത്തര്‍- വീഡിയോ

ദോഹ: മൂന്നര വര്‍ഷത്തെ പ്രതിസന്ധിക്കും ആശങ്കക്കും വിരാമമിട്ട് ഖത്തറിനെതിരെയുള്ള സൗദിയുടെ ഉപരോധം അവസാനിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ആണ് തിങ്കളാഴ്ച രാത്രി വൈകി ആദ്യമായി ഇക്കാര്യം പ്രഖ്യാപിച്ചത്. പിന്നാലെ സൗദിയും ഖത്തറും റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ തിങ്കളാഴ്ച അര്‍ധരാത്രിയോടെ തന്നെ സൗദി-ഖത്തര്‍ കര അതിര്‍ത്തിയായ അബു അംറ തുറന്നു നല്‍കി. ഇരു രാജ്യങ്ങളും തങ്ങളുടെ അതിര്‍ത്തികളില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ നീക്കിയതായി അല്‍ജസീറ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര, വ്യോമ, നാവിക അതിര്‍ത്തികളും ഉടന്‍ തുറന്നുനല്‍കി പരസ്പരം സര്‍വീസുകള്‍ പുരാരംഭിക്കും.

കുവൈത്ത് അമീര്‍ ഖത്തര്‍ അമീറുമായും സൗദി കിരീടാവകാശിയുമായും ടെലിഫോണില്‍ ചര്‍ച്ച നടത്തിയതിനും പിന്നാലെയാണ് തീരുമാനമുണ്ടായത്. ജി.സി.സി ഉച്ചകോടിയില്‍ ഇക്കാര്യം പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിന് മുന്നോടിയായി തന്നെ പ്രഖ്യാപനം ഉണ്ടാവുകയായിരുന്നു. തീരുമാനം വന്നതിനു പിന്നാലെ ഖത്തറിലെ സ്വദേശികളും വിദേശികളും ആഹ്ലാദത്തിലാണ്. കോവിഡ് മൂലം ഇരട്ടി പ്രതിസന്ധിയിലായ ഗള്‍ഫ് പ്രതിസന്ധിയും ഇതോടെ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് സമൂഹം.

ഉപരോധം അവസാനിപ്പിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച സൗദിയിലെ അല്‍ഉലയില്‍ വെച്ച് ചേരുന്ന ജി.സി.സി ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നീണ്ട ഇടവേളക്ക് ശേഷം ഖത്തര്‍ അമീര്‍ ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. അതേസമയം, ഇരു രാഷ്ട്രങ്ങളും ഭിന്നാഭിപ്രായമുള്ള വിഷയങ്ങളില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരാനാണ് തീരുമാനം. എന്നാല്‍ സൗദി ഒഴികെയുളള മറ്റു രാജ്യങ്ങള്‍ ഉപരോധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചൊവ്വാഴ്ചത്തെ ഉച്ചകോടിയില്‍ ചര്‍ച്ചയായേക്കും.

2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ അയല്‍രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വ്യോമ, കര, നാവിക മേഖലകളില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തര്‍ ഭീകരവാദത്തെ പിന്തുണക്കുന്നു സാമ്പത്തിക പിന്തുണ നല്‍കുന്നു എന്നമടക്കമുള്ള വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. എന്നാല്‍ ആരോപണങ്ങളെല്ലാം ഖത്തര്‍ നിരന്തരം നിഷേധിച്ച് രംഗത്തെത്തിയിരുന്നു. മൂന്നര വര്‍ഷത്തിനിടെ കുവൈത്ത് അടക്കമുള്ള രാജ്യങ്ങള്‍ നിരന്തരം മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയിരുന്നു. യു.എസ്, യു.എന്‍, ഒമാന്‍ എന്നീ രാജ്യങ്ങളും മധ്യസ്ഥ ശ്രമങ്ങളുമായി മുന്നോട്ട് വന്നിരുന്നു. ഇതില്‍ ഖത്തര്‍ ഭരണാധികാരികള്‍ നടത്തിയ നിരന്തര ശ്രമങ്ങളാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. ഉപരോധവുമായി ബന്ധപ്പെട്ട് യു.എന്നിന്റെ കീഴിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് നിലനിന്നിരുന്നു. അടുത്തിടെ ഖത്തറിനനുകൂലമായി വിധിയും വന്നിരുന്നു.

UPDATING….

Related Articles