Current Date

Search
Close this search box.
Search
Close this search box.

മുഖ്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് സമസ്ത

കോഴിക്കോട്: വര്‍ഗ്ഗീയത പടര്‍ത്താന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ സമസ്ത രംഗത്ത്. സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ എഡിറ്റോറിയലിലൂടെയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചത്.

യു.ഡി.എഫിന്റെ തലപ്പത്ത് മുസ്‌ലിം ലീഗ് വരുന്നുവെന്നും അത് അപകടമാണെന്നുമുള്ള തരത്തിലാണ് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രസ്താവിച്ചത്. മുഖ്യമന്ത്രി വര്‍ഗ്ഗീയാഗ്നിക്ക് തിരികൊളുത്തരുതെന്നും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതില്‍ സംഘ്പരിവാര്‍ പരാജയപ്പെട്ടിടത്ത് സി.പി.എം അതിന്റെ ചുമതല ഏറ്റെടുക്കുകയാണെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, എ വിജയരാഘവന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ നിലവാരമല്ല സംസ്ഥാനത്തിന്റെ ഭരണത്തലവനില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നതെന്നും ഒരു മുഖ്യമന്ത്രി ഇത്രക്കം തരം താഴരുതെന്നും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.

കേരളം ഭരിക്കാന്‍ പോകുന്നത് ഹസനും കുഞ്ഞാലിക്കുട്ടിയും അമീറുമാണെന്ന കോടിയേരിയുടെ മാരകവാക്കുകള്‍ക്കൊപ്പം നില്‍ക്കുന്നതാണ് മുഖ്യമന്ത്രിയുടെ നാവില്‍ നിന്നും വന്നത്. ഈ പരാമര്‍ശങ്ങളുടെ കുന്തമുന എങ്ങോട്ടാണെന്ന് തിരിച്ചറിയാനുള്ള വിവേകം കേരളീയ സമൂഹത്തിനുണ്ട്. ലീഗിനെ മുന്‍നിര്‍ത്തി സമുദായത്തെ മൊത്തത്തില്‍ വിമര്‍ശിക്കുമ്പോള്‍ ലീഗുകാരല്ലാത്ത മുസ്‌ലിംകളുടെയും കൂടി നെഞ്ചിലാണത് പതിക്കുന്നതെന്ന് സി.പി.എം ഓര്‍ക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

സി.പി.എമ്മിനെപ്പോലെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയായ മുസ്‌ലിം ലീഗ് യു.ഡി.എഫ് തലപ്പത്ത് വന്നാല്‍ അതിലെന്താണ് കുഴപ്പം, അതെങ്ങനെയാണ് മഹാ അപരാധമായി മാറുന്നത്? സി.പി.എം രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന മനോഘടനയുടെ ദുസൂചനയായി മാത്രമേ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ കാണാനാവൂ എന്നും സുപ്രഭാതം പറയുന്നു. കേരളം വര്‍ഗീയാഗ്‌നിയില്‍ കത്തിച്ചാമ്പലാകുന്നതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ സി.പി.എം നേതാക്കളും മുഖ്യമന്ത്രിയും കൈയിലേന്തിയ വര്‍ഗീയ തീപ്പന്തം ദൂരെ എറിയുക തന്നെ വേണമെന്നും ദിക്കറിയാതെ നട്ടം തിരിയുന്ന ബി.ജെ.പിക്ക് മുഖ്യമന്ത്രി വെളിച്ചമാകരുതെന്നും സുപ്രഭാതം വിമര്‍ശിക്കുന്നു.

Related Articles